തെരഞ്ഞെടുപ്പില്‍ വോട്ട് രസീത് സംവിധാനം നടപ്പാക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. 2014-ലെ തിരഞ്ഞെടുപ്പ് മുതല്‍ രസീത് സമ്പ്രദായം നടപ്പിലാക്കണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. അതേസമയം വോട്ട് രസീത് സംവിധാനം ഓരോ ഘട്ടങ്ങളായെ നടപ്പിലാക്കാനാവൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് വോട്ടര്‍ക്ക് രസീത് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. തിരഞ്ഞെടുപ്പിലുണ്ടാവുന്ന ക്രമക്കേടുകള്‍ ഒഴിവാക്കാനും വോട്ടുകളുടെ എണ്ണത്തിലുള്ള തര്‍ക്കം പരിഹരിക്കാനും ഇതിലൂടെ കഴിയുമെന്ന് സുപ്രീംകോടതി അറിയിച്ചു.
നേരത്തേ നാഗാലാന്‍ഡിലെയും ഡല്‍ഹിയിലെയും ചില മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കിയിരുന്നു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഒരു വോട്ടര്‍ക്ക് താന്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്ന കൃത്യമായ രസീതായിരിക്കും ഇനി മുതല്‍ ലഭിക്കുക. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ 1500 കോടി രൂപ ചെലവ് വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇതിനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നര്‍ദേശം നല്‍കി.