പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കാലത്ത് നേപ്പാളിലെ പ്രസിദ്ധമായ പശുപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഹിന്ദുമത വിശ്വാസികളുടെ പ്രമുഖ ആരാധനകേന്ദ്രമായ ഈ ശിവക്ഷേത്രത്തിലേക്ക് 2,500 കിലോഗ്രാം ചന്ദനം സമര്‍പ്പിച്ച മോദി ധര്‍മ്മശാല പണിയുന്നതിന് 25 കോടി രൂപയും അനുവദിച്ചു.
നേപ്പാള്‍ പ്രസിഡന്റ് രാം ബരന്‍ യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പാണ് മോദി ക്ഷേത്രദര്‍ശനം നടത്തിയത്. നേപ്പാള്‍ പാര്‍ലിമെന്റില്‍ ഞായറാഴ്ച മോദി നടത്തിയ പ്രസംഗത്തെ യാദവ് അഭിനന്ദിച്ചു. പ്രസംഗം തങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കിയതായി അദ്ദേഹം മോദിയോട് പറഞ്ഞു.
ഞായറാഴ്ചയാണ് ദ്വിദിന സന്ദര്‍ശനതിനായി മോദി നേപ്പാളില്‍ എത്തിയത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ 17 വര്‍ഷത്തിനു ശേഷമുള്ള ആദ്യ ഉഭയകക്ഷി നേപ്പാള്‍ സന്ദര്‍ശനമാണിത്.
നേപ്പാളില്‍ വൈദ്യുത നിലയങ്ങളും റോഡുകളും പണിയുന്നതിന് നൂറു കോടി ഡോളറിന്റെ ഉദാര വായ്പകള്‍ ഇന്നലെ നേപ്പാള്‍ പാര്‍ലിമെന്റില്‍ നടത്തിയ അഭിസംബോധനയില്‍ മോദി പ്രഖ്യാപിച്ചിരുന്നു.