സമുദായവൽക്കരിക്കപ്പെടുന്ന കേരളവും കീഴടങ്ങലിന്റെ രാഷ്ട്രീയവും

ഡോ. എന്‍. ജയദേവന്‍
Wednesday, November 20, 2013 - 3:44pm
ചെമ്മാനം
N Jayadevanരാഷ്ട്രതന്ത്ര അധ്യാപകന്‍ ഡോ. എന്‍. ജയദേവന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി.

സാമൂഹിക ജീവിതത്തിനുമേൽ ജാതി-മത-സാമുദായിക ശക്തികൾ മേൽക്കോയ്മ സ്ഥാപിക്കുന്ന അസ്വസ്ഥജനകമായ ഒരു ദശാസന്ധിയിലൂടെയാണ് ഇന്ന് കേരള രാഷ്ട്രീയം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സമുദായ ശക്തികളുടെ ആജ്ഞകൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും രാഷ്ട്രീയ-നയതീരുമാനങ്ങളെ കീഴ്‌പ്പെടുത്താൻ ലവലേശം ലജ്ജയില്ലാത്തവരായി കേരള രാഷ്ട്രീയ നേതൃത്വം, പ്രത്യേകിച്ച് യുഡിഎഫ് നേതൃത്വം, അധഃപതിച്ചുകൊണ്ടിരിക്കുന്ന സഹതാപാർഹമായ കാഴ്ചയ്ക്കാണ് ഏറെ നാളുകളായി രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുന്നത്. രാഷ്ട്രീയത്തെ പിന്നിലേക്ക് തള്ളി സാമുദായിക-വർഗ്ഗീയ ശക്തികൾ സാമൂഹിക-സാമ്പത്തിക-ഭരണ നയരൂപീകരണ പ്രക്രിയയിലെ കൈകാര്യകർത്താക്കളായി ഉയരുമ്പോൾ സംഭവിക്കുന്നത് സമൂഹത്തിന്റെ വർഗ്ഗീയവൽക്കരണവും തത്ഫലമായ അരാഷ്ട്രീയവൽക്കരണവുമാണ്.

 

തിരുവിതാംകൂറിന്റെ അനുഭവം

 

ഇന്നു കേരളത്തിൽ നടന്നു വരുന്ന ജാതി-മത ശക്തികളുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുകയറ്റത്തിന്റെ സ്വഭാവവുമായി സമാനതയില്ലെങ്കിലും സമൂഹത്തിന്റെ സമുദായവൽക്കരണം എങ്ങനെയാണ് മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രീയം അസാദ്ധ്യമാക്കുന്നതെന്നതിന്റെ ഉദാഹരണമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ തിരുവിതാംകൂർ. ലോകത്ത് ഒരിടത്തും കേട്ടുകേൾവിപോലുമില്ലാത്ത തരത്തിലുള്ള തൊട്ടുകൂടായ്മയും ജാതിമർദ്ദനവും ജാതിവിവേചനത്തെ അടിസ്ഥാനമാക്കിയുള്ള ശ്രേണീബദ്ധമായ സാമൂഹികഘടനയും ദീർഘകാലം നിലനിന്ന നാട്ടുരാജ്യമായിരുന്നല്ലോ തിരുവിതാംകൂർ. ജാതിവ്യവസ്ഥ അരക്കിട്ടു ഉറപ്പിക്കുന്നതിലും ജാതി നിയമങ്ങൾ കർക്കശമായി നടപ്പാക്കുന്നതിലും ബദ്ധകങ്കണരായിരുന്നു ദൈനംദിന ഭരണ നിർവ്വഹണം നടത്തിയിരുന്ന ദിവാന്മാർ.

 

തിരുവിതാംകൂർ സർക്കാരിന്റെ ഉദ്യോഗങ്ങളിൽ വിദ്യാസമ്പന്നരായ തദ്ദേശീയ യുവാക്കളെ നിയമിക്കാതെ പരദേശികളെ നിയമിക്കുന്ന നയമായിരുന്നു ഇറക്കുമതി ചെയ്യപ്പെട്ട ദിവാന്മാർ സ്വീകരിച്ചിരുന്നത്. ഈ നയത്തിനെതിരെ എല്ലാ ജാതിയിൽപ്പെട്ടവരും ഒപ്പിട്ട് 1891-ൽ മഹാരാജാവിന് സമർപ്പിച്ച 'മലയാളി മെമ്മോറിയൽ' എന്ന് അറിയപ്പെടുന്ന കൂട്ടനിവേദനസമർപ്പണത്തോടുകൂടിയാണ് തിരുവിതാകൂറിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ പുരോഗതിയിൽ ഏറെ മുന്നിലായിരുന്നു തിരുവിതാംകൂർ. വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി സ്വാഭാവികമായും രാഷ്ട്രീയ ഉണർവിന് പ്രേരണയായിത്തീർന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ ശക്തിപ്പെട്ടുവന്ന കോൺഗ്രസ്സ് പ്രവർത്തനങ്ങളുടെ പ്രതിധ്വനി തിരുവിതാംകൂറിലും അലയടിക്കാൻ തുടങ്ങി. ഉല്പതിഷ്ണുക്കളായ യുവാക്കളും വിദ്യാർത്ഥികളുമായിരുന്നു ഈ പ്രവർത്തനങ്ങളുടെ മുന്നിൽ. 1919-ൽ തിരുവിതാംകൂറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ ജില്ലാകമ്മിറ്റി രൂപീകരിച്ചു. 1919-ൽ കോൺഗ്രസ്സ് ആരംഭിച്ച സത്യാഗ്രഹ പരിപാടിയുടെ ഭാഗമായി തിരുവിതാംകൂറിലും പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. 1920-21 ലെ നിസ്സഹകരണ പ്രസ്ഥാനകാലത്തും തിരുവിതാംകൂറിൽ രാഷ്ട്രീയ പ്രവർത്തനം സജീവമായിരുന്നു. 1921-ൽ തിരുവിതാംകൂറിനെ പിടിച്ചു കൂലുക്കിയ വിദ്യാർത്ഥി സമരത്തിന്റെ പ്രത്യക്ഷകാരണം ഫീസ് വർദ്ധനവായിരുന്നെങ്കിലും ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നത് അത് നിസ്സഹരണ പ്രക്ഷോഭണത്തിന്റെ ഭാഗമായ രാഷ്ട്രീയ സമരമായിരുന്നുവെന്നാണ്.

 

എന്നാൽ, അതിനുശേഷം ദീർഘകാലത്തേക്ക്, കൃത്യമായി പറഞ്ഞാൽ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരണം വരെ തിരുവിതാംകൂറിൽ രാഷ്ട്രീയ പ്രവർത്തനം ഏതാണ്ട് നിർജ്ജീവമാകുന്ന സ്ഥിതിയാണുണ്ടായത്. അതിന്റെ കാരണം ജാതി ചേരിതിരിവിന്റെയും ജാതി സംഘർഷങ്ങളുടെയും ഫലമായി തിരുവിതാംകൂറിന്റെ സാമൂഹിക അന്തരീക്ഷത്തെ ഗ്രസിച്ച സമുദായവൽക്കരണമായിരുന്നു. മലയാളി മെമ്മോറിയൽ സമർപ്പണത്തിൽ സവർണ്ണരോടൊപ്പം ഈഴവരാദി പിന്നോക്ക ജാതിക്കാരും കൈകോർത്തെങ്കിലും അവശജാതിക്കാരെ അവഗണിക്കുന്ന സമീപനമാണ് സവർണ്ണാധിപത്യത്തിന്റെ രക്ഷകരായ ഭരണാധികൾ പിന്തുടർന്നത്. ഇത് സ്വാഭാവികമായി അവർണ്ണ ജാതിക്കാർ പ്രത്യേകം പ്രത്യേകം സംഘടിക്കുന്നതിന് പ്രേരണയായി. അയിത്ത-അവശ ജാതി വിഭാഗങ്ങളിലുണ്ടായ ഈ ഉണർവിന്റെ സയുക്തിക പരിണാമമാണ് എസ്.എൻ.ഡി.പി. യോഗത്തിന്റെയും സാധുജനപരിപാലന സംഘം പോലെയുള്ള ഇതര അവശ സമുദായ സംഘടനകളുടെയും രൂപീകരണം. ഇത്തരത്തിൽ അവശജാതി വിഭാഗങ്ങൾ സംഘടിച്ച് തങ്ങൾക്ക് അർഹമായ സാമൂഹിക-രാഷ്ട്രീയ സ്ഥാനങ്ങൾക്കുവേണ്ടി വാദിക്കാനും തങ്ങളുടെ സാമൂഹിക വ്യക്തിത്വം സ്ഥാപിക്കാനും തുടങ്ങിയതോടുകൂടി തിരുവിതാംകൂറിന്റെ പലഭാഗത്തും സവർണ്ണ-അവർണ്ണ, പ്രത്യേകിച്ച് നായർ-ഈഴവ സംഘർഷങ്ങൾ ഉടലെടുക്കുകയുണ്ടായി. എന്നാൽ ഉല്പതിഷ്ണുക്കളായ സവർണ്ണർ ഈഴവരടക്കമുള്ള അവശജാതിവിഭാഗങ്ങളുടെ ന്യായമായ ആവശ്യങ്ങളെ പിന്തുണച്ചിരുന്നു. യാഥാസ്ഥിതിക സവർണ്ണ പ്രമാണിമാരാണ് സാമൂഹിക പരിഷ്‌കരണങ്ങളെ ചെറുത്തു കൊണ്ട് യഥാസ്ഥിതി വാദികളായി രംഗത്തുവന്നത്. ഇന്ന് നായർ-ഈഴവ ഐക്യത്തിന്റെ വക്താക്കളായി മാറിയിട്ടുള്ള യോഗം നേതാക്കൾ എസ്.എൻ.ഡി.പി. യോഗം രൂപീകരണത്തിന്റെ ഈ ചരിത്രപശ്ചാത്തലം ഓർക്കുന്നത് നന്നായിരിക്കും.

 

ഇത്തരമൊരു സാഹചര്യത്തിൽ തിരുവിതാംകൂറിലെ അവശജാതി വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജാതി അവശതയ്ക്കുള്ള അടിയന്തര പരിഹാരത്തിനായിരുന്നു പ്രഥമ പരിഗണന. അതുകൊണ്ടുതന്നെ രാഷ്ട്രീയവും സ്വാതന്ത്ര്യപ്രക്ഷോഭണവുമൊന്നും അവരുടെ താല്പര്യ മേഖലകളായിരുന്നില്ല. മാത്രമല്ല, രാഷ്ട്രീയത്തോട് ഒരളവോളം നിസ്സംഗത പുലർത്തുകയാണ് അവർ ചെയ്തത്. അതിന്റെ കാരണം രാഷ്ട്രീയത്തിലും സ്വാതന്ത്ര്യസമര നേതൃത്വത്തിലുമുണ്ടായിരുന്ന സവർണ്ണാധിപത്യമായിരുന്നു. സവർണ്ണരാൽ നയിക്കപ്പെടുന്ന പ്രക്ഷോഭണത്തിന്റെ ഫലമായി സ്വാതന്ത്ര്യം കൈവന്നാലും അത് സവർണ്ണാധിപത്യം തന്നെയായിരിക്കുമെന്നും തങ്ങൾ അനുഭവിക്കുന്ന ജാതിമർദ്ദനത്തിന് അത് പരിഹാരമാകില്ലെന്നും അവശജാതിക്കാർ ന്യായമായും ഭയപ്പെട്ടു. ഈവിധം വിവിധ അവശജാതിക്കാർ അവരവരുടേതായ സാമുദായിക സംഘടനകൾ രൂപീകരിച്ച് തങ്ങളുടെ സാമൂഹിക ഉന്നതിക്കുവേണ്ടിയുള്ള പ്രക്ഷോഭ സമര-സംഘടനാ പ്രവർത്തനങ്ങളിലും യാഥാസ്ഥിതിക സവർണ്ണർ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്ക് ഇളക്കം തട്ടാതെ പിടിച്ചുനിർത്താനുള്ള പരിശ്രമങ്ങളിലും കേന്ദ്രീകരിച്ചു. ഇതിന്റെ ഫലമാണ് തിരുവിതാംകൂറിന്റെ സാമൂഹ്യാന്തരീക്ഷം വർഗ്ഗീയവൽക്കരിക്കപ്പെട്ടതും രാഷ്ട്രീയ പ്രവർത്തനം നിർജ്ജീവമായതും. ഈ സ്ഥിതിക്കു മാറ്റമുണ്ടായത് 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിച്ചതോടുകൂടിയാണ്. യഥാർത്ഥത്തിൽ സ്റ്റേറ്റ് കോൺഗ്രസ്സ് തിരുവിതാംകൂറിലെ പ്രബല ജാതി-മത വിഭാഗങ്ങളുടെ ഒരു ഐക്യമുന്നണിയായിരുന്നല്ലോ.

 

പക്ഷേ, തിരുവിതാംകൂറിലെ ജാതി ധ്രുവീകരണത്തിന് ഒരു ഗുണവശമുണ്ടായിരുന്നു. കേവല മനുഷ്യാവകാശങ്ങളും സാമൂഹിക തുല്യതയും നിഷേധിക്കപ്പെട്ട് അടിച്ചമർത്തപ്പെട്ട അവശജനതയുടെ ഉയിർത്തെഴുന്നേൽപ്പിനും പടിപടിയായെങ്കിലും സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിനും സാമൂഹ്യനീതിയുടെ സ്ഥാപനത്തിനും വഴിതെളിച്ചുവെന്നതാണ് തിരുവിതാംകൂറിലെ ജാതി പോരാട്ടങ്ങളുടെ ഗുണപരമായ സവിശേഷത. തിരുവിതാംകൂർ പ്രദേശത്തിന്റെ മാത്രമല്ല കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിലും സാമൂഹിക തുല്യതയിലധിഷ്ഠിതമായ ജനാധിപത്യവൽക്കരണത്തിലും ഈ ജാതി പോരാട്ടങ്ങൾക്കുള്ള ചരിത്രപരമായ സ്വാധീനം അനിഷേധ്യമാണ്. ഇക്കാരണത്താൽ തന്നെ കേരള സമൂഹത്തിൽ ഇപ്പോൾ തീവ്രമായി ശക്തിയാർജ്ജിച്ചുവരുന്ന ജാതി-വർഗ്ഗീയ ധ്രുവീകരണവുമായി അന്നത്തെ തിരുവിതാകൂറിലുണ്ടായ ജാതീയ വിഭജനവുമായി സമാനതയില്ല. ജാതി-മത വർഗ്ഗീയ ശക്തികളുടെ സാമൂഹിക ജീവിതത്തിലേക്കുള്ള അതിരുവിട്ട കടന്നു കയറ്റം മതേതര-ജനാധിപത്യ രാഷ്ട്രീയത്തെ എത്തരത്തിൽ പിന്നിലേക്ക് തള്ളിമാറ്റുമെന്ന് ചൂണ്ടിക്കാട്ടാനാണ് തിരുവിതാംകൂറിന്റെ അനുഭവം ഇവിടെ വിവരിച്ചത്.

 

കേരളത്തിന്റെ മതേതര പാരമ്പര്യം

 

സാമൂഹിക അനീതികൾക്കും ജാതീയതയ്ക്കുമെതിരെ മാനവികതയുടെ ഉദാത്തമായ സന്ദേശം പ്രസരിപ്പിച്ച നവോത്ഥാനാശയങ്ങളും തുടർന്ന് ശക്തിയാർജ്ജിച്ച ഇടതുപക്ഷ-പുരോഗമന മൂല്യങ്ങളും അടിത്തറ പാകിയ ബലിഷ്ഠമായ ഒരു മതനിരപേക്ഷ-രാഷ്ട്രീയ പാരമ്പര്യമായിരുന്നു കേരളീയ സാമൂഹിക ജീവിതത്തിന്റെ സവിശേഷത. കേരളത്തിന്റെ ഈ ഉല്പതിഷ്ണു പാരമ്പര്യം സ്വാംശീകരിക്കുന്നതിൽ രാഷ്ട്രീയപാർട്ടികളും ജാതി-മത സംഘടനകളും സംസ്ഥാന രൂപീകരണത്തിന്റെ ആദ്യ ദശകങ്ങളിൽ ഒരുപോലെ ശ്രദ്ധാലുക്കളായിരുന്നു. വിമോചന സമരകാലത്തെ വർഗ്ഗീയതയുടെ അതിതീവ്രമായ അഴിഞ്ഞാട്ടം വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്. വിമോചന സമരത്തിലെ വർഗ്ഗീയ ശക്തികളുടെ പങ്കാളിത്തത്തിന്റെ ലക്ഷ്യം സമൂഹത്തിന്റെ വർഗ്ഗീയവൽക്കരണമായിരുന്നില്ല. മറിച്ച് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഗളച്ഛേദമായിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ താഴെ ഇറക്കുകയെന്ന തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടുന്നതിന് കോൺഗ്രസ്സും പ്രതിപക്ഷവും ജാതി-മത ശക്തികളെ ഉപകരണമാക്കുകയായിരുന്നു. അതായത് കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പാർട്ടികളുടെ രക്ഷാകർത്തൃത്വത്തിലാണ് വർഗ്ഗീയത വിളയാട്ടം നടത്തിയെന്നർത്ഥം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിമോചന സമരകാലത്തെ വർഗ്ഗീയതയ്ക്ക് ഒരു രാഷ്ട്രീയമുഖമുണ്ടായിരുന്നു, കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കുകയെന്ന രാഷ്ട്രീയ മുഖം.

 

 

വിമോചന സമരം മാറ്റി നിർത്തിയാൽ ജാതി-മത ശക്തികൾ രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്ന സന്ദർഭങ്ങൾ ആദ്യകാലങ്ങളിൽ അധികം ഉണ്ടായിട്ടില്ല. ചില മണ്ഡലങ്ങളിലെ ജയ-പരാജയങ്ങൾ നിർണ്ണയിക്കുന്നതിലും വിദ്യാഭ്യാസരംഗത്തെ പുരോഗമനപരമായ പരിഷ്‌കാരങ്ങളെ പരാജയപ്പെടുത്തുന്നതിലും മറ്റും ചില ഘട്ടങ്ങളിൽ ജാതി-മത ശക്തികളുടെ ഇടപെടൽ ഉണ്ടാകാറുണ്ടെങ്കിലും അവർ പൊതുവെ പൊതുജീവിതത്തിൽ രാഷ്ട്രീയത്തിന്റെ മേൽക്കോയ്മ അംഗീകരിച്ചിരുന്നു. അതിനവരെ പ്രേരിപ്പിച്ചത് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ മതനിരപേക്ഷ രാഷ്ട്രീയത്തിനും പുരോഗമനാശയങ്ങൾക്കുമുണ്ടായിരുന്ന അപ്രതിരോധ്യമായ മേധാവിത്വമായിരുന്നു. അറുപതുകളിലും എഴുപതുകളിലും സംസ്ഥാനത്ത് കരുത്താർജ്ജിച്ച വിദ്യാർത്ഥി-യുവജനപ്രസ്ഥാനങ്ങളും ഇടതു-വലതു ഭേദമില്ലാതെ ഈ റാഡിക്കല്‍ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതിൽ വലിയ സംഭാവന ചെയ്തിട്ടുണ്ട്. പുരോഗമന നിലപാടുകളുടെ കാര്യത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ പിന്നിലല്ല തങ്ങളെന്നു തെളിയിക്കാനുള്ള ആവേശത്തിലായിരുന്നു വയലാർ രവിയുടെയും ആന്റണിയുടെയും നേതൃത്വത്തിലുണ്ടായിരുന്ന അക്കാലത്തെ കോൺഗ്രസ്സ് - യൂത്ത് കോൺഗ്രസ്സ് വിഭാഗങ്ങൾ. കമ്മ്യൂണിസ്റ്റുകാരുമായുള്ള മത്സരത്തിൽ വർഗ്ഗീയ-പ്രതിലോമ ശക്തികൾക്കും വിദ്യാഭ്യാസ കച്ചവടക്കാർക്കുമെതിരായി പരസ്യ നിലപാടുകൾ സ്വീകരിക്കാൻ ഈ വിഭാഗം തയ്യാറായി. ഈ ഘട്ടത്തിലാണ് പൊതുപ്രശ്‌നങ്ങളിൽ യൂത്തു കോൺഗ്രസ്സുമായി യോജിപ്പിന്റെ മേഖലകൾ ചർച്ച ചെയ്യാമെന്ന പരസ്യ പ്രഖ്യാപനം ഇ.എം.എസ് നടത്തിയത്.

 

പൊതുമണ്ഡലത്തിൽ കരുത്താർജ്ജിച്ച ഈ പുരോഗമന ഭാവം പുതിയ തലമുറയുടെ സാമൂഹിക-സാംസ്‌കാരിക മനോഭാവത്തെ ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. ജാതി ചോദിക്കുന്നതും പറയുന്നതും പ്രതിലോമകരവും അപമാനവികവുമായ ഒരു അധമ സംസ്‌ക്കാരമാണെന്നുള്ള ബോധം പുതുതലമുറയിൽ ശക്തിപ്പെടാൻ തുടങ്ങി. അതോടുകൂടിയാണ് ജാതി വിളംബരം ചെയ്യുന്ന പേരിന്റെ തുടർച്ചയായ ജാതി ചിഹ്നങ്ങൾ ഉപേക്ഷിക്കുന്ന പ്രവണത കേരളത്തിൽ ശക്തിപ്പെട്ടത്. ഹിന്ദുവിഭാഗങ്ങൾ മാത്രമല്ല അഹിന്ദുക്കൾപോലും ജാതി-മത സ്വത്വങ്ങൾ വ്യക്തിനാമത്താൽ തിരിച്ചറിയരുതെന്ന നിഷ്‌ക്കർഷയാൽ പൊതുനാമങ്ങൾ സ്വീകരിച്ചു തുടങ്ങിയത് ഈ കാലത്താണ്. സാമൂഹിക ജീവിതത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്ന മതനിരപേക്ഷ-പുരോഗമന രാഷ്ട്രീയ ആശയധാരയ്ക്ക്  സ്വയം കീഴ്‌പ്പെടാൻ ജാതിഭ്രാന്തന്മാർ പോലും അക്കാലത്ത്  നിർബന്ധിതരായി. അതിനാൽ രാഷ്ട്രീയ നയരൂപീകരണ പ്രക്രിയയിൽ നേരിട്ട് ഇടപെടാൻ അവർ തുനിഞ്ഞിരുന്നില്ല. ഇതിന്റെയർത്ഥം സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളിൽ അവർ നിഷ്‌ക്രിയരോ നിസ്സംഗരോ അഭിപ്രായ ശൂന്യരോ ആയിരുന്നെന്നല്ല. തീർച്ചയായും അവർ കർമ്മനിരതരായിരുന്നു. അവരവരുടെ ജാതി-മത താല്പര്യങ്ങൽ സംരക്ഷിക്കുന്നതിലും സർക്കാർനയ തീരുമാനങ്ങൾ തങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് തോന്നുമ്പോഴുമൊക്കെ അതിനെതിരെ പ്രക്ഷോഭ-സമരങ്ങൾ നയിക്കുന്നതിലും ആവുന്നിടത്തോളം നയങ്ങൾ തിരുത്തിക്കുന്നതിലും അവർ സജീവം തന്നെയായിരുന്നു. എങ്കിലും രാഷ്ട്രീയ പ്രവർത്തനവും സമുദായ പ്രവർത്തനവും തമ്മിൽ അതിർത്തി നിർണ്ണയം നടത്താനുള്ള ഔചിത്യം അന്നത്തെ സമുദായ നേതൃത്വങ്ങൾക്കുണ്ടായിരുന്നു. സമുദായ ശക്തികളുടെ പ്രത്യക്ഷമായ രാഷ്ട്രീയ രംഗപ്രവേശനത്തെ പൊതുസമൂഹവും അംഗീകരിക്കാൻ സന്നദ്ധമായിരുന്നില്ല. അതുകൊണ്ടാണല്ലോ എൻ.ഡി.പിയും എസ്.ആർ.പിയും ഒരു ഇടവേളയിലെ സാന്നിദ്ധ്യത്തിനുശേഷം അപ്രത്യക്ഷമായത്. ഇന്നത്തേതുപോലെ മന്ത്രിസഭാ സ്ഥാനങ്ങൾ പിടിച്ചു വാങ്ങുന്നതുപോലെയും മന്ത്രിസഭയിലെ അംഗങ്ങളെ തങ്ങളുടെ അഭീഷ്ടമനുസരിച്ചു തീരുമാനിക്കണമെന്ന് തീട്ടൂരം പുറപ്പെടുവിക്കുന്നതുപോലെയുമുള്ള ഔദ്ധത്യം പ്രകടിപ്പിക്കാൻ അക്കാലത്തെ സമുദായ നേതൃത്വങ്ങള്‍ ധൈര്യപ്പെടാതിരുന്നതിന്റെ കാരണം, അന്ന് കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ പൊതുമണ്ഡലത്തിൽ മതനിരപേക്ഷ-പുരോഗമന രാഷ്ട്രീയത്തിനുണ്ടായിരുന്ന ആധിപത്യവും അവസരവാദ-അധികാരരാഷ്ട്രീയത്തിന് സമ്പൂർണ്ണമായി കീഴടങ്ങാൻ മനസ്സില്ലാത്ത ആദർശാത്മകമായ ഒരു രാഷ്ട്രീയ നേതൃത്വവുമുണ്ടായിരുന്നതാണ്.

 

തീവ്രമായ വർഗ്ഗീയവൽക്കരണം

 

തൊണ്ണൂറുകളായപ്പോഴേക്കും കേരളം അഭിമാനപൂർവ്വം ഉൽഘോഷിച്ച ജാതിയതീത മതനിരപേക്ഷ-പുരോഗമന പാരമ്പര്യമൊക്കെ പഴങ്കഥയായി മാറാൻ തുടങ്ങി. എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവുമായി അഖിലേന്ത്യാതലത്തിൽ തീവ്രത കൈവരിച്ച രാഷ്ട്രീയവൽകൃത ഹിന്ദുവർഗ്ഗീയതയും  തുടർന്നുണ്ടായ വർഗ്ഗീയ ലഹളകളും ബാബറിമസ്ജിദിന്റെ തകർക്കലും രാജ്യമൊട്ടാകെ ഹിന്ദു-മുസ്ലീം ധ്രുവീകരണത്തിന് ആക്കം കൂട്ടി. ആർ.എസ്.എസ്സും ബി.ജെ.പിയും പ്രതിനിധാനം ചെയ്ത തീവ്രഹിന്ദുത്വത്തിന്റെ പ്രതിഉല്പന്നമെന്ന നിലയിൽ ഇസ്ലാമിക മതമൗലികവാദവും തീവ്രവർഗ്ഗീയതയും ശക്തിപ്പെടാൻ തുടങ്ങി. ഇതിന്റെ അല സ്വാഭാവികമായും കേരളത്തിലും വീശാൻ തുടങ്ങി. തൊണ്ണൂറുകളുടെ ആരംഭത്തിലാണ് ആർ.എസ്.എസ് എന്ന രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ഇസ്ലാമിക ബദലായ ഐ.എസ്.എസ് എന്ന ഇസ്ലാമിക സർവ്വീസ് സൊസൈറ്റി അബ്ദുൽനാസർ മദ്‌നി സ്ഥാപിച്ചത്. പിന്നീട് തീവ്രവാദം ഉപേക്ഷിച്ച് വിശുദ്ധനായെങ്കിലും കേരളത്തിൽ ഇസ്ലാമിക തീവ്രവാദത്തിന് ബീജാവാപം ചെയ്തത് മദ്‌നിയാണെന്നുള്ളത് അനിഷേധ്യമായ ഒരു ചരിത്ര സത്യമാണ്. അടിയ്ക്കടിയുണ്ടായിക്കൊണ്ടിരുന്ന ഹിന്ദു-മുസ്ലീം സംഘട്ടനങ്ങളും രാജ്യത്തിന്റെ പലഭാഗങ്ങളിലുമുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളിൽ മിക്കതിന്റെയും ഉത്തരവാദികൾ ഇസ്ലാമിക വർഗ്ഗീയ വാദികളാണെന്ന പ്രചരണവും വിശ്വാസവും രാജ്യമൊട്ടാകെ തന്നെ ഹിന്ദുക്കളുടെയും മുസ്ലീംങ്ങളുടെയുമിടയിലുണ്ടായ മാനസിക വിഭജനത്തിന്റെ ആഴവും വ്യാപ്തിയും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ രാജ്യത്ത് മതനിരപേക്ഷ രാഷ്ട്രീയം ദുർബല സ്ഥിതിയിലല്ലെന്നു സമ്മതിക്കുമ്പോൾതന്നെ ഇരുചേരിയിലുമുള്ള ജനമനസ്സുകളിൽ വർഗ്ഗീയത ചെലുത്തുന്ന സ്വാധീനം ലഘൂകരിച്ചു കാണുന്നത് യാഥാർത്ഥ്യത്തെ തിരസ്‌ക്കരിക്കലായിരിക്കും.

 

മതനിരപേക്ഷ രാഷ്ട്രീയവും വിപ്ലവകരമായ സാമൂഹിക-പ്രത്യശാസ്ത്രവീക്ഷണങ്ങളും ആഴത്തിൽ വേരുറച്ചിരുന്ന കേരളത്തിന്റെ പൊതുമണ്ഡലവും രാജ്യത്താകെ ആഞ്ഞടിച്ച ഈ വർഗ്ഗീയ കൊടുങ്കാറ്റിൽ ആടിയുലയാൻ തുടങ്ങിയെന്നതാണ് യാഥാർത്ഥ്യം. സംഘപരിവാറും ബി.ജെ.പിയും കെട്ടഴിച്ചുവിട്ട തീവ്രവർഗ്ഗീയ പ്രചരണത്തിന് കേരളീയ സമൂഹത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞ ഭൗതിക സ്വാധീനത്തെക്കാൾ എത്രയോ മടങ്ങ് വലുതാണ് ആശയമണ്ഡലത്തിൽ അവർക്ക് സൃഷ്ടിക്കാൻ കഴിഞ്ഞ സ്വാധീനം. എന്തിനധികം പുരോഗമന തല്പരരും ഇടതുപക്ഷ മനസ്‌ക്കരുമെന്ന് ഭാവിക്കുന്നവർപോലും മുസ്ലീമിനെക്കുറിച്ച് പറയുമ്പോൾ ഒരുതരം മ്ലേച്ചമായ അറപ്പും വെറുപ്പും പ്രകടിപ്പിക്കുന്നത് ഇന്ന് കേരളത്തിൽ സാധാരണമാണ്. മറുവശത്ത് എൻ.ഡി.എഫ് പോലെയുള്ള മുസ്ലീം തീവ്രവാദികൾ ഹിന്ദു വിരുദ്ധതയും അപരിഷ്‌കൃതവും അപമാനവികവുമായ മൗലികവാദ ആശയങ്ങളും പ്രചരിപ്പിക്കുക മാത്രമല്ല മതചിഹ്നങ്ങൾ വേഷത്തിലും ജീവിതരീതിയിലും ആജ്ഞാപൂർവ്വം അടിച്ചേൽപ്പിക്കാനും തുനിയുകയാണ്. ഈ പശ്ചാത്തലത്തിൽ വേണം മാറാട് കലാപങ്ങളെ കാണേണ്ടത്. മുസ്ലീമിനെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ച ഹൈന്ദവ വികാര ജീവികൾ സ്വാഭാവികമായും ക്രൈസ്തവരടക്കമുള്ള എല്ലാ അഹിന്ദുക്കൾക്കും ശത്രുസ്ഥാനമാണല്ലോ കല്പിക്കുക.

 

വർഗ്ഗീയവൽക്കരണത്തിന്റെ അനന്തരഫലമെന്നോണം ജാതി വികാരത്തിന്റെ പുനരുത്ഥാനത്തിനാണ് കേരളം പിന്നീട് സാക്ഷ്യം വഹിക്കാൻ തുടങ്ങിയത്. ആധുനികപൂർവ്വ ജാതി സ്വത്വബോധത്തിന്റെ ഉന്മാദാത്മകമായ മടങ്ങിവരവിനെ ആഘോഷപൂർവ്വമാണ് 'ഉല്പതിഷ്ണു' മലയാളി ആലിംഗനം ചെയ്യുന്നത്. അറുപതുകളിലും എഴുപതുകളിലും ജാതിചോദിക്കുന്നതും പറയുന്നതും പേരിനോടൊപ്പം ജാതിചിഹ്നം വെച്ചുപിടിപ്പിക്കുന്നതും ഒരു സാമൂഹിക അപമാനവും അധമവികാരവുമാണെന്ന് വിശ്വസിച്ചിരുന്ന മലയാളി, തൊണ്ണൂറുകളായപ്പോഴേക്കും പേരിനാൽത്തന്നെ ജാതി വിളംബരം ചെയ്യുന്നത് ആഢ്യത്വവും സാമൂഹിക അന്തസ്സുമാണെന്ന ഫ്യൂഡൽ മനോവിഭ്രാന്തിക്ക് നിരുപാധികം കീഴടങ്ങുന്നതാണ് നാം കാണുന്നത്. പെൺകുട്ടികളുടെ പേരിന്റെ അറ്റത്തുപോലും ജാതിപ്പേരുകൾ കൂട്ടിച്ചേർക്കുന്ന പ്രവണത ശക്തിപ്പെട്ടതും ഇക്കാലത്താണ്. നമ്മുടെ സിനിമകളിലെയും സീരിയലുകളിലെയും കഥാപാത്രങ്ങളുടെ പേരുകൾപോലും സവർണ്ണ ജാതിചിഹ്നങ്ങൾ മുദ്രണം ചെയ്തതായിരിക്കണമെന്ന് തിരക്കഥയെഴുത്തുകാരും സംവിധായകരുമായ നമ്മുടെ 'സാംസ്‌ക്കാരിക നായകന്മാർ' വാശിപിടിക്കുന്നതു കാണുമ്പോഴാണ് എത്രത്തോളം ക്ഷുദ്രവും അധമവുമായ അവസ്ഥയിലാണ് മലയാളി മനസ്സുകളിൽ കുടിയേറിയിരിക്കുന്ന ജാതിവികാരമെന്ന് ബോദ്ധ്യമാകുന്നത്. അതുപോലെതന്നെ പൊട്ടു തൊടുന്നതും കാപ്പുകെട്ടുന്നതും പോലെയുള്ള മതചിഹ്നങ്ങൾ അണിയുന്നത് യുക്തിബോധത്തിനും പുരോഗമന മനോഭാവത്തിനും വിപരീതമായ പ്രതിഗമനമാണെന്ന ദൃഢവിശ്വാസമുള്ളവരായിരുന്നു മുൻതലമുറയിലെ കേരളീയ യുവത്വം. എന്നാൽ, ഇന്ന് അത്തരം മതചിഹ്നങ്ങൾ അണിയുന്നത് ഒരു അലങ്കാരമായി കരുതുകയാണ് സമകാലീന മലയാളി യുവത്വം. ഇടതുപക്ഷ പ്രവർത്തകരായ യുവാക്കൾപോലും ഇത്തരം മതചിഹ്നങ്ങൾ അണിഞ്ഞ് ഞെളിഞ്ഞു നടക്കുമ്പോഴാണ് അവരുടെ പ്രത്യയശാസ്ത്രബോധത്തിന്റെ ഊഷരത വെളിപ്പെടുന്നത്. ഇത്തരം പ്രതിലോമ-പുനഃരുത്ഥാന ആശയങ്ങളെ പ്രത്യയശാസ്ത്രപരമായി ചെറുക്കാൻ ബാദ്ധ്യസ്ഥമായ ഇടതുപക്ഷത്തിന്റെ പ്രവർത്തകരും ജനപ്രതിനിധികളും തന്നെ പലപ്പോഴും മതഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സംഘാടകരും നടത്തിപ്പുകാരുമായി മാറുന്ന വൈരുദ്ധ്യാത്മക ഹാസ്യരംഗം കാണുമ്പോൾ ചെറുപ്പക്കാരെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും. തത്വാധിഷ്ഠിത നിലപാടുകൾക്കു പകരം സമൂഹത്തിൽ സ്വാധീനം ഉറപ്പിക്കുന്ന പ്രതിലോമ ആശയങ്ങളുമായി സന്ധി ചെയ്യുന്ന ഇടതുപക്ഷ നിലപാടുകൾക്കും കേരളീയ സമൂഹത്തെ വർഗ്ഗീയവൽക്കരിക്കുന്നതിലുള്ള പങ്കിൽനിന്നും ഒഴിഞ്ഞുമാറാനാവില്ല. വ്യക്തികളെ സാമൂഹ്യപരതയിൽനിന്നും അടർത്തിമാറ്റി സ്വകാര്യ ഇഷ്ടാനിഷ്ടങ്ങളുടെ സ്വാർത്ഥവലയത്തിൽ കുരുക്കിയിട്ട് വ്യക്തിവൽക്കരിക്കുന്നതിലൂടെ സമൂഹത്തെ ശിഥിലീകരിച്ചും സംഘശക്തി തകർത്തും ബലഹീനമാക്കി ജനങ്ങളെ കമ്പോളത്തിന്റെ അടിമകളാക്കി മാറ്റുന്ന ആഗോളവൽകൃത ഉദാര മുതലാളിത്തത്തിന്റെ വാണിജ്യതന്ത്രങ്ങൾക്കും സമൂഹത്തെ ജാതി-മതവൽക്കരിച്ച് ഭിന്നിപ്പിക്കുന്നതിൽ വലിയ പങ്കുണ്ടെന്ന് കാണാതിരുന്നുകൂടാ. ചുരുക്കത്തിൽ കേരളത്തിന്റെ പൊതുമണ്ഡലം സ്ഥൂലമായും സൂക്ഷ്മമായും വർഗ്ഗീയവൽക്കരിക്കപ്പെടുന്ന ഒരു ദശാസന്ധിയിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

 

ന്യൂനപക്ഷ മേധാവിത്വ യുഡിഎഫ്- വർഗ്ഗീയതയുടെ താവളം

 

കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ജാതി-മത വർഗ്ഗീയ വൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ വേണം രാഷ്ട്രീയത്തെ സമുദായവൽക്കരിക്കാനുള്ള ഇന്നത്തെ നീക്കങ്ങളെ കാണേണ്ടത്. ഭരണരംഗത്തുനിന്നും ജാതി-മത വർഗ്ഗീയ സ്വഭാവമുള്ള കക്ഷികളെ പൂർണ്ണമായും ഒഴിവാക്കുന്നതിന് 1957-നു ശേഷം നടത്തിയ ആദ്യശ്രമമായിരുന്നു 1987-ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി. തികച്ചും തത്വാധിഷ്ഠിതമായ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച ആ മുന്നണിയെ ആവേശപൂർവ്വമാണ് കേരളത്തിലെ വോട്ടര്‍മാർ സ്വീകരിച്ചത്. മുന്നണിയിലെ ഘടകകക്ഷിയായിരുന്ന അഖിലേന്ത്യാ മുസ്ലീംലീഗിനെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 'മൊഴിചൊല്ലി' കൊണ്ടാണ് ഇടതുമുന്നണി ധീരമായ ആ നിലപാട് എടുത്തത്. എന്നാൽ, ആ പരീക്ഷണത്തിന് അധികം ആയുസ്സുണ്ടായില്ല. അതിന്റെ കാരണം എൽ.ഡി.എഫിന്റെ പ്രതിയോഗിയായ യു.ഡി.എഫിന്റെ ശക്തിസ്രോതസ് മത-വർഗ്ഗീയ ശക്തികളായിരുന്നതാണ്. എൽ.ഡി.എഫ് മതനിരപേക്ഷ നിലപാട് പിന്തുടർന്നപ്പോൾ, എല്ലാ സമുദായ ശക്തികളെയും കൂട്ടുപിടിച്ചുകൊണ്ടാണ് യുഡിഎഫ് 1991-ൽ കെ. കരുണാകരന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്നത്. എല്ലാക്കാലത്തും യുഡിഎഫിന്റെ സാമൂഹ്യപിൻബലം ന്യൂനപക്ഷ ജാതി-മത വിഭാഗങ്ങളാണ്. ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗും കേരള കോൺഗ്രസ്സുകളും എത്രമാത്രം മതനിരപേക്ഷത അവകാശപ്പെട്ടാലും അവ യഥാക്രമം മുസ്ലീങ്ങളുടെയും ക്രൈസ്തവരുടെയും രാഷ്ട്രീയ പാർട്ടികളാണെന്നത് പകൽ പോലെ വ്യക്തമാണ്. കോൺഗ്രസ്സിലും ക്രൈസ്തവർക്കുള്ള സ്വാധീനം നിർണ്ണായകമാണ്. ഹൈന്ദവരിലെ വിവിധ ജാതിപ്രമാണിമാരെ തരാതരം പോലെ അനുനയിപ്പിച്ച് കൂടെ നിർത്തുന്നതിലും അന്ന് കരുണാകരന് അസാധാരണമായ വിരുതുണ്ടായിരുന്നു. എന്നിരുന്നാലും എൽ.ഡി.എഫ് വർഗ്ഗീയരാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തിരുന്നതിനാൽ, യു.ഡി.എഫിനുള്ളിലെ ന്യൂനപക്ഷ വർഗ്ഗീയ താല്പര്യങ്ങൾക്ക് ഒരു പരിധിക്കപ്പുറത്തേക്ക് തങ്ങളുടെ വർഗ്ഗീയ മുഖം പുറത്തെടുക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, 1996 ആയപ്പോഴേക്കും തത്വാധിഷ്ഠിത വർഗ്ഗീയ വിരുദ്ധ നിലപാടിൽ വെള്ളം ചേർത്തുകൊണ്ട് ഒരിക്കൽ വർഗ്ഗീയതയുടെ പേരിൽ പുറത്താക്കിയ അഖിലേന്ത്യാ ലീഗിനെയും ക്രൈസ്തവ മേലധ്യക്ഷന്മാരാൽ നിയന്ത്രിക്കപ്പെടുന്ന ജോസഫ് വിഭാഗം കേരളാ കോൺഗ്രസ്സിനെയും ഘടക കക്ഷികളാക്കിക്കൊണ്ട് വർഗ്ഗീയതയുമായി സന്ധിചെയ്യുന്ന സ്ഥിതിയിലേക്ക് എൽ.ഡി.എഫ് മടങ്ങിപ്പോയി. ഇത് യുഡിഎഫിന്റെ വർഗ്ഗീയ ബാന്ധവത്തിന് സാധുത നൽകുന്ന നടപടിയായി മാറുകയായിരുന്നു. ഒരു മുന്നണിയും വർഗ്ഗീയ വിരുദ്ധമല്ലെന്ന തോന്നലുണ്ടാക്കാൻ ഇത് ഇടയാക്കി.

 

 

രാഷ്ട്രീയ അടിത്തറ ദുർബലമാകുന്നുവെന്ന തോന്നലിൽ നിന്നാണ് പാർട്ടികൾ തങ്ങളുടെ പ്രഖ്യാപിത നിലപാടുകളിൽ വെള്ളം ചേർത്തുകൊണ്ട് പുതിയ ഘടക കക്ഷികളെ തേടിപ്പോകുന്നത്. രാഷ്ട്രീയ അടിത്തറയില്‍ ചോർച്ച സംഭവിക്കുന്നതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് നയവ്യതിയാനങ്ങൾ തിരുത്തുന്നതിനു പകരം അണികളിലുണ്ടാകുന്ന നഷ്ടം തത്വരഹിതമായി ഘടകകക്ഷികളെ കൂട്ടിച്ചേർത്ത് പരിഹരിക്കാൻ മുന്നണികൾ ശ്രമിക്കുമ്പോൾ സംഭവിക്കുന്നത് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ തകർച്ചയും സമുദായ ശക്തികളുടെ വളർച്ചയുമാണ്. ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് മത-സമുദായ നേതാക്കളുടെ ആസ്ഥാന മന്ദിരങ്ങളിലേക്കും ഭവനങ്ങളിലേക്കുമുള്ള രാഷ്ട്രീയ നേതാക്കളുടെ പിന്തുണ തേടിക്കൊണ്ടുള്ള 'തീർത്ഥയാത്രകൾ'. അരമനകൾ സന്ദർശിച്ചുകൊണ്ട്  ഈ പ്രവണതയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചത് ഇന്ദിരാ ഗാന്ധിയാണ്. യു.ഡി.എഫ് നേതാക്കൾ പിന്നീടത് തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അവിഭാജ്യ ഭാഗമാക്കുകയും സമുദായ നേതാക്കളുടെ ഇരിപ്പിടങ്ങൾ തേടിയുള്ള 'രാഷ്ട്രീയ തീർത്ഥയാത്ര'കളുടെ എണ്ണം കൂട്ടുകയും ചെയ്തു. ഇതിനു വിരുദ്ധമായ നിലപാടിൽ ഉറച്ചു നിന്നിരുന്ന എൽ.ഡി.എഫും സമീപകാലത്തായി ഇത്തരം 'തീർത്ഥയാത്രകൾ' തുടങ്ങി. ഇത് സമുദായ നേതാക്കളിൽ, സമൂഹത്തിൽ തങ്ങൾക്ക് യഥാർത്ഥത്തിലുള്ളതിൽ കൂടുതൽ ശക്തിയുണ്ടെന്നും  രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ ആശ്രിതരുമാണെന്നുമുള്ള ധാരണ സൃഷ്ടിക്കാനിടയാക്കി. രാഷ്ട്രീയ മണ്ഡലത്തിലേക്കുള്ള സമുദായ നേതാക്കളുടെ അതിരുകടന്ന കടന്നുകയറ്റത്തിന് ഇതുമൊരു കാരണമാണ്. മാത്രമല്ല, ഇരുമുന്നണികളും സമുദായ നേതാക്കളുടെ ആശ്രിതരാണെന്ന ധാരണ സമൂഹത്തിൽ പരത്താൻ ഇത് ഇടയാക്കി.

 

കരുണാകരനുശേഷം ആദർശവനായ ആന്റണിയിലേക്കും അതിനുശേഷം ആദർശത്തിന്റെ പര്യായം അധികാരവും അവസരവാദവുമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഉമ്മൻചാണ്ടിയിലേക്കും കോൺഗ്രസ്സിന്റെയും മുന്നണിയുടെയും നേതൃത്വം വന്നതോടെ യു.ഡി.എഫിന്റെ മേലുള്ള ന്യൂനപക്ഷ ആധിപത്യം സമ്പൂർണ്ണമായി. 2011-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ അംഗബലം കുറയുകയും കൂടുതൽ സീറ്റുകൾ നേടി ശക്തിയാർജ്ജിച്ച മുസ്ലീംലീഗിനേയും ജോസഫ്, പി.സി ജോർജ്ജ് ഗ്രൂപ്പുകൾ കൂടി ലയിച്ചു ചേർന്ന മാണി കേരള കോൺഗ്രസ്സിനെയും ആശ്രയിക്കേണ്ട അവസ്ഥയിൽ നേരിയ ഭൂരിപക്ഷത്തോടെ ഉമ്മൻചാണ്ടി സർക്കാർ അധികാരാരോഹണം നടത്തുകയും ചെയ്തതോടെ ഭരണത്തിലും യു.ഡി.എഫ് രാഷ്ട്രീയത്തിലുമുള്ള ന്യൂനപക്ഷ മേധാവിത്വം മുമ്പില്ലാത്ത വിധം പ്രകടമായിത്തുടങ്ങി.

 

മുസ്ലീംലീഗിന് ആരെല്ലാം മതേതര പ്രതിച്ഛായ നൽകാൻ ശ്രമിച്ചാലും അത് അടിസ്ഥാനപരമായി ഒരു വർഗ്ഗീയ കക്ഷിയാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കുന്നത് എങ്ങനെ മതേതരമാകും? കാഞ്ഞിരത്തിന് കയ്പില്ലെന്നു പറയുന്നതുപോലെ ഭോഷ്‌ക്കാണ് മുസ്ലീംലീഗിന് വർഗ്ഗീയതയില്ലെന്നു പറയുന്നത്. എന്നാൽ, കേരളത്തിന്റെ സവിശേഷമായ മതനിരപേക്ഷ രാഷ്ട്രീയ മൂല്യബോധത്തിന്റെ അപ്രതിരോധ്യത മൂലം വർഗ്ഗീയ നിലപാടുകളിൽ മിതത്വം പാലിക്കാൻ മുൻകാലങ്ങളിൽ ലീഗ് നിർബന്ധിതമായിരുന്നു. പില്ക്കാലത്ത് അഖിലേന്ത്യാതലത്തിൽ തന്നെ നടപ്പാക്കി തുടങ്ങിയ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ, ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനങ്ങൾ തുടങ്ങിയവ മുസ്ലീംലീഗിന്റെ വിലപേശൽ ശക്തിക്ക് കൂടുതൽ ഊർജ്ജം പകർന്നു.

 

അനുദിനം കരുത്താർജ്ജിക്കുന്ന ഇസ്ലാമിക തീവ്രവാദം തങ്ങളുടെ അണികളെ കൂട്ടത്തോടെ ചോർത്തിക്കൊണ്ടുപോകുമെന്ന് തിരിച്ചറിഞ്ഞ ലീഗ് നേതൃത്വം മിതമതവാദം ഉപേക്ഷിക്കാനും തീവ്രവിഭാഗങ്ങൾക്കുകൂടി സ്വീകാര്യമായ കടുത്ത വർഗ്ഗീയ സമീപനങ്ങളിലേക്ക് തിരിയാനും തുടങ്ങി. ലീഗിന്റെ നിലപാടുകളിലുണ്ടായ തീവ്രവർഗ്ഗീയ വ്യതിയാനത്തിന്റെ സൂചനയാണ് ലീഗ് ഭരിക്കുന്ന വകുപ്പുകളിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാമികവൽക്കരണം. തങ്ങൾ ഭരിക്കുന്ന വകുപ്പുകളിൽ ലഭ്യമാകുന്നിടത്തോളം ഉദ്യോഗസ്ഥരും തങ്ങളുടെ വകുപ്പുകളുമായി ബന്ധപ്പെട്ട കമ്മിറ്റികളിലെയും ഗവേണിംഗ് കൗൺസിലുകളിലെയും ഭൂരിപക്ഷ അംഗങ്ങളും മുസ്ലീം നാമധാരികൾ തന്നെയാകണമെന്നും ഉറപ്പുവരുത്തിക്കൊണ്ടാണ് മുസ്ലീംലീഗ് തങ്ങളുടെ 'മതനിരപേക്ഷ രാഷ്ട്രീയം' ഇന്നു കേരളത്തിൽ നടപ്പാക്കി വരുന്നത്. യോഗ്യരായ പ്രൊഫസര്‍മാരെ കിട്ടിയില്ലെങ്കിൽ സ്‌കൂൾ അധ്യാപകനെ വി.സിയാക്കാൻ പോലും നടത്തിയ നീക്കത്തിന്റെ പിന്നിലുണ്ടായിരുന്നതും തങ്ങളുടെ വകുപ്പുകളിലെ ഉന്നത സ്ഥാനങ്ങളിൽ മുസ്ലീം തന്നെ ആയിരിക്കണമെന്നുള്ള വർഗ്ഗീയ താല്പര്യം തന്നെയാണ്.

 

മറുവശത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം യു.ഡി.എഫ് ഭരണം തങ്ങളുടെ സ്വന്തം ഭരണമാണ്. അവർ ഒച്ചയും ബഹളവുമായി സമരരംഗത്ത് ഇറങ്ങുന്നത് എൽ.ഡി.എഫ് ഭരിക്കുമ്പോൾ മാത്രമാണ്. യു.ഡി.എഫ് ഭരിക്കുമ്പോൾ തങ്ങൾക്ക് അർഹതയുള്ളതിൽ കൂടുതൽ നിശബ്ദമായിരുന്ന് നേടാനവർക്കറിയാം. യു.ഡി.എഫ് ഭരിക്കുമ്പോൾ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഉമ്മൻചാണ്ടിയും മാണിയും മുതൽ അനൂപ് ജേക്കബ് വരെയുണ്ടെന്ന് അവർക്കറിയാം. അതുകൊണ്ടാണ് യു.ഡി.എഫ് ഭരിക്കുമ്പോൾ അനുസരണയുള്ള കുട്ടികളെപോലെ ശാന്തരായിരുന്നു അവർ തങ്ങളുടെ കാര്യം നടത്തുന്നത്.

 

വാസ്തവത്തിൽ ജനസംഖ്യയിൽ ഭൂരിപക്ഷ വിഭാഗമെന്ന് പറയുന്ന ഈഴവർക്കൊപ്പം 24 ശതമാനത്തിലധികം വരുന്ന മുസ്ലീങ്ങളും 12 ശതമാനമുള്ള നായരെക്കാൾ കൂടുതൽ 19 ശതമാനം പ്രാതിനിധ്യമുള്ള ക്രിസ്ത്യാനികളും സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷമാണോയെന്നത് പുന:ർചിന്തനം അർഹിക്കുന്ന വിഷയമാണ്. യഥാർത്ഥത്തിൽ ഭൂരിപക്ഷ-ന്യൂനപക്ഷ നിർണ്ണയം ദേശീയ അടിസ്ഥാനത്തിലല്ല സംസ്ഥാന തലത്തിലാണ് നടത്തേണ്ടത്.

 

തന്റെ മന്ത്രിസഭയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പ്രതിനിധികൾ തങ്ങളുടെ വകുപ്പുകൾ സ്വകാര്യ സാമ്രാജ്യങ്ങളാക്കി മാറ്റിക്കൊണ്ട് വർഗ്ഗീയ-പ്രാദേശിക അജണ്ടകൾ നടപ്പാക്കാൻ പ്രകടപ്പിക്കുന്ന ദുശ്ശാഠ്യങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ ലജ്ജാശൂന്യനായി കീഴടങ്ങുന്ന ഉമ്മൻചാണ്ടിയെയാണ് ഇന്നു കേരളം കാണുന്നത്. പാർട്ടിയിലെ തന്റെ ഗ്രൂപ്പുശത്രുവായ രമേശ് ചെന്നിത്തലയെ ഒതുക്കാൻ തന്റെ ഇടതും വലതുമിരിക്കുന്ന കുഞ്ഞാലിക്കുട്ടിയെയും മാണിയെയും തരാതരംപോലെ ഉപയോഗിക്കുന്ന ഉമ്മൻചാണ്ടിക്ക് അവരുടെ സങ്കുചിത വിഭാഗീയ താല്പര്യങ്ങളെ എതിർക്കാനുള്ള ധാർമ്മിക ബലമില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ആദർശത്തിന് അവധി കൊടുക്കുന്ന ഈ പഴയ ആന്റണി ശിഷ്യൻ ഇന്ന് നയിക്കപ്പെടുന്നത് ഏതുവിധേനയും തന്റെ മുഖ്യമന്ത്രിക്കസേര നിലനിർത്തുകയെന്ന ഏക അജണ്ടയാലാണ്. ചുരുക്കത്തിൽ, ഇന്നു കേരള രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സമുദായവൽക്കരണത്തിൽ ഉമ്മൻചാണ്ടി പിന്തുടരുന്ന അവസരവാദ-അധികാരരാഷ്ട്രീയത്തിനുള്ള പങ്ക് ചെറുതല്ല.

 

എൻ.എസ്.എസ്. - എസ്.എൻ.ഡി.പി ഐക്യം

 

ന്യൂനപക്ഷ മതവിഭാഗങ്ങൾ രാഷ്ട്രീയ-ഭരണ തലങ്ങളിൽ അതിരുകടന്ന ഇടപെടൽ നടത്തുന്നുവെന്ന പൊതുവികാരം ഉയർന്നുവന്ന സാഹചര്യത്തിലാണ് ഭൂരിപക്ഷമായ ഹിന്ദുക്കൾ ജാതീയതീതമായി സംഘടിക്കണമെന്ന ആശയം പല ഹൈന്ദവവാദികളിൽനിന്നും ഉയർന്നു വന്നത്. സംഘപരിവാറും ബിജെപിയും ഏറെക്കാലമായി മുന്നോട്ടു വയ്ക്കുന്ന ആശയമാണ് ഹിന്ദു ഐക്യമെന്നത്. ഉമ്മൻചാണ്ടി സർക്കാരിലെ ന്യൂനപക്ഷാധിപത്യം, ബിജെപിയുടെ രാഷ്ട്രീയ മുദ്രാവാക്യത്തിന് ഗണ്യമായൊരു വിഭാഗത്തിനിടയിൽ സ്വീകര്യത ലഭിക്കുന്ന സ്ഥിതിയുണ്ടാക്കി.

 

ഭൂരിപക്ഷ സമുദായ ഏകീകരണത്തിന്റെ ആദ്യപടിയെന്ന നിലയിലാണ് എൻ.എസ്.എസ്. -എസ്.എൻ.ഡി.പി. ഐക്യം സ്ഥാപിക്കപ്പെട്ടത്. നേതൃത്വങ്ങൾ തമ്മിൽ സ്ഥാപിക്കപ്പെട്ടുവെന്നു പറയുന്ന ഈ ഐക്യം ഇരു സമുദായങ്ങളിലെയും ഭൂരിപക്ഷത്തിന് സ്വീകാര്യമാണോ, താഴെത്തട്ടിൽ കരയോഗ-ശാഖാതലങ്ങളിൽ ഐക്യം എത്രത്തോളം പ്രാവർത്തികമാണ്, ഈ സമുദായ നേതാക്കളുടെ തീരുമാനങ്ങൾ കണ്ണുമടച്ച് ശിരസ്സാ വഹിക്കുന്നവർ ഓരോ സമുദായത്തിലും എത്ര ശത്രമാനം വരും, ഈ ഐക്യം സാമൂഹിക ജീവിതത്തിന്റെ ഏത് തലം വരെ പ്രതിധ്വനിക്കും തുടങ്ങിയ സംഗതികൾ ആലോചനാമൃതം തന്നെ. അതുപോലെതന്നെ നായർ-ഈഴവ ഐക്യത്തിന്, ചരിത്ര പശ്ചാത്തലത്തിലും സാമൂഹിക യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലും പരിശോധിക്കുമ്പോൾ എത്രത്തോളം സാമൂഹിക സാധുതയുണ്ട് എന്നതും വിശദമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നുകൂടി ഇവിടെ സൂചിപ്പിക്കട്ടെ.

 

നായർ-ഈഴവ സംഘടനാ നേതൃത്വങ്ങൾ മെനഞ്ഞെടുത്തിരിക്കുന്ന ഐക്യം യഥാർത്ഥത്തിൽ സമുദായാംഗങ്ങളുടെ താല്പര്യത്തെയാണോ അതോ ഈ നേതാക്കന്മാരുടെ സങ്കുചിത വ്യക്തി താല്പര്യങ്ങളെയാണോ പ്രതിനിധീകരിക്കുന്നത് എന്നതും പ്രസക്തമായ ചോദ്യമാണ്. തങ്ങളുടെ മക്കളെയും പാർശ്വവർത്തികളെയും തന്നെ സമുദായ പ്രതിനിധികളായി ദേവസ്വം ബോർഡുകൾ, സർവ്വകലാശാലാ സിൻഡിക്കേറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിൽ തെല്ലും സങ്കോചമില്ലാത്ത സമുദായ നേതാക്കളുടെ നടപടി ഈ സംശയത്തെ കൂടുതൽ ബലപ്പെടുത്തുന്നതാണ്. മാത്രമല്ല, ഈ രണ്ട് നേതാക്കളും ഒന്നിച്ചാൽ സഫലമാകുന്നതല്ല ഹൈന്ദവ ഐക്യം. എന്തുകൊണ്ടെന്നാൽ ഒന്നാമതായി ഈ സമുദായങ്ങളിലെ വലിയവിഭാഗം ജാതി-മതനിരപേക്ഷ രാഷ്ട്രീയ വിശ്വാസികളാണ്. രണ്ടാമതായി സംസ്ഥാന ജനസംഖ്യയിൽ 56.2 ശതമാനം വരുന്ന ഹിന്ദുക്കളിൽ ഈഴവരും നായന്മാരും മൊത്തമായി ചേർന്നാലും, തികച്ചും അസംഭവ്യം, 34-35 ശതമാനമേ വരൂ. അതിന്റെ അർത്ഥം 21 ശതമാനത്തിലധികം ഹിന്ദുക്കൾ ഇവരുടെ ഐക്യത്തിൽ പങ്കാളികളല്ലെന്നാണ്. ജാതി ശ്രേണിയിൽ ഈഴവർക്ക് താഴെയുള്ള പിന്നോക്ക-ദളിത് ഹിന്ദുക്കൾ സവർണ്ണാവർണ്ണ ഭേദമില്ലാത്ത ഹൈന്ദവസഖ്യത്തിന് എതിരുമാണുതാനും.

 

ഈ വസ്തുതകളെല്ലാം കാണിക്കുന്നത് വെള്ളാപ്പള്ളി നടേശനും ജി. സുകുമാരൻ നായരും വിചാരിച്ചാൽ ഹിന്ദു ഭൂരിപക്ഷ സമാഹരണം അസംഭാവ്യമാണെന്നാണ്. അപ്പോൾ പിന്നെ ഈ സഖ്യത്തിന്റെ ലക്ഷ്യമെന്താണ്? അത് പകൽ പോലെ സുവ്യക്തമാണ്. അതായത് യു.ഡി.എഫിന്റെ ന്യൂനപക്ഷപ്രീണനത്തിന്റെ മറപറ്റി സർക്കാരിന്റെ താക്കോല്‍ സ്ഥാനങ്ങളിൽ തങ്ങളുടെ ഇച്ഛയ്‌ക്കൊത്തു തുള്ളുന്ന ചിലയാളുകളെ പ്രതിഷ്ഠിച്ചുകൊണ്ട് സർക്കാരിന്റെ നയതീരുമാനങ്ങളിൽ അധികമധികം ഇടപെടാൻ അവസരമൊരുക്കുകയെന്നതാണ്. അല്ലാതെ ന്യൂനപക്ഷാധിപത്യത്തെ പ്രതിരോധിക്കലേയല്ല ഇവരുടെ ലക്ഷ്യം. എന്തെന്നാൽ, രമേശ് ചെന്നിത്തലയോ അല്ലെങ്കിൽ ചങ്ങനാശ്ശേരിക്ക് നിയന്ത്രിക്കാൻ കഴിയുന്ന മറ്റേതെങ്കിലും നായരോ മന്ത്രിയായതുകൊണ്ട് ഉമ്മൻചാണ്ടി മന്ത്രിസഭയുടെ സാമുദായിക ഘടനയിൽ യാതൊരു മാറ്റവും വരാൻ പോകുന്നില്ല. കാരണം രമേശായാലും മറ്റൊരാളായാലും പുതിയ മന്ത്രിക്ക് കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിൽ നിന്ന് ഏതെങ്കിലുമൊക്കെ വിഭജിച്ചു നൽകുകയേ നിവർത്തിയുള്ളു. അല്ലാതെ മുസ്ലീംലീഗിന്റെയോ കേരളാ കോൺഗ്രസ്സിന്റെയോ ഏതെങ്കിലും വകുപ്പുകളിൽ തൊട്ടുകളിക്കാമെന്ന് ഇന്നത്തെ അവസ്ഥയിൽ ഉമ്മൻചാണ്ടിക്കോ കോൺഗ്രസിനോ സ്വപ്നത്തിൽ പോലും വിചാരിക്കാനാവില്ല. ലീഗിന്റെയും കേരളാ കോൺഗ്രസ്സിന്റെയും കൈവശമുള്ള സുപ്രധാന വകുപ്പുകളിൽ ചിലത് എടുത്തുമാറ്റിക്കൊണ്ട് വകുപ്പുകൾ പുന:ർവിഭജിച്ചാൽ മാത്രമേ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ സാമുദായിക ഘടനയിൽ ജനാധിപത്യപരവും സന്തുലിതവവും ഗുണപരവുമായ മാറ്റമുണ്ടാക്കാനാവു. അതിനു സാദ്ധ്യമാകാത്തവിധം ന്യൂനപക്ഷ സമുദായ കക്ഷികൾക്ക് കീഴടങ്ങി ഭരിക്കുന്ന യു.ഡി.എഫ് മന്ത്രിസഭയിൽ, രണ്ടോ നാലോ ഹിന്ദു നാമധാരികളെക്കൂടി ഉൾപ്പെടുത്തിയാലും ന്യൂനപക്ഷ മേധാവിത്വത്തിന് യാതൊരു മാറ്റവുമുണ്ടാകില്ല.

 

ന്യൂനപക്ഷാധിപത്യത്തിനെതിരെ പോരാടുകയാണ്, യഥാർത്ഥത്തിൽ തങ്ങളുടെ ലക്ഷ്യമെങ്കിൽ  ഭൂരിപക്ഷ സമുദായ നേതാക്കൾ ചെയ്യേണ്ടത് മന്ത്രി സഭയിലും ഭരണകൂടത്തിലുമുള്ള ന്യൂനപക്ഷ അതിപ്രസരത്തെ കാര്യകാരണ സഹിതം ചൂണ്ടിക്കാണിച്ച് അത് തിരുത്തിക്കുന്നതിനുള്ള പൊതുജനാഭിപ്രായം ഉയർത്തിക്കൊണ്ടുവരുകയും എല്ലാത്തരം വർഗ്ഗീയതയ്ക്കുമെതിരെ മതനിരപേക്ഷ കക്ഷികളുമായി കൈകോർക്കുകയുമാണ്. അല്ലാതെ മന്ത്രിമാരെയും നേതാക്കളെയും തങ്ങളുടെ വരുതിക്കു നിർത്താനും അതിന് വഴങ്ങാത്തവരെ പരസ്യമായി പുലഭ്യം പറയാനും സമുദായ നേതാക്കൾ തുനിയുന്നത് വർഗ്ഗീയ വൽക്കരണത്തിന്റെ മറ്റൊരു വശമാണ്. എ.കെ ആന്റണിയെപ്പോലെ ഒരാളെ രാജ്യസഭാ അംഗമാക്കിയതും അതിലൂടെ കേന്ദ്രഭരണത്തിലെ രണ്ടാമനാക്കിയതും മറ്റ് ചിലരെ മന്ത്രിയാക്കിയതും തങ്ങളാണെന്ന് വീമ്പിളക്കാനുള്ള ഔദ്ധത്യവും അല്പത്തവും ചില സമുദായ നേതാക്കൾ പ്രകടിപ്പിക്കുമ്പോൾ സമൂഹത്തിനു മുന്നിൽ അവർ സ്വയം ചെറുതാകുകയാണ് ചെയ്യുന്നത്. രാഷ്ട്രീയത്തിലും ഭരണത്തിലുമുള്ള സാമുദായിക അസന്തുലിതാവസ്ഥയുടെ സാമൂഹിക പ്രത്യാഘാതം യുക്തിസഹമായി ഉയർത്തുന്നതിനു പകരം ഭൂരിപക്ഷ സമുദായ നേതാക്കൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതുപോലെയുള്ള ആക്രോശങ്ങൾ മത-സാമുദായിക വിദ്വേഷം മൂര്‍ച്ഛിപ്പിക്കാനെ സഹായിക്കൂ. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയ്‌ക്കെതിരെ ലീഗ് പത്രത്തിൽ വന്ന ലേഖനം ഇതാണ് കാണിക്കുന്നത്. മാത്രമല്ല ഭൂരിപക്ഷ സമുദായ നേതാക്കളുടെ അതിതീവ്ര നിലപാടുകൾ ഫലത്തിൽ ന്യൂനപക്ഷ ഏകീകരണത്തിനാണ് ഇന്ധനമാകുന്നത്. അതിന്റെ നേട്ടം രാഷ്ട്രീയമായി യു.ഡി.എഫിനാണ് കിട്ടുക. ഭൂരിപക്ഷ സമുദായ നേതാക്കൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടുകൾ തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ധരിക്കുന്ന ചില എൽ.ഡി.എഫ് നേതാക്കന്മാരും ഇടതുപക്ഷ മാധ്യമങ്ങളും ഇത് മനസ്സിലാക്കുന്നത് നന്നായിരിക്കും.

 

ഏറ്റവും ലജ്ജാവഹമായ കാര്യം നന്നേ ചെറുപ്പത്തിൽതന്നെ സംസ്ഥാന മന്ത്രിയായും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ടായും എ.ഐ.സി.സി സെക്രട്ടറിയായുമൊക്കെ പ്രാഗത്ഭ്യം തെളിയിച്ച കെ.പി.സിസി പ്രസിഡന്റിനെ ശപ്പനെന്നും നാണകെട്ടവനെന്നും കഴിവില്ലാത്തവനെന്നും ഒക്കെ സമുദായ നേതാക്കൾ മ്ലേച്ഛമായ പദങ്ങൾകൊണ്ട് വിശേഷിപ്പിക്കുകയും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്തിട്ടും ആലപ്പുഴ ഡി.സി.സിക്കാർ ഒഴികെ ഒരു കോൺഗ്രസ്സ് കമ്മിറ്റിയോ നേതാവോ മറുത്തൊരു വാക്കു ഉച്ചരിച്ചിട്ടില്ലെന്നതാണ്. ഇതു വെളിപ്പെടുത്തുന്നത് ജാതി-മത സമുദായ ശക്തികളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കെല്പില്ലാതെ അവർക്ക് മുന്നിൽ നിരുപാധികം കീഴടങ്ങുന്ന യു.ഡി.എഫിന്റെ ദയനീയ ചിത്രമാണ്.

 

ഇത്തരത്തിൽ രാഷ്ട്രീയ മണ്ഡലം ജാതി-മത-സമുദായ ശക്തികൾക്ക് കീഴടങ്ങുകയും സാമുദായിക ശക്തികൾ സാമൂഹിക -രാഷ്ട്രീയ ജീവിതത്തിൽ മേൽക്കോയ്മ നേടുകയും ചെയ്യുന്നത് മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയ കേരളത്തിന്റെ ഭാവിക്ക് വലിയ ഭീക്ഷണിയാണ്.

Tags: