Skip to main content

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുതിയ ഇന്ത്യയ്ക്കായുള്ള അടിത്തറയാണെന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 35 വയസിന് താഴെയുള്ള 65 ശതമാനം ജനതയുടെയും സവിശേഷ ബോധമാര്‍ജിച്ച  സ്ത്രീകളുടെയും സ്വപ്നങ്ങളുടെയാണ് ഈ ഇന്ത്യ. ദരിദ്രര്‍ എന്തെങ്കിലും ലഭിക്കുന്നോ എന്നതിന് പകരം എന്തെങ്കിലും ചെയ്യാനുള്ള അവസരത്തിന് വേണ്ടി നോക്കുന്നതായിരിക്കും പുതിയ ഇന്ത്യയെന്നും മോദി പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  

 

ഈ പുതിയ ഇന്ത്യയ്ക്കായുള്ള തന്റെ ലക്ഷ്യം 2022 ആണെന്നും 2019 അല്ലെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് കണക്കുകൂട്ടല്‍ അടിസ്ഥാനപ്പെടുതിയല്ല താന്‍ നീങ്ങുന്നത്. 2022-ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷമാകുമെന്നും രാജ്യത്തെ മാറ്റുന്നതിലേക്ക് സംഭാവന ചെയ്യാന്‍ അഞ്ച് വര്‍ഷം സമയമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.   

 

ദരിദ്രരില്‍ ദരിദ്രരുടെ ശക്തിയും മധ്യവര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങളും ഒരുമിപ്പിച്ചാല്‍ രാജ്യത്തിന്‍റെ വളര്‍ച്ച പരമോന്നതിയില്‍ എത്തുന്നത് തടയാനാകില്ലെന്ന് മോദി അഭിപ്രായപ്പെട്ടു. നികുതി കൊടുക്കുന്നതിലൂടെയും മറ്റും മധ്യവര്‍ഗ്ഗം ചിലപ്പോള്‍ കുറച്ച് കൂടുതല്‍ ഭാരം സഹിക്കേണ്ടി വരും. എന്നാല്‍, രാജ്യത്തെ ദരിദ്രര്‍ ഈ ഭാരം വഹിക്കാന്‍ തക്ക ശക്തരാകുമ്പോള്‍ മധ്യവര്‍ഗ്ഗത്തിന് മേലുള്ള ഭാരം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.