സമാജ്‌വാദി പാര്‍ട്ടിയില്‍ നാളുകളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ആഭ്യന്തര കലഹം ഒടുവില്‍ പിളര്‍പ്പിലേക്ക് നീങ്ങുന്നു. പാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങളില്‍ ഒന്നിന്‍റെ തലവനും സ്ഥാപക നേതാവ് മുലായം സിങ്ങ് യാദവിന്റെ അനിയനുമായ ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. സമാജ്‌വാദി മതനിരപേക്ഷ മുന്നണി എന്ന പേരിലുള്ള പുതിയ പാര്‍ട്ടിയുടെ നേതാവായി മുലായത്തിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
1992-ല്‍ മുലായം സ്ഥാപിച്ച സമാജ്‌വാദി പാര്‍ട്ടിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി മുലായത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും മുലായത്തിന്റെ പിന്തുണയുള്ള ശിവപാല്‍ യാദവ് വിഭാഗവും തമ്മില്‍ പരസ്യമായ കലഹം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന് മുന്‍പായി രൂക്ഷമായ തര്‍ക്കത്തില്‍ അഖിലേഷിനാണ് പാര്‍ട്ടിയില്‍ മേല്‍ക്കൈ ലഭിച്ചത്.
പുതിയ പാര്‍ട്ടിയുടെ നേതാവായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും മുലായം ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.