Skip to main content
NEW DELHI

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്താന്‍ ഇടപെടരുതെന്ന് വിദേശകാര്യ മന്ത്രാലയം. പാക്കിസ്താന്‍ ഐക്യരാഷ്ട്രസഭക്ക് അയച്ച കത്തിന് കടലാസിന്‍റെ വില പോലും ഇല്ലെന്നും വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ജമ്മു കശ്മീരിനെ സംബന്ധിച്ച് പാക്കിസ്താന്‍ നടത്തിയ പ്രസ്താവനകളെ വിമര്‍ശിച്ച വിദേശകാര്യ മന്ത്രാലയം, പാക്കിസ്താന്‍ മന്ത്രി ഷിരീന്‍ മസാരി ഐക്യരാഷ്ട്രസഭയില്‍ നല്‍കിയ കത്തിന് കടലാസിന്‍റെ വില പോലും ഇല്ലെന്നും പരിഹസിച്ചു. ജമ്മു കശ്മീരില്‍ ആരുടെയും ജീവന്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടായിട്ടില്ല. ഭീകരരെ കയറ്റി അയക്കാതെ സാധാരണ അയല്‍ രാജ്യമായി പാക്കിസ്താന്‍ പെരുമാറണമെന്നും രവീഷ് കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് ലഡാക്കില്‍ സന്ദര്‍ശനം നടത്തി. ലഡാക്കിലെ വികസനത്തിനായി ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കേണ്ടത് ആവശ്യമായിരുന്നുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക് അധീന കാശ്മീരും ഗില്‍ഗിത്തും പാക്കിസ്താന്‍ അനധികൃതമായാണ് കൈവശം വച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം കറാച്ചിയില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി പാക്കിസ്താന്‍ സൈനിക വക്താവ് അറിയിച്ചു. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഗസ്നവി എന്ന 290 കിലോമീറ്റര്‍ ദൂരപരിധിയുളള മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്.

ഗുജറാത്ത് തീരം വഴി ഭീകരാക്രമണം നടത്താന്‍ പാക്കിസ്താന്‍ ലക്ഷ്യമിടുന്നുവെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ തുറമുഖങ്ങളില്‍ കര്‍ശന ജാഗ്രത ഏര്‍പ്പെടുത്തി. ബി.എസ്.എഫ്, കോസ്റ്റ്ഗാര്‍ഡ്, വിവിധ സുരക്ഷ ഏജന്‍സികള്‍ എന്നിവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കുകയും തീരപ്രദേശങ്ങളിലെ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.