തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രാ നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച തുടങ്ങി. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ വിശ്വാസപ്രമേയ അവതരണമാണ് മൂന്ന് ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ പ്രധാന കാര്യപരിപാടി. അതിനിടെ, സഖ്യചര്‍ച്ചകളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ശിവസേനയുടെ അംഗങ്ങള്‍ പ്രതിപക്ഷ ബഞ്ചുകളിലാണ് ഇരുന്നത്.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയുമായി നടക്കും. നവംബര്‍ 12-ന് പുതിയ സ്പീക്കറുടെ തെരഞ്ഞെടുപ്പും നിശ്ചയിച്ചിട്ടുണ്ട്.
കാവി നിറത്തിലുള്ള പരമ്പരാഗത തലപ്പാവ് ധരിച്ച് ഒറ്റ സംഘമായി എത്തിയ ശിവസേന അംഗങ്ങള്‍ സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയെന്ന നിലയില്‍ പ്രതിപക്ഷത്തിന് അനുവദിക്കുന്ന കസേരകളില്‍ ആണ് ഇരുന്നത്. എന്‍.സി.പിയുടെ പിന്തുണ സ്വീകരിക്കുന്ന കാര്യത്തില്‍ ബി.ജെ.പി നിലപാട് വ്യക്തമാക്കണം എന്ന് സേന ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതില്‍ ബി.ജെ.പിയുടെ ഭാഗത്ത് നിന്നും മറുപടിയൊന്നും ഉണ്ടായില്ല. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിരുപാധിക പിന്തുണ നല്‍കുമെന്ന് എന്‍.സി.പി വോട്ടെണ്ണല്‍ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു.
ഞായറാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ വികസനവും ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കിയിരിക്കുകയാണ്. ശിവസേനയുടെ സുരേഷ് പ്രഭുവിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ബി.ജെ.പി താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഈ നിര്‍ദ്ദേശം സേന തള്ളി. തുടര്‍ന്ന് സുരേഷ് പ്രഭു സേനയില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേരുകയും ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ചടങ്ങ് കേന്ദ്ര മന്ത്രിസഭയിലെ സേനയുടെ പ്രതിനിധിയായ അനന്ത് ഗീതെ ഉള്‍പ്പെടെയുള്ളവര്‍ ബഹിഷ്കരിച്ചിരുന്നു.
ശിവസേനയും ബി.ജെ.പിയും 25 വര്‍ഷം നീണ്ട സഖ്യം അവസാനിപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മികച്ച പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി മഹാരാഷ്ട്രയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുകയായിരുന്നു.