Skip to main content

ഉത്തര്‍ പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും തമ്മില്‍ സഖ്യം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സീറ്റ് പങ്കാളിത്തം സംബന്ധിച്ച കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമാകുമെന്ന് ആസാദ് അറിയിച്ചു. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ രണ്ട് ദിവസത്തില്‍ തീരുമാനമാകുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതായും ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും അറിയിച്ചു.

 

സമാജ്‌വാദി പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തില്‍ പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നാലെയാണ് രണ്ട് പാര്‍ട്ടികളും സഖ്യവാര്‍ത്ത സ്ഥിരീകരിച്ചത്.

 

ജനുവരി ഒന്നിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി  രാം ഗോപാല്‍ യാദവ്  വിളിച്ച സമ്മേളനത്തില്‍ അഖിലേഷിനെ പാര്‍ട്ടി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തതോടെയാണ്‌ ഉള്‍പ്പാര്‍ട്ടി തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിയത്. ഇതിനെ ചോദ്യം ചെയ്ത പാര്‍ട്ടി സ്ഥാപകനും അഖിലേഷിന്റെ അച്ഛനുമായ മുലായം സിങ്ങ്  യാദവ് താന്‍ തന്നെയാണ്‌ പാര്‍ട്ടി അധ്യക്ഷനെന്നും സൈക്കിള്‍ ചിഹ്നം തന്റെ വിഭാഗത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കമ്മീഷനെ സമീപിക്കുകയായിരുന്നു.