ഒഡിഷയിലെ കന്ധമാലില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെയും മറ്റു നാലു പേരെയും വധിച്ച കേസില്‍ മാവോവാദി നേതാവടക്കം എട്ട് പേര്‍ക്ക് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചു.
2008-ലെ സ്വാമിയുടെ കൊലപാതകമാണ് 28 പേരുടെ മരണത്തിന് ഇടയാക്കിയ കന്ധമാല്‍ കലാപത്തിന് കാരണമായത്. കന്ധമാല്‍ ജില്ലാ സ്‌പെഷ്യല്‍ അഡിഷണല്‍ കോടതി ജഡ്ജി രാജേന്ദ്രകുമാര്‍ തോസെ പ്രതികള്‍ക്ക് പതിനായിരം രൂപ വീതം പിഴയിട്ടിട്ടുമുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഇവര്‍ പതിനെട്ട് മാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരുമെന്ന് ശിക്ഷാവിധിയില്‍ വ്യക്തമാക്കി. മാവോവാദി നേതാവ് പുലരി റാമറാവു, ഗദാനന്ദ് ചലന്‍സേഥ്, ബിജയകുമാര്‍ ശ്യാംസേഥ്, ബുദ്ധ നായിക്, സനാതന്‍ ബദമജി, ദുര്യാധന്‍ സുനമാജി, ഭാസ്‌കര്‍ സുനമാജി, മുണ്ട ബദമാജി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2008 ആഗസ്റ്റ് 23ന് ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കിടെയായിരുന്നു ആശ്രമത്തില്‍ കയറി സ്വാമിയെയും കൂട്ടാളികളെയും കൊലപ്പെടുത്തിയത്. മൊത്തം പതിനാല് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ മാവോവാദി നേതാക്കളായ സബ്യസാചി പാണ്ട, ദാസന ലാലു, ലഖു, ആസാദ് എന്ന നാലു പേര്‍ ഇപ്പോഴും ഒളിവിലാണ്. സോമനാഥ് ദണ്ഡസേനയെ തെളിവില്ളെന്ന കാരണത്താല്‍ കോടതി കുറ്റമുക്തനാക്കി