Skip to main content

Mahendra Karma

റായ്പൂര്‍: ഛത്തിസ്‌ഗഡില്‍ മാവോവാദികള്‍ തട്ടികൊണ്ടുപോയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നന്ദ കുമാര്‍ പട്ടേലിന്റെയും മകന്‍ ദിനേശിന്റേയും മൃതദേഹങ്ങള്‍ ഞായറാഴ്ച കണ്ടെടുത്തു. ഇതോടെ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ ശനിയാഴ്ച കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി.

 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാവോവാദികളെ എതിര്‍ക്കാന്‍ രൂപീകരിച്ച സ്വകാര്യ സേന സല്‍വാ ജുദൂമിന്റെ സ്ഥാപകനുമായ മഹേന്ദ്ര കര്‍മയും കൊല്ലപ്പെട്ടവരില്‍ പെടും. വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിദ്യാചരണ്‍ ശുക്ലയെ ന്യൂഡല്‍ഹിക്കടുത്ത് ഗുഡ്ഗാവിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു.

 

മാവോവാദി കേന്ദ്രമായ ഛത്തിസ്‌ഗഡിലെ ബസ്തര്‍ ജില്ലയിലെ വനപ്രദേശത്തു വെച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആക്രമണം നടന്നത്. 32 പേര്‍ക്ക് പരിക്കേറ്റു. പട്ടേലിന്റേയും മകന്റേയും മറ്റ് എട്ടു പേരുടേയും മൃതദേഹം ബസ്തറിലെ തന്നെ ജിറം താഴ്വരയില്‍ നിന്നാണ് കണ്ടെത്തിയത്.

 

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഞായാറാഴ്ച പുലര്‍ച്ചെ രായ്പുറിലെത്തി. ആക്രമണം ജനാധിപത്യത്തിനെതിരെയാണെന്നും കോണ്‍ഗ്രസ് ഇതില്‍ ഭയക്കില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.