ഇന്ത്യയിലെ കൊറോണവൈറസിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നതെന്ന് പ്രധാനമന്ത്രി. കൊറോണയ്ക്ക് എതിരായ പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒറ്റക്കെട്ടായാണ് മുന്നോട്ട് നീങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ റമദാന്‍ കാലം തീരും മുമ്പ് ലോകം കൊറോണയില്‍ നിന്നും മുക്തി നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി പറഞ്ഞു. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി ഇക്കാര്യം പരാമര്‍ശിച്ചത്.
ഓരോരുത്തരും തങ്ങളുടെ കഴിവിനൊത്ത് ഈ പോരാട്ടത്തില്‍ പങ്കുചേരുന്നു. ഈ മഹാമാരിയുടെ കാലത്തും രാജ്യത്ത് ഒരാള്‍ പോലും പട്ടിണി കിടക്കാതിരിക്കാനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയിട്ടുള്ള സന്നദ്ധപ്രവര്‍ത്തകര്‍, സംഘടനകള്‍, പ്രാദേശികഭരണ സംവിധാനങ്ങള്‍ എന്നിവരെ ഏകോപിപ്പിക്കാന്‍ കൊവിഡ് വാരിയേഴ്‌സ് എന്ന പേരില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഇപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, എന്‍.സി.സി കേഡറ്റുമാര്‍ എന്നിങ്ങനെ 1.25 കോടി ജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ നിങ്ങള്‍ക്കും കൊവിഡ് വാരിയറാകാം.
കൊറോണയെ തുടര്‍ന്ന് മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമായി. രോഗങ്ങളില്‍ നിന്ന് നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്.
പൊതു സ്ഥലത്ത് തുപ്പുന്നത് നിര്‍ബന്ധമായും അവസാനിപ്പിക്കണം. കൊറോണയ്ക്ക് എതിരായ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെയെല്ലാം അഭിനന്ദിക്കുന്നു.
കൊറോണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് തടയാനുള്ള ഓര്‍ഡിനന്‍സ് ഇറക്കിയിട്ടുണ്ട്. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സംതൃപ്തി അറിയിച്ചിട്ടുണ്ട്.
കൊറോണ വ്യാപനം രാജ്യത്തെ പൊതു സമൂഹത്തില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു. മറ്റുള്ളവരുടെ സേവനം എത്ര വലുതാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നു. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വലിയ മാറ്റമാണ് വന്നത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ പല രാജ്യങ്ങള്‍ക്കും അവശ്യ മരുന്നുകള്‍ നല്‍കി സഹായിച്ചു.
രാജ്യത്ത് പോലീസ് സേന നടത്തുന്ന സേവനത്തില്‍ ജനങ്ങള്‍ക്ക് വലിയ മതിപ്പാണുള്ളത്.
കൊറോണയ്‌ക്കെതിരായ ജാഗ്രത എല്ലാവരും തുടരണം. കൊറോണ ബാധിക്കില്ലെന്ന് ആരും കരുതരുത്.