ലേഡീസ് കമ്പാർട്ട്‌മെന്റിലകപ്പെട്ടുപോയ പുരുഷൻ

Glint Staff
Mon, 29-08-2016 12:15:57 PM ;

 

മുഖ്യധാരാ മാദ്ധ്യമങ്ങളും ആക്ടിവിസ്റ്റുകളും സംയുക്തമായി സൃഷ്ടിക്കുന്ന പൊതു മാനസികാവസ്ഥ കേരളത്തിൽ അപകടകരമായി മാറുന്നു. നായ്ക്കളെ കണ്ടാൽ അവ തങ്ങളെ ആക്രമിക്കുമെന്ന് ഭയന്ന് പൊതുസ്ഥലങ്ങളിൽ ആളുകള്‍, വിശേഷിച്ചും സ്ത്രീകൾ, പേടിച്ച് മാറുന്നതും ഓടുന്നതും പതിവായി. അതുപോലെ, അപരിചിതരായ പുരുഷന്മാരെല്ലാം തങ്ങളെ മാനഭംഗപ്പെടുത്താനോ ആക്രമിക്കാനോ ശ്രമിക്കുമെന്നുള്ള മാനസികാവസ്ഥയിലേക്കും ക്രമേണ സ്ത്രീകൾ നീങ്ങുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങുകയാണ്. 2016 ആഗസ്ത് 28ന് വൈകീട്ടുള്ള കായംകുളം-എറണാകുളം പാസഞ്ചർ തീവണ്ടി. രാത്രി 7.50ന് വൈക്കം റോഡിലെത്തി. അത്തരം സ്‌റ്റേഷനുകളിൽ ഒരു മിനിട്ടാണ് നിർത്തുന്നത്. അവിടെ നിന്ന് ഭാര്യയും ഭർത്താവും കൈക്കുഞ്ഞുമടങ്ങുന്ന കുടുംബം തീവണ്ടിയില്‍ കയറി. അപ്പോഴാണറിയുന്നത് തങ്ങൾ കയറിയത് ലേഡീസ് കമ്പാർട്ട്‌മെന്റിലാണെന്ന്. ലേഡീസ് കമ്പാർട്ട്‌മെന്റ് നിറയെ സ്ത്രീകളുണ്ട്. അവർ കയറിയ ഉടൻ തന്നെ ട്രെയിൻ വിടുകയും ചെയ്തു.

 

പാസഞ്ചര്‍ തീവണ്ടികളില്‍ ഒരു കമ്പാർട്ട്‌മെന്റിൽ നിന്ന് മറ്റ് കമ്പാർട്ട്‌മെന്റിലേക്ക് നേരിട്ടു പ്രവേശനമില്ലാതിനാൽ അവർക്ക് ആ കമ്പാർട്ട്‌മെന്റിൽ നിൽക്കേണ്ടി വന്നു. കൂടെ ഭാര്യയും കുഞ്ഞുമുണ്ടെങ്കിലും യാത്രക്കാരായ മറ്റു സ്ത്രീകൾ ഈ പുരുഷനെ ഭർത്സിച്ചു തുടങ്ങി. ഒപ്പം ഭീഷണിയും മുഴക്കി. മറ്റ് ചിലർ ഇയാൾ ചെയ്തിരിക്കുന്ന കുറ്റത്തിന്റെയും കേസ്സായാൽ ലഭിക്കുന്ന ശിക്ഷയേയും പറ്റി ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യ കൂടെയുണ്ടായിട്ടും അവരെ മറ്റുള്ളവർ പരിഗണിച്ചില്ല. എന്ത് തന്നെയായാലും ലേഡീസ് കമ്പാർട്ട്‌മെന്റിൽ പുരുഷൻ കയറിയാൽ അതു ഗോവിന്ദച്ചാമി ആവില്ലെന്ന് എന്താണ് ഉറപ്പെന്നായി യാത്രക്കാർ. ഇതിനിടയിൽ ചില സ്ത്രീകൾ മുന്നോട്ടു വന്ന് വിരട്ടുകയും ഫോണെടുത്ത് പോലീസിനെ വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോഴേക്കും തീവണ്ടി അടുത്ത സ്‌റ്റേഷനിലെത്തി. അവിടെ ഈ പുരുഷൻ തന്റെ കുഞ്ഞിനെയുമെടുത്തുകൊണ്ട് ഇറങ്ങി. പിന്നാലെ ലഗ്ഗേജുമായി ഭാര്യയും. അവിടെ നിന്നും ഓടി അടുത്ത കമ്പാർട്ട്‌മെന്റിന്റെ നേർക്കു നോക്കിയപ്പോൾ അദ്ദേഹത്തിനു സംശയം അതും ലേഡീസ് കമ്പാർട്ട്‌മെന്റാണോ എന്ന്. അവിടെ നിന്ന് വീണ്ടും മുന്നോട്ടോടി. പെട്ടന്ന് ഭാര്യയെ കയറ്റി. കുഞ്ഞിനെ ഭാര്യയുടെ കൈയ്യിൽ കൊടുക്കുന്നതിന് മുൻപ്  തീവണ്ടി നീങ്ങിത്തുടങ്ങി. പ്‌ളാറ്റ്‌ഫോമിലിരുന്ന ലഗ്ഗേജ് അദ്ദേഹം കമ്പാര്‍ട്ട്മെന്റിലേക്ക് വച്ചു. അപ്പോഴേക്കും വണ്ടിയുടെ വേഗം കൂടി. കമ്പാര്‍ട്ട്മെന്റിനകത്തു നിന്നവരെല്ലാം അദ്ദേഹത്തിനോട് കയറരുതെന്ന് ആർത്തു വിളിച്ചു പറഞ്ഞു. എങ്കിലും അദ്ദേഹം കയറി. പക്ഷേ പിടിവിട്ട് അദ്ദേഹം താഴേക്കു പോയി. ആ വീഴ്ചയിൽ വാതിൽക്കൽ നിന്നവരുടെ കൈയ്യിൽ അദ്ദേഹത്തിന്‍റെ കൈ പെട്ടു. അവർ ഞൊടിയിടയിൽ അദ്ദേഹത്തെ വലിച്ച് തീവണ്ടിയ്ക്കുള്ളിലേക്ക് ഇട്ടു. നിസ്സാരമായ പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു.

 

ആ കമ്പാർട്ട്‌മെന്റിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവര്‍ ലേഡീസ് കമ്പാർട്ട്‌മെന്റിലുണ്ടായിരുന്ന സ്ത്രീകളെ ആക്ഷേപിക്കുന്ന വിധം സംസാരിച്ചു. ഗോവിന്ദച്ചാമിമാർ ആക്രമിക്കുമ്പോൾ ആരും തിരിഞ്ഞുനോക്കാതെ വരുന്നതും സ്ത്രീകൾ ഇവ്വിധമാകുന്നതു കൊണ്ടാണെന്നു വരെ ചില സ്ത്രീകൾ അഭിപ്രായപ്പെട്ടു. എന്തിനാണ് അവർ ഇറങ്ങിയതെന്നു ചോദിച്ച് ചില പുരുഷൻമാർ ആ രംഗങ്ങൾ കാണേണ്ടി വന്നതിനെ തുടർന്നുണ്ടായു ഭീതിയും ആശങ്കയും തീർത്തു. ഏറിവന്നാൽ ഫൈനടിക്കുകയല്ലേ ഉണ്ടാകുമായിരുന്നുള്ളു എന്നും അവർ ചോദിച്ചു. അപ്പോഴേക്കും ജീവിതത്തിലേക്കു തിരിച്ചു വന്ന അയാൾ യാഥാർഥ്യത്തിലേക്കു തിരിച്ചു വന്നു.

 

എന്തിനാണ് നിങ്ങൾ ഇറങ്ങാൻ പോയത്, കൂടെ ഭാര്യയും ഉണ്ടായിരുന്നില്ലേ എന്നുള്ള ആവർത്തിച്ചുള്ള ചോദ്യം കേട്ടപ്പോൾ അദ്ദേഹം മെല്ലെ സംസാരിച്ചു തുടങ്ങി. 'അവരുടെ ആക്രോശങ്ങളും ഭീഷണിയും അത്രയ്ക്കായിരുന്നു. മാത്രമല്ല പോലീസിനെ വിളിക്കാൻ ശ്രമിച്ചു. ചിലർ ഫോൺ ഡയൽ ചെയ്യുന്നതും കാണാമായിരുന്നു. പോലീസ് വരുമെന്നറിഞ്ഞാൽ അവർ പിന്നീട് ചാനലുകാരെയും വിളിക്കും. പോലീസ് വന്ന് അറസ്റ്റ് ചെയ്യുമ്പോൾ ചാനലുകാരും വന്ന് ദൃശ്യങ്ങളെടുത്ത് ചാനലുകളിലും പിറ്റേന്നത്തെ പത്രത്തിലും വന്നാൽ പിന്നെ എനിക്കും എന്റെ കുടുംബത്തിനും ജീവിക്കാൻ പറ്റുമോ' ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതു കേട്ടതോടെ ചോദ്യങ്ങൾ അവസാനിച്ചു.

 

എന്തിനാണിറങ്ങിയതെന്ന്‍ ചോദിക്കുകയും ലേഡീസ് കമ്പാർട്ട്‌മെന്റിലെ സ്ത്രീകളെ ഇകഴ്ത്തിപ്പറയുകയും ചെയ്ത ആ കമ്പാർട്ട്‌മെന്റിലെ സ്ത്രീകളും ലേഡീസ് കമ്പാർട്ട്‌മെന്റിലായിരുന്നെങ്കിൽ ഒരുപക്ഷേ അവ്വിധം തന്നെ പെരുമാറുമായിരുന്നു. ഇതാണ് പൊതു മനോനില സൃഷ്ടിക്കുന്ന അപകടം. അത് അബോധാവസ്ഥയിൽ സംഭവിക്കുന്നതാണ്. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് പരസ്പര വിശ്വാസമില്ലായ്മ, പേടി, ആക്രമിക്കപ്പെടുമെന്ന തോന്നൽ, സംരക്ഷണമെന്നു വെച്ചാൽ ആക്രമണമാണെന്ന ധാരണ തുടങ്ങിയവയാണ്. ഇതെല്ലാം വ്യക്തിയിൽ കുടിയേറുന്ന സാമൂഹ്യ മാനസികാവസ്ഥയാണ്. ഇവിടെയാണ് മാദ്ധ്യമങ്ങളും പൊതുപ്രവർത്തകരും സാമൂഹ്യ വിഷയങ്ങളിൽ ഏർപ്പെടുമ്പോഴും വാക്കുകൾ ഉപയോഗിക്കുമ്പോഴും അതീവ ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകത. എന്തായാലും കേരളം ഒരു പാരനോയഡ് (ആക്രമിക്കപ്പെടുമോ എന്ന പേടി) സമൂഹമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമായിക്കഴിഞ്ഞിരിക്കുന്നു. അനുദിനം അവ വർധിക്കുന്നതിനുള്ള സാമൂഹിക ഘടകങ്ങളും സജീവം.


അഭിപ്രായങ്ങള്‍ എഴുതാം: [email protected]

Tags: