നിലവില്‍ ലഭിച്ച 1.76 ലക്ഷം കോടി രൂപക്ക് പുറമെ കരുതല്‍ ധനത്തില്‍ നിന്നും കൂടുതല്‍ പണം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റ ആവശ്യം തള്ളി. കരുതല്‍ ധന കൈമാറ്റത്തിനായി രൂപീകരിച്ച ബിമല്‍ ജലാന്‍ കമ്മിറ്റിയാണ് ആവശ്യം തള്ളിയത്. ആര്.ബി.ഐ നിലവില്‍ സുരക്ഷിതമാണെന്ന് സ്ഥാപിക്കാനാണ് ഇത്തരമൊരു നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്നാണ് വിലയിരുത്തലുകള്‍.
സാമ്പത്തികമായി തര്ന്ന രാജ്യത്തെ സമ്പദ്ഘടനക്കായി ഉത്തേജന പാക്കേജ് നടപ്പാക്കാന്‍ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി നല്‍കുമെന്ന് തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. മോദിസര്‍ക്കാര്‍ വരുത്തിവച്ച വിന മറികടക്കാന്‍ ആര്.ബി.ഐയെ കൊള്ളയടിക്കുന്നതാണ് നീക്കമെന്ന വിമര്‍ശനവുമായി തൊട്ട് പിന്നാലെ പ്രതിപക്ഷം എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയനീക്കം പുറത്ത് വന്നിരിക്കുന്നത്. നിലവില്‍ ലഭിച്ച തുകക്ക് പുറമെ കരുതല്‍ ധനത്തില്‍ നിന്നും 54,255 കോടി രൂപ കൂടി കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നു. തുക നല്‍കാനാകില്ലെന്ന് കരുതല്‍ ധന കൈമാറ്റത്തിനായി രൂപീകരിച്ച ബിമല്‍ ജലാന്‍ കമ്മിറ്റി മറുപടി നല്‍കിയിട്ടുണ്ട്. സമിതിയിലുള്ള സര്‍ക്കാര്‍ പ്രതിനിധിയായ ധനസെക്രട്ടറി രാജീവ് കുമാറാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്.
കരുതല്‍ ധനത്തിന്റെ സുരക്ഷിത നില 4.5 ശതമാനത്തിനും 5.5 ശതമാനത്തിനുമിടയില്‍ വേണമെന്നാണ് ആര്.ബി.ഐ നിലപാട്. എന്നാല്‍ 3 ശതമാനം വരെ താണാലും സുരക്ഷിതമാണെന്നും അതിനാല്‍ വീണ്ടും പണം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ലഭിക്കില്ലെന്നറിഞ്ഞിട്ടും കേന്ദ്രം നടത്തിയ നീക്കം ആര്.ബി.ഐ സുരക്ഷിതമാണെന്ന് സ്ഥാപിക്കാനും പ്രതിപക്ഷ ആരോപണങ്ങള്‍ മറികടക്കാനുമാണെന്നാണ് വിവരം.