എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക ചൊവ്വാഴ്ച പുറത്തിറക്കി. കേന്ദ്രത്തില്‍ ശക്തമായ നേതൃത്വം വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രിക പ്രധാനമന്ത്രി പദവിയിലേക്കുള്ള ജയലളിതയുടെ ഉന്നം വ്യക്തമാക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറക്കിയ 45 പേജുള്ള രേഖ സമസ്ത മേഖലകളിലും അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള നയങ്ങള്‍ മുന്നോട്ടു വെക്കുന്നു.
ശക്തമായ നയതീരുമനങ്ങള് എടുക്കുന്നതിന് ശക്തമായ നേതൃത്വം ആവശ്യമാണെന്നും കേന്ദ്രത്തില്‍ പാര്‍ട്ടി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ എ.ഐ.എ.ഡി.എം.കെ അത്തരം നേതൃത്വം നല്‍കുമെന്ന് പ്രകടന പത്രിക പറയുന്നു. കേന്ദ്രത്തില്‍ അഴിമതി രഹിത സര്‍ക്കാറും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും നീതിപൂര്‍വ്വകമായി ഇടപെടുന്നതായിരിക്കും പാര്‍ട്ടി നേതൃത്വം നല്കുന്ന സര്‍ക്കാറെന്നും പ്രകടന പത്രികയില്‍ പറയുന്നു.
ഇടതുപാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലുമായുള്ള 40 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ ജയലളിത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.