യു.എന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബര്‍ 27-ന് അഭിസംബോധന ചെയ്യും. യു.എന്‍ പുറത്തുവിട്ട പൊതുസഭയുടെ 69-ാമത് സമ്മേളനത്തിന്റെ താല്‍ക്കാലിക കാര്യപരിപാടിയില്‍ സെപ്തംബര്‍ 27-ന് കാലത്താണ് ഇന്ത്യയുടെ ഭരണത്തലവന്റെ പ്രസംഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോദിയുടെ ആദ്യ യു.എന്‍ പ്രസംഗമായിരിക്കും ഇത്.
യു.എന്നിന്റെ 193 അംഗരാഷ്ട്രങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനം ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ ഒന്ന്‍ വരെയാണ് നടക്കുക. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും. സമ്മേളനത്തിനിടെ വാഷിംഗ്‌ടണ്‍ സന്ദര്‍ശിക്കുന്ന മോദി യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.
ദ്വിദിന സന്ദര്‍ശനത്തിനായി മോദി ഞായറാഴ്ച നേപ്പാളിലേക്ക് തിരിക്കും. പ്രധാനമന്ത്രി സ്ഥാനമേറ്റ ശേഷം മോദിയുടെ മൂന്നാമത്തെ വിദേശ സന്ദര്‍ശനമാണിത്. ഭൂട്ടാനിലേക്കായിരുന്നു മോദിയുടെ ആദ്യ സന്ദര്‍ശനം. കഴിഞ്ഞ മാസം ബ്രസീലില്‍ ബ്രിക്സ് ഉച്ചകോടിയിലും മോദി പങ്കെടുത്തിരുന്നു.