ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിന് പ്രതികരണമെന്നോണം സംസ്ഥാനത്തെ ആറു പ്രദേശങ്ങളുടെ പേര്‍ ചൈന മാറ്റി. പ്രദേശത്തിലെ പരമാധികാരം വ്യക്തമാക്കുന്നതിനായിട്ടാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുള്ള സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും തെക്കന്‍ തിബറ്റിന്റെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. വിഘടനവാദി നേതാവായാണ് തിബറ്റന്‍ ബുദ്ധിസത്തിന്റെ ആത്മീയ ആചാര്യനായ ദലൈലാമയെ ചൈന വിശേഷിപ്പിക്കാറുള്ളത്. ഏപ്രില്‍ ആദ്യം നടന്ന ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരെ ചൈന കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.
പുതിയ പേരുകളോടെയുള്ള ഭൂപടം ദലൈലാമയുടെ സന്ദര്‍ശനം അവസാനിച്ചതിന്റെ പിറ്റേന്ന് ഏപ്രില്‍ 13-നാണ് പ്രസിദ്ധീകരിച്ചത്.