Skip to main content
ചെന്നൈ

തമിഴ് കവിയും ഗാനരചയിതാവുമായ വാലി (82) അന്തരിച്ചു. ചെന്നൈയില്‍ ഒരു മാസത്തിലധികമായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്.

 

ചലച്ചിത്ര ഗാന രംഗത്ത് അഞ്ച് ദശകങ്ങളിലധികം നിറഞ്ഞുനിന്ന വാലി എം.ജി.ആര്‍ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. എങ്ക വീട്ടു പിള്ളൈയിലെ നാന്‍ ആണൈ ഇട്ടാല്‍ , അന്‍പേ വാ എന്ന ചിത്രത്തിലെ പുതിയ വാനം പുതിയ ഭൂമി തുടങ്ങിയ ഗാനങ്ങള്‍ ജനങ്ങളെ ഇളക്കി മരിക്കുകയും പിന്നീട് തമിഴ്‌നാട്‌ മുഖ്യമന്ത്രിയായ എം.ജി.ആറിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ അടിത്തറയായവയുമാണ്‌

 

തമിഴ് ഗാന രംഗത്തെ അതികായനായ കണ്ണദാസന്‍ തന്റെ പിന്‍ഗാമിയായാണ് വാലിയെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. ദാര്‍ശനിക മാനങ്ങളുള്ള വരികളും തട്ടുപൊളിപ്പന്‍ ഗാനങ്ങളും വാലിയുടെ തൂലികയില്‍ ഒരുപോലെ വിളഞ്ഞു. ജനനി ജനനി, യേശുദാസ് ആലപിച്ച അമ്മാ എന്ത്രഴിക്കാതൈ ഉയിരില്ലയെ തുടങ്ങിയ ഗാനങ്ങള്‍ അനുവാചകന്റെ മനസില്‍ അലകള്‍ തീര്‍ത്തപ്പോള്‍ ചിക്പുക് ചിക് പുക് റയിലെ, മുക്കാല മുക്കാബല തുടങ്ങിയ ഗാനങ്ങള്‍ അവരുടെ കാലടികളില്‍ ചുവടുകളായി.

 

1931-ല്‍ തിരുച്ചിയിലാണ് വാലി എന്ന തൂലികാ നാമം സ്വീകരിച്ച എസ്. രംഗരാജന്റെ ജനനം. ആദ്യം നാടകങ്ങളിലും പിന്നീട് ആകാശവാണിയിലും പ്രവര്‍ത്തിച്ച അനുഭവവുമായാണ് വാലി ചലച്ചിത്ര മേഖലയില്‍ കടക്കുന്നത്. അഴഗര്‍മലൈ കള്ളന്‍ എന്ന ചിത്രത്തിലൂടെ 1958-ലാണ് ചലച്ചിത്ര ഗാനരചന തുടങ്ങുന്നത്.