Skip to main content
ന്യൂഡല്‍ഹി

vk singh joins bjpയു.പി.എ സര്‍ക്കാറുമായുള്ള വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ മുന്‍ സൈനിക മേധാവി വി.കെ സിങ്ങ് ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ ശനിയാഴ്ച ബി.ജെ.പി ആസ്ഥാനത്തെത്തിയ വി.കെ സിങ്ങിനെ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി സന്ദര്‍ശിച്ച ശേഷമാണ് വി.കെ സിങ്ങ് പാര്‍ട്ടി ഓഫീസിലെത്തിയത്‌.

 

രാജ്യത്തെ സേവിക്കുന്നത് തുടരാനാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന്‍ സിങ്ങ് ഇന്ത്യാ ഗേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദേശീയവാദിയും തീരുമാനങ്ങളെടുക്കാന്‍ കെല്‍പ്പുള്ളതും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന്‍ സിങ്ങ് വിശേഷിപ്പിച്ചു. ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു സിങ്ങിന്റെ മറുപടി.

 

കഴിഞ്ഞ വര്‍ഷം ഹരിയാനയില്‍ വിമുക്തഭടരുടെ ഒരു റാലിയില്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്കൊപ്പം സിങ്ങ് വേദി പങ്കിട്ടിരുന്നു. എന്നാല്‍, ബി.ജെ.പിയില്‍ ചേരുന്ന കാര്യം അന്ന്‍ തള്ളിയ സിങ്ങ് അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നായിരുന്നു പറഞ്ഞത്.  

 

2012 മെയില്‍ വിരമിച്ച സിങ്ങ് ജനനത്തിയതി വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിലൂടെയാണ് വിവാദകേന്ദ്രമായത്. സൈനിക രേഖകളിലെ തന്റെ ജനനത്തിയതി തെറ്റാണെന്ന സിങ്ങിന്റെ വാദം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. സര്‍ക്കാറിനെതിരെ സൈനിക മേധാവി കോടതിയെ സമീപിക്കുന്ന ആദ്യ സന്ദര്‍ഭമായിരുന്നു അത്. കേസ് തോല്‍ക്കാനാണ് സാധ്യത എന്ന്‍ സുപ്രീം കോടതി ജഡ്ജിമാരുടെ പരാമര്‍ശം സൂചിപ്പിച്ചതോടെ 2013 ജനുവരിയില്‍ സിങ്ങ് കേസ് പിന്‍വലിച്ചു.