ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ തുടര്‍ന്ന്‍ ചൈന കടുത്ത ഭാഷയില്‍ ഇന്ത്യയ്ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും “തര്‍ക്കപ്രദേശമായ” അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ദലൈലാമയെ അനുവദിക്കുന്നതില്‍ ഇന്ത്യ “പിടിവാശി” കാണിച്ചതായും ഇത് ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് സാരമായ ആഘാതം വരുത്തിയതായും ചൈനയുടെ വിദേശകാര്യ വക്താവ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബീജിങ്ങിലെ ഇന്ത്യയുടെ സ്ഥാനപതി വിജയ് ഗോഖലെയോട് ചൈന പ്രതിഷേധം ഔദ്യോഗികമായി അറിയിച്ചു. തിബറ്റന്‍ ബുദ്ധിസ്റ്റുകളുടെ ആത്മീയ ആചാര്യനായ ദലൈലാമയെ വിഘടനവാദ നേതാവായാണ് ചൈന കണക്കാക്കുന്നത്. അരുണാചല്‍ പ്രദേശിനെ തെക്കന്‍ തിബറ്റിന്റെ ഭാഗമായും.
തന്റെ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് തിങ്കളാഴ്ചയാണ് 81-കാരനായ ദലൈലാമ അരുണാചല്‍ പ്രദേശില്‍ എത്തിയത്. സന്ദര്‍ശനം തികച്ചും മതപരമായ വിഷയമാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടരുതെന്നുമായിരുന്നു കഴിഞ്ഞ ദിവസം അരുണാചലില്‍ നിന്നുള്ള ലോക്സഭാംഗം കൂടിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരെന്‍ റിജിജു കഴിഞ്ഞ ദിവസം പ്രതികരിച്ചത്.