ഐ.പി.എല്‍ മാതൃകയില്‍ ഫുട്ബാളില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഫ്രാഞ്ചൈസികള്‍ക്കായി നടന്ന ലേലത്തില്‍ കൊച്ചി ടീമിനെ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കി. പി.വി.പി വെഞ്ച്വേര്‍സുമായി ചേര്‍ന്നാണ് ടീമിനെ സച്ചിന്‍ സ്വന്തമാക്കിയത്. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഐ.എസ്.എല്‍ ടൂര്‍ണമെന്റ് നടക്കുക. ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗലൂരു, പുണെ, ഗോവ, ഗുവാഹത്തി എന്നിവയാണ് ഐ.എസ്.എല്ലിലെ മറ്റ് ടീമുകള്‍.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി അടങ്ങുന്ന കണ്‍സോര്‍ഷ്യമാണ് കൊല്‍ക്കത്ത ടീമിനെ സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ്ബായ അതലെറ്റിക്കോ മാഡ്രിഡും ഈ കണ്‍സോര്‍ഷ്യത്തിലുണ്ട്.
ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ജോണ്‍ അബ്രഹാം, രണ്‍ബീര്‍ കപൂര്‍ എന്നിവരാണ് മറ്റ് മൂന്ന്‍ ടീമുകളെ ലേലത്തില്‍ പിടിച്ചത്. സല്‍മാന്‍ പുണെ ടീമും ജോണ്‍ അബ്രഹാം ഗുവാഹത്തി ടീമും രണ്‍ബീര്‍ മുംബൈ ടീമുമാണ് മറ്റ് പങ്കാളികള്‍ക്കൊപ്പം സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ഹൈദരാബാദ് ടീമിന്റെ ഉടമസ്ഥരായ ചെന്നൈയിലെ സണ്‍ ഗ്രൂപ്പ് ഐ.എസ്.എല്ലില്‍ ബെംഗലൂരു ടീമിനെ സ്വന്തമാക്കി. സമീര്‍ മന്‍ചന്ദയുടെ ഡെന്‍ നെറ്റ്വര്‍ക്ക് ആണ് ഡെല്‍ഹി ടീമിന്റെ ഉടമസ്ഥര്‍. വീഡിയോകോണ്‍, ഗോവയിലെ ഫുട്ബാള്‍ ക്ലബുകളായ സാല്‍ഗോക്കര്‍, ഡെമ്പോ എനിവരടങ്ങുന്ന കണ്‍സോര്‍ഷ്യമാണ് ഗോവ ടീമിനെ സ്വന്തമാക്കിയത്.
അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ വാണിജ്യ പങ്കാളികളായ ഐ.എം.ജി-റിലയന്‍സ് ആണ് സ്റ്റാര്‍ ഇന്ത്യയുടെ സഹകരണത്തോടെ ലീഗിന്റെ നടത്തിപ്പ് ചുമതല നിര്‍വ്വഹിക്കുക.