മഹാരാഷ്ട്രയില്‍ തനിച്ച് മന്ത്രിസഭ രൂപീകരിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സഖ്യചര്‍ച്ചകളില്‍ ശിവസേന മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന നിലപാടാണ് പാര്‍ട്ടിയ്ക്കുള്ളത്. ബി.ജെ.പി സര്‍ക്കാറിനെ പിന്തുണയ്ക്കുമെന്ന് എന്‍.സി.പി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
288 അംഗ സഭയില്‍ 122 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും കേവല ഭൂരിപക്ഷത്തിന് 23 സീറ്റുകളുടെ കുറവുണ്ട്. ചെറുകക്ഷികളും സ്വതന്ത്രരും അടക്കം 12 പേരും പിന്തുണ ബി.ജെ.പി സ്വീകരിച്ചേക്കും. എന്‍.സി.പി വോട്ടെണ്ണല്‍ ദിവസം തന്നെ ബി.ജെ.പിയ്ക്ക് സര്‍ക്കാറുണ്ടാക്കാന്‍ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനാല്‍, വിശ്വാസ പ്രമേയം പാസാക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി കരുതുന്നു.
തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് 63 സീറ്റും എന്‍.സി.പിയ്ക്ക് 41 സീറ്റും ഉണ്ട്. കോണ്‍ഗ്രസിന് 42 സീറ്റുകളാണ് ലഭിച്ചത്. ഭരണ-പ്രതിപക്ഷ സഖ്യങ്ങള്‍ പിരിഞ്ഞതോടെ രൂപപ്പെട്ട പഞ്ചകോണ മത്സരത്തില്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. മറ്റുള്ളവര്‍ 19 സീറ്റുകള്‍ നേടി.
ബി.ജെ.പിയ്ക്കൊപ്പം ചേര്‍ന്ന്‍ മന്ത്രിസഭ രൂപീകരിക്കുന്നതിന് തയ്യാറാണെന്ന് ശിവസേന പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുല്യ എണ്ണം മന്ത്രിസഭാ സ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബി.ജെ.പി വിസമ്മതിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് പിരിഞ്ഞ 25 വര്‍ഷം പഴക്കമുള്ള കാവിസഖ്യത്തില്‍ ശിവസേനയുടെ പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി. ആ സമവാക്യം ഇപ്പോള്‍ നേര്‍ വിപരീതമായി മാറിയിരിക്കുകയാണ്.
തിടുക്കത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനില്ല എന്ന നിലപാടിലാണ് പാര്‍ട്ടി. ദീപാവലി കഴിഞ്ഞാണ് ബി.ജെ.പി നിയമസഭാകക്ഷി യോഗം ചേരുക. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ചൊവ്വാഴ്ച മുംബൈയില്‍ സംസ്ഥാനത്തെത്താനിരുന്ന കേന്ദ്രനേതാക്കളായ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജെ.പി നഡ്ഢയും യാത്ര ദീപാവലിയ്ക്ക് ശേഷമാക്കിയിട്ടുണ്ട്.