മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിയ്ക്കുള്ള പിന്തുണ ശിവസേന വ്യക്തമാക്കി. മുഖ്യമന്ത്രിയായി ബി.ജെ.പി തെരഞ്ഞെടുക്കുന്നത് നിതിന്‍ ഗഡ്കരിയോ ദേവേന്ദ്ര ഫട്നാവിസോ ആരായാലും ശിവസേന പിന്തുണയ്ക്കുമെന്ന് മുഖപത്രമായ സാംനയില്‍ പാര്‍ട്ടി വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് ബി.ജെ.പി നിയമസഭാകക്ഷി യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ ദേവേന്ദ്ര ഫട്നാവിസ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഏതാനും എം.എല്‍.എമാര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും ന്യൂഡല്‍ഹിയില്‍ തുടരാനാണ് തനിക്ക് താല്‍പ്പര്യമെന്ന് ഗഡ്കരി വ്യക്തമാക്കിയിരുന്നു.
ഒക്ടോബര്‍ 30-ന് വാങ്കഡെ സ്റ്റേഡിയത്തില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് കരുതപ്പെടുന്നത്. സഖ്യ രൂപീകരണം സംബന്ധിച്ച് ബി.ജെ.പിയും ശിവസേനയും തമ്മില്‍ വ്യക്തമായ തീരുമാനത്തില്‍ എത്തിയിട്ടില്ല. കേവല ഭൂരിപക്ഷത്തിന് 22 സീറ്റുകളുടെ കുറവുണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു. ഏതാനും സ്വതന്ത്രര്‍ ബി.ജെ.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പുറമേ, തെരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പിയ്ക്ക് നിരുപാധിക പിന്തുണ നല്‍കുമെന്ന് എന്‍.സി.പിയും പ്രഖ്യാപിച്ചിട്ടുണ്ട്.