ചീറിപ്പായുന്ന ബസ്സുകൾ. ഇടതടവില്ലാതെ ഓടുന്ന ഓട്ടോറിക്ഷകൾ. പ്രഭാതം മുതൽ പ്രദോഷം വരെ ഇടമുറിയാത്ത ജനപ്രവാഹം. ഇതാണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്ന ബാംഗ്ലൂർ നഗരം. എന്നാൽ നഗരത്തിന്റെ തിക്കോ തിരക്കോ ശബ്ദകോലാഹലങ്ങളോ ഇല്ലാതെ, എന്നാല്‍, നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെ സ്ഥിതിചെയ്യുന്ന ബസവൻഗുഡിയിലെ നന്ദീക്ഷേത്രം. ചെറുതും വലുതുമായ പാറക്കെട്ടുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ നന്ദീക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ക്ഷേത്രത്തിന്റെ ഉത്പത്തിയെപ്പറ്റി ഒരു ഐതിഹ്യമുണ്ട്. ഈ പ്രദേശം സങ്കനഹള്ളി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിനു ചുറ്റും ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളായിരുന്നു. നിലക്കടലയായിരുന്നു ഇവിടെ പ്രധാന കൃഷി. എന്നാൽ വിളവെടുപ്പിന് മുമ്പ് എങ്ങുനിന്നോ എത്തുന്ന ഒരു ഭീമാകാരനായ കാള വിളവുകൾ നശിപ്പിക്കുമായിരുന്നത്രേ. സംഘങ്ങളായി എത്തിയ കർഷകർ കാളയെ വിരട്ടിയോടിക്കുന്നതിനിടയിൽ കാള നിശ്ചലമാകുകയും അതൊരു നന്ദീരൂപമായി മാറുകയും ചെയ്തു. തുടർന്ന് നന്ദീശില വളരുകയും പരിഭ്രാന്തരായ കർഷകർ ഭഗവാൻ ശിവനോട് തങ്ങളുടെ രക്ഷയ്ക്കായി പ്രാർഥിക്കുകയും ചെയ്തതായി പറയപ്പെടുന്നു. തുടർന്ന് ശിവന്റെ തൃശ്ശൂലം നെറ്റിയിൽ തറച്ച് നന്ദിയുടെ വളർച്ചയെ തടഞ്ഞതായും വിശ്വസിക്കപ്പെട്ടു. തുടർന്ന് നന്ദിയെ പ്രീതിപ്പെടുത്തുവാനായി കർഷകർ ഒരു ക്ഷേത്രം പണികഴിപ്പിച്ചു.
ബസവ എന്നാൽ കാള എന്നും ഗുഡി എന്നാൽ ഗ്രാമമെന്നുമാണ് കന്നടയിൽ അർഥം. അങ്ങനെ സങ്കനഹള്ളി എന്ന ഗ്രാമം ബസവൻഗുഡിയായി മാറി.
എന്നാൽ ഈ നന്ദീശില 'സ്വയംഭൂ' ആണെന്നും ബാംഗ്ലൂരിന്റെ ഭരണാധികാരിയായിരുന്നു കെമ്പഗൗഢയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നും ക്ഷേത്രത്തിന്റെ മുഖ്യ പൂജാരി സുനിൽ കുമാർ പറയുന്നു. ഇവിടുത്തെ നന്ദീ വിഗ്രഹത്തിന് നാലര അടി ഉയരവും ആറര അടി നീളവുമാണ് ഉള്ളത്. ക്ഷേത്രത്തിന്റെ മുന്നിലായി 50 അടിയോളം ഉയരത്തിൽ കരിങ്കല്ലിൽ കൊത്തുപണികളോടെ നിർമിച്ച കൊടിമരത്തിന്റെ രൂപത്തിലുള്ള സ്തൂപവും ഉണ്ട്. നന്ദീക്ഷേത്രത്തിന്റെ പ്രധാന പ്രവേശനകവാടം ആരംഭിക്കുന്നത് കരിങ്കല്ലിൽ നിർമിച്ച കാളക്കൊമ്പിന്റെ ഇടയിലൂടെയാണ്.
എല്ലാവർഷവും കാർത്തിക മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച നടക്കുന്ന കടലയ്ക്ക പരിഷെയിൽ നന്ദിക്കായി കർഷകർ നിലക്കടല എത്തിച്ചുകൊടുക്കുന്നു. പ്രഭാതത്തിൽ നന്ദിക്ക് കടലയ്ക്ക അഭിഷേകം (നിലക്കടല അഭിഷേകം) ചെയ്യുന്നതോടെ കടലയ്ക്ക പരിഷെയ്ക്ക് ആരംഭം കുറിയ്ക്കുകയായി. തുടർന്ന് പഞ്ചാമൃതവും പ്രധാന പൂജയായ മംഗളാരതിയും നടക്കും. ഇതേദിവസം തന്നെ ക്ഷേത്രത്തിനോട് ചേർന്നുകിടക്കുന്ന ദൊഡ്ഡ ഗണേഷ - വലിയ ഗണപതി - ക്ഷേത്രത്തിൽ പ്രത്യേക അഭിഷേകവും നടക്കുന്നുണ്ട്. നന്ദിക്ഷേത്രത്തോട് ചേർന്നുകിടക്കുന്ന ശിവക്ഷേത്രത്തിൽ ദീപാലങ്കാരങ്ങളുമുണ്ട്.
കടലയ്ക്ക പരിഷെയുടെ പ്രധാന ആകർഷണമായ നിലക്കടലയുടെ വിവിധ തരങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നും ലഭിക്കും. ക്ഷേത്രത്തിലേക്കുള്ള പാതയിൽ റോഡിന്റെ ഇരുവശങ്ങളിലുമായി വില്പനയ്ക്കായി വെച്ചിരിക്കുന്ന കടലകൂമ്പാരങ്ങൾ കൗതുകകരമായ ഒരു കാഴ്ചയാണ്. വിളവെടുപ്പ് ഉത്സവമായ കടലയ്ക്ക പരിഷെയിൽ പങ്കെടുക്കാൻ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനാളുകൾ എത്തിച്ചേരാറുണ്ട്. കൃഷിയിടങ്ങള്‍ മനുഷ്യന്റേതാണെങ്കിലും അതില്‍ മുളയെടുക്കുന്ന വിഭവങ്ങളില്‍ മേല്‍ ഭൂമിയുടെ എല്ലാ അവകാശികള്‍ക്കും ഓഹരിയുണ്ടെന്ന് തന്നെയല്ലേ ഈ ഉത്സവം നമ്മോട് പറയുന്നത്?