Skip to main content
മുംബൈ

devendra fadnavis

 

മഹാരാഷ്ട്രയില്‍ ബി.ജെ.പി നിയമസഭാകക്ഷി നേതാവായി പാര്‍ട്ടി അദ്ധ്യക്ഷന്‍ കൂടിയായ ദേവേന്ദ്ര ഫട്നാവിസിനെ ചൊവ്വാഴ്ച തെരഞ്ഞെടുത്തു. നാഗ്പൂരില്‍ നിന്നുള്ള എം.എല്‍.എയായ 44-കാരനായ ഫട്നാവിസ് സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാകും. പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍ നിന്നെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്, ബി.ജെ.പി ജനറല്‍ സെക്രട്ടറി ജെ.പി നഡ്ഡ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നിയമസഭാകക്ഷി യോഗം.

 

288 അംഗ സഭയില്‍ 122 സീറ്റുകള്‍ ഉള്ള ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ ഉന്നയിക്കാന്‍ ഗവര്‍ണറെ കണ്ട് അവകാശം ഉണയിക്കും. വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ആയിരിക്കും പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കും.  

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാതെയും ശിവസേനയുമായുള്ള സഖ്യചര്‍ച്ചകള്‍ ഫലപ്രദമാകാതെയും ഉള്ള സാഹചര്യത്തില്‍ ന്യൂനപക്ഷ മന്ത്രിസഭ രൂപീകരിക്കാനാണ് ബി.ജെ.പി തീരുമാനം. സ്വതന്ത്രരും ചെറുകക്ഷികളും അടക്കം പത്തിലധികം എം.എല്‍.എമാരുടെ പിന്തുണ ബി.ജെ.പി ഉറപ്പാക്കിയിട്ടുണ്ട്. മന്ത്രിസഭ രൂപീകരിക്കാന്‍ ബി.ജെ.പിയ്ക്ക് നിരുപാധിക പിന്തുണ നല്‍കുമെന്ന് എന്‍.സി.പി വോട്ടെണ്ണല്‍ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുടെ മുഖ്യമന്ത്രിയെ പാര്‍ട്ടി പിന്താങ്ങുമെന്ന് ശിവസേന മുഖപത്രം സാംന കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിശ്വാസപ്രമേയത്തെ അതിജീവിക്കാന്‍ ബി.ജെ.പിയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല.