താമരശ്ശേരി മെത്രാനെതിരെ ഐ.പി.സി അനുസരിച്ച് കേസെടുക്കേണ്ടതാണ്

Thu, 21-11-2013 04:17:00 PM ;

Mar Remegiose Inchananiyilജൈവികമായ നിലനില്‍പ്പിന് ഭീഷണി നേരിടുന്ന പശ്ചിമഘട്ട മലനിരകളുടെ  സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച കോഴിക്കോട് പ്രതിഷേധ ഉപവാസ സമരത്തെ അഭിസംബോധന ചെയ്ത് താമരശ്ശേരി മെത്രാന്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ നടത്തിയ പ്രസ്താവനകള്‍ പരിഷ്കൃത ജനാധിപത്യ സമൂഹത്തില്‍ തന്നെയാണോ നാം ജീവിക്കുന്നത് എന്ന സംശയം ഉണര്‍ത്തുന്നവയാണ്. കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും ജാലിയന്‍വാലാ ബാഗ് ആവര്‍ത്തിക്കുമെന്നുമാണ് കത്തോലിക്കാ വിശ്വാസികളുടെ മത-ആത്മീയ നേതാവായ മെത്രാന്‍ പ്രസ്താവിച്ചത്. പ്രതിഷേധത്തിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം (ഐ.പി.സി) അനുസരിച്ച് മൂന്ന്‍ വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മെത്രാന്‍ ചെയ്തിരിക്കുന്നത്.

 

ജനങ്ങള്‍ക്കിടയില്‍ ഭയവും ഭീതിയും ഉണ്ടാക്കുന്നതോ ഉണ്ടാക്കാന്‍ ഇടയുള്ളതോ ആയ പ്രസ്താവനകളും അല്ലെങ്കില്‍ രാഷ്ട്രത്തിനെതിരെയോ ക്രമസമാധാനത്തിനെതിരെയോ അക്രമം പ്രവര്‍ത്തിക്കുന്നതിന് ആരെയെങ്കിലും പ്രേരിപ്പിക്കുന്ന തരത്തില്‍ ഏതെങ്കിലും വിഭാഗം ആളുകളോട് നടത്തുന്ന പ്രസ്താവനകളും ഐ.പി.സിയുടെ 505 വകുപ്പിലെ 1.b ഉപവകുപ്പനുസരിച്ച് കുറ്റകരമാണ്. റെമജിയോസ് ഇഞ്ചനാനിയല്‍ നടത്തിയ പ്രസംഗം ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ പരിധി കടക്കുന്നതും ശിക്ഷാനിയമത്തിന്റെ പരിധിയിലേക്ക് പ്രവേശിക്കുന്നതുമാണ്. നിയമവാഴ്ചയെ ബഹുമാനിക്കാതെ പരസ്യമായി നടത്തുന്ന അക്രമ ആഹ്വാനങ്ങള്‍ക്ക് നേരെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ മടിക്കരുത്. അങ്ങനെ വന്നാല്‍ അത് ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന തുല്യനീതിയുടെ ലംഘനവുമാണ്.

 

വിശ്വാസികള്‍ക്ക് ആത്മീയ നേതൃത്വം നല്‍കേണ്ടവര്‍ തന്നെ ധാര്‍ഷ്ട്യത്തിന്റേയും അക്രമത്തിന്റേയും ഭാഷ ഉപയോഗിക്കുന്നത് കൃസ്ത്യന്‍ മതനേതൃത്വവും അടിയന്തരമായ പരിഗണനയ്ക്ക് വിധേയമാക്കണം. നേരത്തെ, ഇടുക്കി, താമരശ്ശേരി രൂപതകള്‍ പുറത്തിറക്കിയ ഇടയലേഖനങ്ങളുടെ ഭാഷയും ഒരു കരണത്തടിക്കുന്നവന് മറുകരണം കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ട കൃസ്തുവിന്റെ അനുയായികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായിരുന്നില്ല. പൊതുവിഷയങ്ങളില്‍ സഭ നടത്തുന്ന ഇടപെടലുകളില്‍ ശാന്തിയും സമാധാനവും ഇല്ലെങ്കില്‍ എങ്ങനെ ആത്മീയ ശാന്തിയും സമാധാനവും വിശ്വാസികള്‍ക്ക് പ്രദാനം ചെയ്യാന്‍ സഭയ്ക്ക് കഴിയും?

 

അതേസമയം, കുടിയേറ്റം പശ്ചിമഘട്ടത്തോട് സ്വീകരിച്ച സമീപനത്തിന്റെ, പ്രകൃതിയോട് ഇണങ്ങുന്നതിനു പകരം കീഴടക്കലിന് ശ്രമിച്ച സമീപനത്തിന്റെ, പ്രതിഫലനം കൂടിയാണ് താമരശ്ശേരിയില്‍ ജനിച്ചുവളര്‍ന്ന റെമജിയോസ് ഇഞ്ചനാനിയലിന്റെ വാക്കുകളില്‍ തെളിയുന്നത്. അക്രമാസക്തമായ ഈ സമീപനമാണ് അന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ്‌ അപകടത്തിലാക്കിയത്. അതാണ്‌ പശ്ചിമഘട്ട പാരിസ്ഥിതിക വിദഗ്ധ സമിതി എന്ന മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ സ്ഥാപനത്തിലേക്ക് വഴിതെളിച്ചത്. എന്നാല്‍, ആ റിപ്പോര്‍ട്ടിനെതിരെ സഭയും സ്ഥാപിതതാല്‍പ്പര്യങ്ങളും വോട്ടുബാങ്കുകളും സംരക്ഷിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചതോടെയാണ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഉന്നതതല പ്രവര്‍ത്തക സമിതി എന്ന കസ്തൂരിരംഗന്‍ കമ്മിറ്റി നിയോഗിക്കപ്പെട്ടത്. ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ വെള്ളം ചേര്‍ത്ത് അതിന്റെ അന്തസത്ത ചോര്‍ത്തി തയ്യാറാക്കിയ കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പശ്ചിമഘട്ട സംരക്ഷണം എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതില്‍ എത്രത്തോളം പര്യാപ്തമാണ് എന്ന ആശങ്കകള്‍ നിലനില്‍ക്കേയാണ് ഈ റിപ്പോര്‍ട്ടും അംഗീകരിക്കാനാകില്ലെന്ന് സഭയും സി.പി.ഐ.എമ്മും അടക്കമുള്ള തല്‍പ്പരകക്ഷികള്‍ പറയുന്നത്.

 

ഇടുക്കിയിലും ഇരിട്ടിയിലും അമ്പൂരിയിലുമുണ്ടായ ഉരുള്‍പൊട്ടലുകളില്‍ പൊലിഞ്ഞ മനുഷ്യജീവനുകള്‍ പശ്ചിമഘട്ടത്തിന് മേല്‍ നടത്തിയ അക്രമത്തിന്റെ ഇരകളാണ്. കുന്നിടിച്ച്‌ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്, മഴയല്ല ഉരുള്‍പൊട്ടലുകള്‍ക്കും മണ്ണിടിച്ചിലുകള്‍ക്കും കാരണം. എന്നിട്ടും, തങ്ങളാണ് പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതെന്നും ഈ പാരിസ്ഥിതിക അക്രമം തുടരാനുമുള്ള ലൈസന്‍സ് നല്‍കണമെന്നുമാണ് വാദം. വിതക്കാന്‍ ഒരു കാലമുണ്ടെങ്കില്‍ കൊയ്യാനും ഒരു കാലമുണ്ടാകുമെന്ന് നന്നായറിയുന്നത് കൃഷിക്കാര്‍ക്ക് തന്നെയാണ്. പശ്ചിമഘട്ടത്തില്‍ വിതക്കുന്ന നാശത്തിന്റെ വിത്തുകള്‍ കൊയ്യേണ്ടിവരിക കേരളം മുഴുവനുമായിരിക്കും. കാരണം, അറബിക്കടലില്‍ നിന്ന്‍ വരുന്ന മണ്‍സൂണ്‍ കാറ്റിനെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കുന്ന, കേരളത്തിന് കുടിനീര് നല്‍കുകയും, കൃഷിയിടങ്ങളെ സേചനം ചെയ്യിക്കുക്കുകയും ചെയ്യുന്ന നദികള്‍ ഉദ്ഭവിക്കുന്ന ഈ മലനിരകളെ ഓരോ കേരളീയനും ആശ്രയിക്കുന്നുനണ്ട്. ഈ മലനിരകളുടെ ഭൂപ്രകൃതി മാറുമ്പോള്‍ മാറുന്നത് കേരളത്തിന്റെ പ്രകൃതി തന്നെയാണ്. ആ മാറ്റം വിദൂരത്തല്ല എന്ന സൂചന കൂടി നല്‍കുന്നുണ്ട് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്.

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളണം എന്നാവശ്യപ്പെട്ട് സി.പി.ഐ.എം നവംബര്‍ 18-ന് നടത്തിയ സംസ്ഥാന ഹര്‍ത്താല്‍ പുരോഗമനപരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘടന നടത്തിയ ഏറ്റവും പിന്തിരിപ്പന്‍ സമരമായിരുന്നു. കേരളീയ സമൂഹത്തില്‍ അതിശക്തമായ സ്വാധീനം ചെലുത്തുന്ന രണ്ട് സ്ഥാപനങ്ങളുടെ, കത്തോലിക്കാ സഭയുടേയും സി.പി.ഐ.എമ്മിന്റെയും, ജീര്‍ണ്ണത തുറന്നുകാട്ടുകയാണ് ഈ സമരം. തികച്ചും വ്യത്യസ്തമായ മാര്‍ഗ്ഗങ്ങളിലൂടെയാണെങ്കിലും ജനങ്ങള്‍ക്ക് വിമോചന സ്വപ്‌നങ്ങള്‍ നല്‍കി ഉടലെടുത്ത, മാനവികമായ പ്രത്യയശാസ്ത്രങ്ങളെ പിന്‍പറ്റുന്ന, സാമൂഹ്യ പുരോഗമനത്തിനുതകുന്ന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ പിന്തുണ നേടിയ രണ്ട് പ്രസ്ഥാനങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഈ അധ:പതനത്തില്‍ കേരള സമൂഹത്തിന്റെ തന്നെ പ്രതിസന്ധികളുണ്ട് എന്നതാണ് നമ്മുടെ കാലത്തിന്റെ ദുരന്തം.    

Tags: