3ജി റോമിംഗ് സേവനങ്ങള്‍ക്കായി പ്രമുഖ ടെലികോം കമ്പനികള്‍ തമ്മില്‍ ഏര്‍പ്പെട്ട കരാര്‍ ലൈസന്‍സ് വ്യവസ്ഥകളുടെ ലംഘനമല്ലെന്ന് ടെലികോം തര്‍ക്ക പരിഹാര - അപ്പീല്‍ ട്രൈബ്യൂണല്‍ ചൊവ്വാഴ്ച വിധിച്ചു. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ എന്നീ കമ്പനികള്‍ക്ക് ടെലികോം വകുപ്പ് ചുമത്തിയ പിഴയും ട്രൈബ്യൂണല്‍ തള്ളി.
ഒരു കമ്പനി 3ജി സ്പെക്ട്രം ലേലം ചെയ്തെടുക്കാത്ത ടെലികോം സര്‍ക്കിളില്‍ മറ്റ് കമ്പനികളുടെ സ്പെക്ട്രം ഉപയോഗിച്ച് സേവനം നല്‍കുന്നതിനാണ് കമ്പനികള്‍ തമ്മില്‍ പരസ്പരം കരാറില്‍ ഏര്‍പ്പെട്ടത്.
കമ്പനികള്‍ തമ്മില്‍ ഏര്‍പ്പെട്ട കരാര്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഭാരതി എയര്‍ടെല്ലിന് 2013 മാര്‍ച്ച് 15-ന് ടെലികോം വകുപ്പ് 350 കോടി രൂപ പിഴ ചുമത്തിയിരുന്നു. കരാറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് വൊഡാഫോണിനും ഐഡിയയ്ക്കും സമാനമായ ഉത്തരവുകള്‍ വകുപ്പ് നല്‍കിയിരുന്നു. 3ജി സ്പെക്ട്രം ഇല്ലാത്ത ടെലികോം സര്‍ക്കിളുകളില്‍ പുതിയ 3ജി വരിക്കാരെ ചേര്‍ക്കുന്നതില്‍ നിന്നും സുപ്രീം കോടതി മൂന്ന്‍ കമ്പനികളേയും വിലക്കുകയും ചെയ്തിരുന്നു.