Skip to main content
ഗാന്ധി നഗര്‍

modi at pravasi bharatiya divas 2015രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രവാസി ഇന്ത്യാക്കാരുടെ കൂടുതല്‍ ആഴമേറിയ ഇടപെടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. പുതിയ കരുത്തോടെ ഉയര്‍ത്ത് എഴുന്നേല്‍ക്കുന്ന ഇന്ത്യയില്‍ പ്രവാസികളെ വളരെയധികം സാധ്യതകള്‍ കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞു. ലോകം മുഴുവന്‍ വലിയ പ്രതീക്ഷകളോടെ ഇന്ത്യയെ നോക്കുകയാണെന്നും കഴിവും ആത്മവിശ്വാസവുമാണ് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

പതിമൂന്നാമത് പ്രവാസി ഭാരതീയ ദിവസത്തില്‍ ഗുജറാത്തിലെ ഗാന്ധി നഗറില്‍ പ്രവാസി ഭാരതീയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ദക്ഷിണാഫ്രിക്കയില്‍ നിന്ന്‍ മഹാത്മാ ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ നൂറാം വാര്‍ഷികം കൂടിയായാണ്‌ ഇന്നലെ ആരംഭിച്ച ത്രിദിന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

 

200-ല്‍ അധികം രാജ്യങ്ങളിലായി വസിക്കുന്ന 2.5 കോടി വരുന്ന പ്രവാസി ഇന്ത്യാക്കാര്‍ രാജ്യത്തിന്റെ മൂലധനവും കരുത്തുമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇവരില്‍ ശ്രദ്ധ ചെലുത്തിയാല്‍ ആഗോള തലത്തില്‍ രാജ്യത്തിന് ഒരുപാട് ബഹുമാനം നേടാന്‍ കഴിയുമെന്ന് മോദി പറഞ്ഞു. പൌണ്ടിലും ഡോളറിലും മാത്രമല്ല സര്‍ക്കാറിന് താല്‍പ്പര്യമെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ മാറ്റിത്തീര്‍ക്കുന്നതിന് പ്രവാസികളുടെ സഹായം അഭ്യര്‍ഥിച്ചു.

 

ഗംഗാ ശുദ്ധീകരണ പദ്ധതിയില്‍ പങ്കെടുക്കാന്‍ പ്രവാസി ഇന്ത്യക്കാരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മതപരമായും പാരിസ്ഥിതികമായും മാത്രമല്ല, ഇന്ത്യയിലെ ജനസംഖ്യയിലെ 40 ശതമാനം വരുന്നവരുടെ സാമ്പത്തിക വികസനത്തിനും ഈ പദ്ധതി പ്രധാനമാണെന്ന് മോദി ചൂണ്ടിക്കാട്ടി.

 

ഗയാനയുടെ പ്രസിഡന്റ് ഡോണാള്‍ഡ്‌ ആര്‍, റാമോടാര്‍, ദക്ഷിണാഫ്രിക്കയുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി മേയ്തെ കോന-മഷബനെ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഐ.ടി-ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്, ഗുജറാത്ത്‌ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നാലായിരത്തില്‍ അധികം പ്രവാസി ഇന്ത്യക്കാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.