ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തിന്റെ ജുഡിഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ മൂന്ന് വരെ നീട്ടി. ഡല്‍ഹി സി.ബി.ഐ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഇതോടെ, 14 ദിവസത്തേക്ക് കൂടി ചിദംബരം തിഹാര്‍ ജയിലില്‍ തുടരേണ്ടിവരും.
ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ വിടണമെന്നും ഉള്ള സി.ബി.ഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചിനാണ് ചിദംബരത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി ഈ മാസം 23ന് പരിഗണിക്കാന്‍ ദില്ലി ഹൈക്കോടതി മാറ്റിവെച്ചിരിക്കുകയാണ്.
ഐ.എന്‍.എക്‌സ് മീഡിയ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ ഇതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റ് ചിദംബരത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ തയ്യാറായിട്ടില്ല. തിഹാര്‍ ജയിലിലേക്ക് അയക്കാതെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിടണമെന്ന ചിദംബരത്തിന്റെ ആവശ്യവും സിബിഐ കോടതി തള്ളിയിരുന്നു. ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.