ഒന്‍പത് വര്‍ഷത്തിന് ശേഷം നടക്കുന്ന ഫുട്ബാള്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയാണ് 44ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന്‍ നിര്‍ണ്ണായക ഗോള്‍ നേടിയത്. അവസാന 20 മനിട്ടില്‍ പത്ത് പേരുമായിട്ടാണ് ഇന്ത്യ കളിച്ചതെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ പാകിസ്ഥാന് കഴിഞ്ഞില്ല.
നാളുകള്‍ക്ക് ശേഷം നടക്കുന്ന കൂടിക്കാഴ്ചയുടെ വൈകാരികതയും സ്റ്റേഡിയം നിറഞ്ഞ കാണികളുടെ ആര്‍പ്പുവിളികളും ആവേശപൂരിതമാക്കിയ അന്തരീക്ഷത്തിലായിരുന്നു മത്സരം. ഇന്ത്യ-പാക് മത്സരങ്ങളുടെ സമ്മര്‍ദ്ദം കളിക്കളത്തിലും പ്രതിഫലിച്ചപ്പോള്‍ കളിക്കാരുടെ നിയന്ത്രണവും പലപ്പോഴും നഷ്ടപ്പെടുകയും കളിക്കൊപ്പം വാക്പോരും അരങ്ങേറുകയും ചെയ്തു. രണ്ട് പകുതിയിലും ഓരോ മഞ്ഞക്കാര്‍ഡ് കണ്ട് 70ാം മിനിറ്റില്‍ ഇന്ത്യയുടെ മുന്നേറ്റ താരം റോബിന്‍ സിങ്ങ് പുറത്തുപോകുകായും ചെയ്തു.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള രണ്ട് മത്സര പരമ്പരയിലെ ആദ്യ മത്സരമായിരുന്നു ഞായറാഴ്ച നടന്നത്. 2005-ല്‍ ഇന്ത്യയുടെ പാകിസ്ഥാന്‍ പര്യടനത്തിന് ശേഷം ആദ്യമായാണ് ഇരുടീമുകളും കളിക്കുന്നത്. 2008-ലെ മുംബൈ ഭീകരാക്രമണം രണ്ട് രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധങ്ങള്‍ മരവിപ്പിക്കുകയായിരുന്നു. ബംഗലൂരു ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരമ്പരയിലെ അടുത്ത മത്സരം ബുധനാഴ്ചയാണ്.