ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്‌ന; ജയിലില്‍വെച്ച് റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ഡി.ഐ.ജി

Glint desk
Thu, 19-11-2020 12:03:37 PM ;

മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദ സന്ദേശം തന്റേതുതന്നെയെന്ന് സമ്മതിച്ച് സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്നാ സുരേഷ്. ശബ്ദം എപ്പോഴാണ് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍ക്കുന്നില്ലെന്നും സ്വപ്നാ സുരേഷ് പറഞ്ഞു. ശബ്ദസന്ദേശം ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ചുമതലയുള്ള ദക്ഷിണമേഖല ഡി.ഐ.ജി അജയ്കുമാറിനോടാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. സ്വപ്ന സുരേഷിനെ പാര്‍പ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് ജയില്‍ ഡി.ഐ.ജി. മാധ്യമങ്ങളോട് പ്രതികരിച്ചത്.

ശബ്ദസന്ദേശം ജയിലില്‍വെച്ച് റെക്കോര്‍ഡ് ചെയ്തതല്ലെന്നും ജയിലിനു പുറത്ത് സംഭവിച്ചതാണെന്നും ഡി.ഐ.ജി.  പറഞ്ഞു. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും ഡിഐജി അറിയിച്ചു. ഡി.ഐ.ജി അജയ്കുമാറിന് അന്വേഷണ ചുമതല നല്‍കി ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗാണ് ഉത്തരവിട്ടത്.

സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തില്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചതായി ശബ്ദസന്ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തില്‍ പറയുന്നു. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിഡ് റെക്കോര്‍ഡാണ് പുറത്തുവന്നത്.

ഇ.ഡിയും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ശബ്ദസന്ദേശം പുറത്തുവന്നത് ഇ.ഡി. സംശയത്തോടെയാണ് കാണുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കുകയാണ്.

Tags: