നായികാ പ്രാധാന്യത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ കൃത്രിമമായി നിറച്ച സിനിമകളാണ് മഞ്ജുവിന്റെ ഏറെയും. 'ഉദാഹരണം സുജാത' പ്രേക്ഷകരുടെ ഈ മുന്‍വിധിയെ എന്തായാലും മാറ്റിയെഴുതും. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത സിനിമ നില് ബേട്ടേ സനാട്ട എന്ന ഹന്ദി ചിത്രത്തിന്റെ റീമേക്കാണ് ഉദാഹരണം സുജാത, അമ്മാ കണക്ക് എന്ന പേരില്‍ തമിഴിലും ഇതേ കഥ സിനിമയാക്കിയിട്ടുണ്ട്.
ചിത്രം കണ്ടുകഴിയുമ്പോള്‍ ഇത് ആദ്യം മലയാളത്തില്‍ വരേണ്ടിയിരുന്നതാണെന്ന് തോന്നിപ്പോകും. സുജാത കൃഷ്ണല്‍ എന്ന മഞ്ജു വാര്യരുടെ റോള്‍ നമ്മുടെ നാട്ടിലുള്ള ഒരുപാട് അമ്മമാരുടെ ഉദാഹരണമാണ് .മക്കള്‍ പഠിച്ച് ഉയര്‍ന്ന നിലയിലെത്താന്‍ കഷ്ടപ്പെടുന്ന അമ്മയും ലക്ഷ്യബോധമില്ലാത്ത മക്കളും നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണല്ലോ.
മകള്‍ക്കു വേണ്ടി വീടുകള്‍ തോറും കയറിയിറങ്ങി ജോലി ചെയ്യുന്ന വേലക്കാരിയാണ് സുജാത. ടി വി യും സിനിമയും തന്റെ ലേകമായി കരുതുന്ന മകളും ഡോക്ടറുടെ മകള്‍ ഡോക്ടറാവുന്ന പോലെ വേലക്കാരിയുടെ മകള്‍ വേലക്കാരായാകുമെന്ന് വിശ്വസിക്കുന്ന കുട്ടി. അവളിലേക്ക് ലക്ഷ്യബോധം കൊണ്ടുവരാന്‍ പെടാപ്പാട്പെടുകയാണ് സുജാതയും ചിത്രത്തിന്റെ ആദ്യ പകുതിയില്‍ ഹെഡ്മാസ്റ്ററായി അഭിനയിച്ച ജോജു ജോര്‍ജും. കുട്ടികളുടെ കുസൃതികളുമായി സന്തോഷത്തിന്റെയും ഹാസ്യത്തിന്റെയും വഴിയില്‍ സഞ്ചരിക്കുന്ന സിനിമയുടെ അവസാന മിനുട്ടുകള്‍ ഹൃദയ സ്പര്ശിയാണ്.
സുജാതയായി മഞ്ജു മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. ആതിരയായി അനശ്വരയുടെ പ്രകടനം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. നാളത്തെ മലയാള സിനിമയുടെ മുതല്‍കൂട്ടാണ് അനശ്വര എന്ന ഈ താരം. ജോര്‍ജ് പോള്‍ എന്ന തിരക്കഥ എഴുത്തുകാരനായി നെടുമുടി വേണുവും ഐ.എ.എസ് ഓഫീസറായി മംമ്താ മോഹന്‍ ദാസും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്.
തിരുവനന്തപുരം ചെങ്കല്‍ ചൂള കോളനിയിലാണ് കഥ നടക്കുന്നത്, എന്നിട്ടും സംഭാഷണം പൂര്‍ണ്ണമായും തിരുവനന്തപുരം ഭാഷയിലല്ലോ എന്ന സംശയം ആര്‍ക്കും തോന്നാം. എന്നാല്‍ എങ്ങനെയാണോ തിരുവന്തപുരം നഗരത്തില്‍ ഉള്ളവര്‍ സംസാരിക്കുന്നത് അതേ ശൈലിയിലുള്ള സംഭാഷമാണ് സിനിമയിലുടനീളം.
'ഈ ഡോക്ടറാവാന്‍ ഒരുപാട് പൈസ വേണോ' ? എന്ന സുജാതയുടെ ചോദ്യത്തിന് ജോര്‍ജ് നല്കുന്ന മറുപടി പണ്ട് വേണ്ടായിരുന്നു ഇന്ന് ഇതൊക്കെ ബിസിനസ്സ് അല്ലെ എന്നാണ് . അതുപോലെ തന്നെ ഒരു ട്യൂഷന് സെന്ററില്‍ മകളെ ചേര്‍ക്കാന്‍ ചെല്ലുമ്പോള്‍ നല്ല മര്ക്കുണ്ടെങ്കില് ഡിസ്കൗണ്ട് തരാം എന്ന് പറയുന്ന മാഷും സിനിമയിലുണ്ട്. ഇതേ സീനില്‍ 'പഠിക്കാന്‍ മോശമായ കുട്ടികള്ക്കെല്ലേ ട്യൂഷന് വേണ്ടത്' എന്ന സാധാരണക്കാരിയായ സുജാതയുടെ ചോദ്യം വളരെ ലാളിതമാണെങ്കിലും അത് തുറന്നിടുന്ന ഒരു സത്യമുണ്ട്.
നായികാ പ്രാധാന്യമുള്ള സിനിമ പൊതുവെ കേരള സമൂഹം ബോക്സ് ഓഫീസില്‍ കളക്ഷന്‍ നേടിക്കൊടുക്കാറുണ്ടെങ്കിലും 'ഉദാഹരണം സുജാത' കണ്ടവരുടെ ഹൃദയത്തിലുണ്ടാകും, 'ജീവിതമുള്ള നല്ല സിനിമക്ക് ഉദാഹരണമാണീ ചിത്രം'. ഗോപി സുന്ദര്‍ ഒരുക്കിയ ഗാനവും മധു നീലകണ്ഠന്റെ ക്യാമറയും ചിത്രത്തെ ജീവനുള്ളതാക്കി.