അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങാനായി ട്രംപും ഭാര്യ മെലേനിയ ട്രംപും രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന്റെ ഭാര്യ സവിത കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചേര്‍ന്ന് ഇരുവരേയും സ്വീകരിച്ചു. അശ്വാരൂഡ സേനയുടെ അകമ്പടിയോടെയാണ് ട്രംപ് രാഷ്ട്രപതി ഭവനിലേക്കെത്തിയത്. ഇന്ത്യ-അമേരിക്ക ആഗോള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളില്‍ ഇന്ന് നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിന് ശേഷം രാജ്ഘട്ടിലെ മഹാത്മാ ഗാന്ധി സമാധിയിലെത്തി ട്രംപ് രാഷ്ട്രപിതാവിന് പുഷ്പാര്‍ച്ചന നടത്തും.
രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ട്രംപ് മോദിയുമായുള്ള ചര്‍ച്ചയ്ക്കായി ഹൈദരാബാദ് ഹൗസിലെത്തും. 12.40ന് ഇരുരാജ്യങ്ങളും 5 കരാറുകളില്‍ ഒപ്പ് വയ്ക്കും. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുക്കും. 300 കോടി ഡോളറിന്റെ (22,000 കോടി രൂപയോളം) കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പ് വയ്ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ അഹമ്മദാബാദില്‍ നടന്ന നമസ്തേ ട്രംപ് പരിപാടിയില്‍ പറഞ്ഞിരുന്നു.
വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ശേഷം രാഷ്ട്രപതി ഭവനില്‍ ട്രംപിന് അത്താഴ വിരുന്ന് നല്‍കും. ഇതില്‍ നിന്നും സോണിയാ ഗാന്ധിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് അത്താഴ വിരുന്ന് കോണ്‍ഗ്രസ്സ് ബഹിഷ്ക്കരിക്കും. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കും. രാത്രി പത്ത് മണിയോടെ 36 മണിക്കൂര്‍ നീണ്ട ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപും ഭാര്യ മെലേനിയ ട്രംപും അമേരിക്കയിലേക്ക് മടങ്ങും.