രോഗികള്‍ക്ക് അവയവങ്ങള്‍ ദാനം നല്‍കി ജീവന്‍ രക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച മൃതസഞ്ജീവിനി പദ്ധതിയ്ക്ക് പ്രത്യേക ഫണ്ട് രൂപീകരിക്കും. മരിച്ചവരുടെ അവയവങ്ങള്‍ നീക്കം ചെയ്ത് വിവിധ ആശുപത്രികളിലേക്ക് എത്തിക്കുന്നതുള്‍പ്പെടെ വേണ്ടിവരുന്ന ചെലവ് സംബന്ധിച്ച ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രത്യേക ഫണ്ട് എന്ന ആശയം മുന്നോട്ട് വച്ചത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.
അവയവങ്ങള്‍ മാറ്റി വെക്കപ്പെട്ട രോഗികള്‍ക്ക് തുടര്‍ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ കാരുണ്യ മെഡിക്കല്‍ പദ്ധതിയിലൂടെ നല്‍കുന്നുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലാ പഞ്ചായത്തുകള്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നുണ്ട്. മറ്റ് ജില്ലാ പഞ്ചായത്തുകള്‍ ഇതുമായി കൂടുതല്‍ സഹകരിക്കണമെന്ന്കാണിച്ച് കത്തെഴുതുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവയവം മാറ്റിവക്കപ്പെട്ട രോഗികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ ജില്ലകളിലും പദ്ധതിയ്ക്കായി കോര്‍ഡിനേറ്ററെ ചുമതലപ്പെടുത്തും. ഇതിനായി താല്പര്യമുള്ള ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും.