Skip to main content

 

ജമ്മു കശ്മീരിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്കപ്പുറത്ത് ചൈനയുടെ സൈനികര്‍ പാകിസ്ഥാന്റെ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതായി ബി.എസ്.എഫിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ അതിര്‍ത്തി രക്ഷാ സേനയുടെ ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ദോവലിനു സമര്‍പ്പിച്ചതായി വാര്‍ത്താ ഏജന്‍സി പി.ടി.ഐ വെളിപ്പെടുത്തി.

 

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ രജൌറി സെക്ടറിന്റെ മറുവശത്ത് ചൈനയുടെ സൈനികര്‍ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പാകിസ്താന്റെ അതിര്‍ത്തി സേനയായ പാകിസ്ഥാന്‍ റേഞ്ചേഴ്സ് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നത് കണ്ടതായി ബി.എസ്.എഫ് റിപ്പോര്‍ട്ട് പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ റേഞ്ചേഴ്സ് ആണ് കാവല്‍ ചുമതല നിര്‍വ്വഹിക്കുന്നതെങ്കിലും ശ്രീനഗര്‍ സെക്ടറിന്റെ മറുവശത്ത് പാകിസ്ഥാന്‍ സൈന്യം ചുമതല ഏറ്റെടുത്തിരിക്കുന്നതായും പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

 

കൃത്യമായി ഉന്നം വെച്ച് വെടിവെക്കാന്‍ കഴിയുന്നവരെ തന്ത്രപര സ്ഥാനങ്ങളില്‍ നിയോഗിക്കാന്‍ പാകിസ്ഥാന്‍ സൈന്യവും റേഞ്ചേഴ്സും ആലോചിക്കുന്നതായി ചോര്‍ത്തിയ ഫോണ്‍ സംഭാഷങ്ങള്‍ സൂചിപ്പിക്കുന്നതായും ബി.എസ്.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രത്യേക കമാന്‍ഡോ സംഘങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ ഭൂപ്രദേശത്ത് കടന്നുകയറി ആക്രമണങ്ങള്‍ നടത്തുകയായിരിക്കും ഇവരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു. പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ തീവ്രവാദികളുടെ ഒരു വലിയ സംഘം തമ്പടിച്ചിരിക്കുന്നതായും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജമ്മു കശ്മീരിലേക്ക് ഇവര്‍ നുഴഞ്ഞുകയറാന്‍ സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.     

 

പഞ്ചാബിലെ അബോഹാര്‍, ഗുര്‍ദാസ്പൂര്‍ സെക്ടറുകളില്‍ അടുത്തകാലത്ത് പാകിസ്ഥാന്‍ ഏതാനും നിരീക്ഷണ കേന്ദ്രങ്ങള്‍ പണിതതായി ബി.എസ്.എഫ് കണ്ടെത്തിയിട്ടുണ്ട്.