വീണ്ടും ഒരു ഫാഷൻ കാലം വന്നെത്തി. വസ്ത്ര രൂപകല്പ്പന പുതിയ മാനങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. മയില്‍പ്പീലിയുടെ വര്‍ണ്ണരാജികളിൽ നിന്നും ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് മമത സിംഗ് ഒരുക്കിയെടുത്ത യുവതികള്‍ക്കുള്ള ഉടയാട ഏറെ ആളുകളെ ആകര്‍ഷിച്ചു. ജെയ്ത രോഹില വെറ്റിലയിൽ നിന്നുമാണ് തന്റെ വസ്ത്ര രൂപകല്‍പ്പനക്ക് ആവേശം കണ്ടെത്തിയത്.
ഈ അടുത്ത കാലത്ത് ഡൽഹിയിലെ ഒരു കൂട്ടം പെണ്‍കുട്ടികൾ ഏറെ പരിഷ്കൃത വേഷങ്ങളിൽ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയുണ്ടായി. ഡൽഹിയിൽ പെരുകി വരുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അവർ. "തന്റെ അഭിരുചിക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചു നടക്കുന്ന പെണ്‍കുട്ടികളെ എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്? അവരെ ജീവിക്കാൻ അനുവദിക്കൂ!" അതായിരുന്നു അവരുടെ ആവശ്യം.
കാലത്തിനൊത്ത് കോലം കെട്ടുവാൻ ആര്‍ക്കും മടിയൊന്നും ഇല്ല. പക്ഷെ പലപ്പോഴും ആളുകള് തങ്ങളുടെ ശരീരപ്രകൃതിക്ക് ചേര്‍ന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെടുന്നു. തടിച്ച ശരീരപ്രകൃതിയുള്ളവർ ഇറുകിയ വസ്ത്രങ്ങൾ അണിയുമ്പോൾ തീരെ ഭംഗി തോന്നില്ല. അതുപോലെ തന്നെ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവർ അയഞ്ഞ വസ്ത്രങ്ങൾ അണിയുമ്പോഴും.
ഈ വാരം കടുത്ത നിറങ്ങളുടെ കാലമാണ്. നീല, പിങ്ക്, വയലെറ്റ് നിറങ്ങള്‍ ആഘോഷിക്കപെടും. ആണ്‍കുട്ടികൾ ടി-ഷർട്ടുകള്‍ വാങ്ങിക്കൂട്ടും. കറുപ്പും അതിന്റെ ഷേഡുകളും അവരെ ആകര്‍ഷിക്കും. പിന്നെ, മഴക്കാലം വന്നാൽ ജീന്‍സിന്റെ ഉപയോഗം കുറയും. കാരണം മറ്റൊന്നുമല്ല, ഉണങ്ങിക്കിട്ടാൻ ഏറെ പ്രയാസം ആണല്ലോ!
ന്യൂഡല്‍ഹിക്കടുത്ത് ഗുഡ്ഗാവിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്പരെൽ മാനേജ്‌മെന്റില്‍ അസ്സോസിയെറ്റ് പ്രൊഫസർ ആണ് ഷാജൻ സി കുമാർ. ഫാഷന്‍ രംഗത്തെ ഭാവി പ്രവണതകള്‍ ഈ പംക്തിയില്‍ അദ്ദേഹം വിലയിരുത്തും.