Skip to main content

ഇന്ത്യയും ചൈനയും തമ്മിലുള്ള തന്ത്രപര സംഭാഷണം ബീജിംഗില്‍ തുടങ്ങി. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും ചൈനയുടെ വിദേശകാര്യ ഉപമന്ത്രി ക്ഷാംഗ് യെസ്യുവുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

 

സംഭാഷണത്തിന് മുന്നോടിയായി ജയശങ്കര്‍ ചൈനയുടെ വിദേശമന്ത്രി വാംഗ് യിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ലോകത്തെ പ്രധാന രാഷ്ട്രങ്ങള്‍ എന്നതിന് പുറമേ പ്രമുഖ വികസ്വര രാഷ്ട്രങ്ങളും ഉയര്‍ന്നുവരുന്ന വിപണികളുമായ ഇന്ത്യയും ചൈനയും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണമെന്ന് യി പറഞ്ഞു.

 

ജെയ്ഷെ മുഹമ്മദ്‌ തലവന്‍ മസൂദ് അസറിന്റെ വിലക്കും ആണവ വിതരണ സംഘത്തിലെ ഇന്ത്യയുടെ അംഗത്വവുമടക്കമുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സംഭാഷണം. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയ്ക്കെതിരെ ഇന്ത്യയുടെ പ്രതിഷേധവും സംഭാഷണത്തില്‍ ഉയരാന്‍ സാധ്യതയുണ്ട്.