സഖ്യങ്ങള്‍ പിരിഞ്ഞു; മഹാരാഷ്ട്ര പഞ്ചകോണ മത്സരത്തിലേക്ക്

Fri, 26-09-2014 12:06:00 PM ;
മുംബൈ

maharashtra assembly constituencies

 

മഹാരാഷ്ട്രയിലെ രാഷ്ട്രീയ രംഗത്ത് വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് ഭരണ-പ്രതിപക്ഷ സഖ്യങ്ങള്‍ പിരിഞ്ഞു. ഭരണമുന്നണിയില്‍ 15 വര്‍ഷം നീണ്ട സഖ്യത്തിന് കോണ്‍ഗ്രസും എന്‍.സി.പിയും അവസാനമിട്ടപ്പോള്‍ പ്രതിപക്ഷത്ത് ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള 25 വര്‍ഷം നീണ്ട യോജിപ്പിനാണ് വിരാമമായത്. വ്യാഴാഴ്ച രാത്രി ബി.ജെ.പിയും എന്‍.സി.പിയുമാണ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്.

 

രണ്ട് ദശാബ്ദത്തിനിടെ ആദ്യമായാണ് നാല് പാര്‍ട്ടികളും തനിച്ച് മത്സരിക്കുന്നത്. ശിവസേനയില്‍ നിന്ന്‍ വിട്ട് രാജ് താക്കറെ രൂപീകരിച്ച മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും കൂടി ചേരുമ്പോള്‍ പഞ്ചകോണ മത്സരത്തിനാണ് ഒക്ടോബര്‍ 15-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുക.

 

മുഖ്യകക്ഷികളായ ശിവസേനയും കോണ്‍ഗ്രസും സ്വീകരിച്ച കടുത്ത നിലപാടുകളാണ് സഖ്യത്തില്‍ നിന്ന്‍ പിരിയാന്‍ കാരണമായതെന്ന് ബി.ജെ.പിയും എന്‍.സി.പിയും ആരോപിച്ചു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്ന്‍ കൂടുതല്‍ സീറ്റുകളും അതാത് സഖ്യത്തില്‍ തുല്യസ്ഥാനവും രണ്ട് പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സഖ്യം നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും തങ്ങള്‍ നടത്തിയതായി ശിവസേന മുഖപത്രം സാംന വിശദീകരിച്ചു. മോശം കാലത്തും തങ്ങള്‍ സഖ്യത്തില്‍ തുടര്‍ന്ന കാര്യവും പത്രം എടുത്തുപറഞ്ഞു.      

നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മൂന്ന്‍ ദിവസം മാത്രം ബാക്കിയിരിക്കെ മഹാരാഷ്ട്രയിലെ രണ്ട് പ്രമുഖ മുന്നണികളിലും സീറ്റ് വിഭജനത്തില്‍ ധാരണയായില്ല. ബി.ജെ.പിയും ശിവസേനയും തമ്മില്‍ ചൊവ്വാഴ്ച ഏകദേശ ധാരണയില്‍ എത്തിയെങ്കിലും ഇതില്‍ സഖ്യത്തിലെ ചെറുകക്ഷികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.   ഭരണമുന്നണിയില്‍ എന്‍.സി.പിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നു. ഒക്ടോബര്‍ 15-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ശനിയാഴ്ച വരെയാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുക.

 

ബി.ജെ.പിയുടേയും ശിവസേനയുടേയും ‘മഹായുതി’ സഖ്യത്തിലെ മൂന്ന്‍ ചെറുകക്ഷികളാണ് സഖ്യം വിടുന്നതായി ബുധനാഴ്ച പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാത്രി രണ്ട് പാര്‍ട്ടികളും തമ്മില്‍ എത്തിച്ചേര്‍ന്ന ധാരണയില്‍ എഴു സീറ്റുകള്‍ മാത്രമാണ് മറ്റ് നാല്  പാര്‍ട്ടികള്‍ക്ക് നീക്കിവെച്ചിട്ടുള്ളത്. 18 സീറ്റുകള്‍ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. തങ്ങളെ അപമാനിക്കുകയും പുറകില്‍ നിന്ന്‍ കുത്തുകയുമാണ് സേനയും ബി.ജെ.പിയും ചെയ്തിരിക്കുന്നതെന്നും സ്വാഭിമാനി ശേതകാരി സംഘടന, രാഷ്ട്രീയ സമാജ് പക്ഷ, ശിവസംഗ്രാം എന്നീ സംഘടനകള്‍ പ്രതികരിച്ചു. ഇന്ന്‍ വൈകുന്നേരത്തിനുള്ളില്‍ തങ്ങളുടെ ആവശ്യത്തില്‍ തീരുമാനമായെങ്കില്‍ മഹായുതി സഖ്യം വിട്ട് തെരഞ്ഞെടുപ്പില്‍ യോജിച്ച് മത്സരിക്കുമെന്നും ഈ സംഘടനകള്‍ അറിയിച്ചു. രാംദാസ് അതാവലെയുടെ ആര്‍.പി.ഐ (എ.)യും മഹായുതി സഖ്യത്തിലെ അംഗമാണ്.

 

25 വര്‍ഷമായി സഖ്യത്തില്‍ തുടരുന്ന പാര്‍ട്ടികളാണെങ്കിലും കടുത്ത തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ശിവസേന 151 സീറ്റിലും ബി.ജെ.പി 130 സീറ്റിലും മത്സരിക്കാനാണ് ധാരണയായത്. 288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭയില്‍ ഉള്ളത്. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന്‍ മുംബൈയില്‍ എത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സഖ്യം സംബന്ധിച്ച് തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ യാത്ര ഒരു ദിവസം നീട്ടി.   

 

അതേസമയം. കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവും സമാന അവസ്ഥയിലാണെന്നതാണ് സേന-ബി.ജെ.പി സഖ്യത്തിന് അല്‍പ്പമെങ്കിലും ആശ്വാസമാകുക. നേര്‍പകുതി (144) സീറ്റുകളും പകുതി കാലയളവില്‍ മുഖ്യമന്ത്രി സ്ഥാനവും എന്ന പുതിയ ആവശ്യവും എന്‍.സി.പി ഉയര്‍ത്തിയതോടെ ചൊവ്വാഴ്ച നടന്ന ഭരണമുന്നണിയിലെ സീറ്റ് ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ലഭിക്കേണ്ട വകുപ്പുകളും എന്‍.സി.പി സഖ്യചര്‍ച്ചയില്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, 124 സീറ്റുകള്‍ മാത്രമേ എന്‍.സി.പിയ്ക്ക് നല്‍കാനാകുള്ളൂ എന്ന നിലപാടില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഉറച്ചുനില്‍ക്കുന്നു.      

- See more at: http://lifeglint.com/content/india/140924/maharashtra-alliances-in-crisi...

Tags: