മുന്‍ ഗുജറാത്ത് ഗവര്‍ണര്‍ ആയിരുന്ന കമല ബെനിവാളിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന്‍ പുറത്താക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതികാര രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. എന്നാല്‍, നടപടി ഭരണഘടനാപരമാണെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു.
നേരത്തെ, ഒരു മാസം മുന്‍പ് ഗവര്‍ണര്‍മാരെ സ്ഥലം മാറ്റിയ കൂട്ടത്തില്‍ ബെനിവാളിനെ ഗുജറാത്തില്‍ നിന്ന്‍ മിസോറാമിലേക്ക് മാറ്റിയ കേന്ദ്രം കഴിഞ്ഞ ദിവസം അവരെ പുറത്താക്കുകയായിരുന്നു. കാലാവധി തീരാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ ആയിരുന്നു നടപടി. ഗുജറാത്ത് ഗവര്‍ണര്‍ ആയിരിക്കെ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയുമായി കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നു ബെനിവാള്‍.
ഭരണഘടനയനുസരിച്ചും ചട്ടങ്ങള്‍ പാലിച്ചുമാണ് സര്‍ക്കാറിന്റെ നടപടിയെന്ന്‍ പാര്‍ലിമെന്ററി കാര്യ മന്ത്രി എം. വെങ്കയ്യ നായിഡു പ്രതികരിച്ചു. ബെനിവാളിനെതിരെ ഗൗരവമേറിയ ആരോപണങ്ങള്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വദേശമായ രാജസ്ഥാനില്‍ നടന്ന ഒരു ഭൂമി ഇടപാടില്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ച് ബെനിവാള്‍ ഭൂമി കരസ്ഥമാക്കിയതായാണ് ആരോപണം.
എന്നാല്‍, ഗുജറാത്തില്‍ മോദി സര്‍ക്കാറുമായി ലോകായുക്ത നിയമനത്തില്‍ ബെനിവാള്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുകയും വിഷയം കോടതിയുടെ മുന്നിലെത്തുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. കോണ്‍ഗ്രസിന് പുറമേന്‍ എന്‍.സി.പി, എസ്.പി, ജെ.ഡി (യു) എന്നീ പാര്‍ട്ടികളും തീരുമാനത്തെ വിമര്‍ശിച്ചിട്ടുണ്ട്.