ലക്നൌ: ഉത്തര്‍ പ്രദേശില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സിയ ഉല് ഹക്കിന്റെ കൊലപാതകത്തില്‍ ആരോപണ വിധേയനായ ‘രാജാ ഭയ്യ’ എന്നറിയപ്പെടുന്ന മന്ത്രി രഘുരാജ് പ്രതാപ് സിംഗ് രാജി വച്ചു. പ്രതാപ്ഗഡ് ജില്ലയില്‍ ശനിയാഴ്ചയാണ് ജനക്കൂട്ടം ഡി.എസ്.പി.യെ വധിച്ചത്. കുണ്ടയില്‍ പ്രാദേശിക നേതാവിന്റെ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
കേസില്‍ യു.പി. ഭക്ഷ്യ – പൊതു വിതരണ കാര്യ മന്ത്രിയായ രാജ ഭയ്യക്കെതിരെ ഗൂഡാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാജ ഭയ്യയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഡി.എസ്.പി.യുടെ ഭാര്യ പര്വീന് ആസാദ് പരാതി നല്‍കിയിരുന്നു. രാജ ഭയ്യയുടെ ഡ്രൈവറുമായുള്ള വസ്തു തര്‍ക്കത്തെ തുടര്‍ന്നാണ് പ്രാദേശിക നേതാവ് കൊല്ലപ്പെട്ടത്.
രാജി മുഖ്യമന്ത്രി അഖിലേഷ് യാദവ് സ്വീകരിച്ചതായി ഡല്‍ഹിയില്‍ സമാജ് വാദി പാര്‍ടി നേതാവ് മുലായം സിംഗ് യാദവ് അറിയിച്ചു. കുണ്ട നിയോജക മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചാം വട്ടം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയിച്ച രാജാ ഭയ്യ ഗുണ്ടാ നിയമമനുസരിച്ചുള്ള കേസുകളിലടക്കം പ്രതിയാണ്.