ചൈനയുടെ പിന്തുണയില്‍ ആരംഭിക്കുന്ന പുതിയ ഏഷ്യാ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്കില്‍ (എ.ഐ.ഐ.ബി) ഇന്ത്യയടക്കം 21 രാഷ്ട്രങ്ങള്‍ സ്ഥാപക അംഗങ്ങളാകും. വെള്ളിയാഴ്ച ബീജിംഗില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച ഉടമ്പടി ഒപ്പ് വെച്ചു. ധനകാര്യ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ഉഷ ടൈറ്റസ് ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
ഏഷ്യാ വന്‍കരയില്‍ അടിസ്ഥാനസൗകര്യ വികസനം വര്‍ധിപ്പിക്കാന്‍ സ്ഥാപിക്കുന്ന ബാങ്ക് പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്ക് നിയന്ത്രണമുള്ള ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്) എന്നിവയുടെ സ്വാധീനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. യു.എസിനൊപ്പം ജപ്പാന്‍ നിയന്ത്രിക്കുന്ന ഏഷ്യാ വികസന ബാങ്കിന് (എ.ഡി.ബി) ബദല്‍ കൂടി ഈ നീക്കത്തിലൂടെ ചൈന ഉന്നം വെക്കുന്നു.
എ.ഡി.ബിയുടെ ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുള്ള ചൈനയുടെ ധനകാര്യ ഉപമന്ത്രി ചിന്‍ ലിഛുന്‍ എ.ഐ.ഐ.ബിയുടെ ആദ്യ സെക്രട്ടറി ജനറല്‍ ആകും. ബീജിംഗ് ആസ്ഥാനമായി ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷത്തോടെ ആരംഭിക്കാനാണ് പദ്ധതി. 10,000 കോടി ഡോളര്‍ ആയിരിക്കും ബാങ്കിന്റെ അംഗീകൃത മൂലധനം. വോട്ടിംഗ് അവകാശത്തിന്റെ രീതി അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മൊത്ത ആഭ്യന്തര ഉല്‍പ്പാദനവും വാങ്ങല്‍ ശേഷിയും കണക്കിലെടുത്തായിരിക്കും ഇത് തീരുമാനിക്കുകയെന്നു കരുതുന്നു. അതനുസരിച്ച് ചൈന കഴിഞ്ഞാല്‍ ബാങ്കിലെ രണ്ടാമത്തെ വലിയ ഓഹരിയുടമ ഇന്ത്യയായിരിക്കും.
പാശ്ചാത്യ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ സ്വാധീനം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന ബാങ്കിന് ഇന്ത്യയുടെ പങ്കാളിത്തം രാഷ്ട്രീയമായും ഗുണകരമാകുമെന്ന് ചൈന കരുതുന്നു. ജൂലൈയില്‍ ബ്രിക്സ് ഉച്ചകോടിയുടെ പാര്‍ശ്വങ്ങളില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിംഗാണ് ബാങ്കില്‍ ചേരുന്നതിന് ഇന്ത്യയെ ഔദ്യോഗികമായി ക്ഷണിച്ചത്. ഉച്ചകോടിയില്‍ അംഗരാഷ്ട്രങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവര്‍ ചേര്‍ന്ന്‍ ബ്രിക്സ് വികസന ബാങ്ക് രൂപീകരിക്കാന്‍ തീരുമാനമായിരുന്നു. ചൈനയിലെ ഷാംഗ്ഹായ് ആസ്ഥാനമായ ബാങ്കിന്റെ ആദ്യ പ്രസിഡന്റ് ഇന്ത്യയില്‍ നിന്നായിരിക്കും.
ഇന്ത്യക്കും ചൈനയ്ക്കും പുറമേ വിയറ്റ്നാം, ഉസ്ബെക്കിസ്ഥാന്‍, തായ്ലാന്‍ഡ്, ശ്രീലങ്ക, സിംഗപ്പൂര്‍, ഖത്തര്‍, ഒമാന്‍, ഫിലിപ്പീന്‍സ്, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ബ്രുണെ, കംബോഡിയ, കസാഖ്‌സ്ഥാന്‍, കുവൈത്ത്, ലാവോസ്, മലേഷ്യ, മംഗോളിയ, മ്യാന്‍മാര്‍ എന്നീ രാഷ്ട്രങ്ങളാണ് ബാങ്കിലെ അംഗങ്ങള്‍.