Skip to main content

മഴയില്‍ നനഞ്ഞ മാറക്കാനയില്‍ കാര്‍ണിവല്‍ അന്തരീക്ഷം സൃഷ്ടിച്ച സമാപന ചടങ്ങോടെ റിയൊ ഒളിമ്പിക്സിനു കൊടിയിറങ്ങി. മൂന്ന്‍ മണിക്കൂറുകള്‍ നീണ്ട ചടങ്ങ് ബ്രസീല്‍ കലയുടെ നിറപ്പകിട്ട് ലോകത്തിന് കാഴ്ചവെച്ചു. ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക് സമാപന ചടങ്ങിലെ പരേഡില്‍ ഇന്ത്യയുടെ പതാകയേന്തി

 

വിസ്മയാവാഹമായ നഗരത്തില്‍ നടന്ന വിസ്മയാവഹമായ ഒളിമ്പിക്സ് ആയിരുന്നു ഇതെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അദ്ധ്യക്ഷന്‍ തോമസ്‌ ബാക് പറഞ്ഞു. ബുദ്ധുമുട്ടിന്റെ സമയത്ത് ജീവിതത്തിന്റെ തടയാനാകാത്ത സന്തോഷം എകമനസായി കാഴ്ചവെച്ച ബ്രസീല്‍ ലോകത്തെ പ്രചോദിപ്പിച്ചതായും ബാക് കൂട്ടിച്ചേര്‍ത്തു. അടുത്ത ഒളിമ്പിക്സ് നടക്കുന്ന ടോക്കിയോ നഗരത്തിന്റെ മേയര്‍ യുറികോ കൊയ്കെയ്ക്ക് ഒളിമ്പിക് പതാക ബാക് കൈമാറി.

 

16 ദിവസം നീണ്ടുനിന്ന മുപ്പത്തി ഒന്നാം ഒളിമ്പിക്സില്‍ 11,303 കായികതാരങ്ങള്‍ ആണ് പങ്കെടുത്തത്. മെഡല്‍ പട്ടികയില്‍ 46 സ്വര്‍ണ്ണമടക്കം 121 മെഡല്‍ നേടി യു.എസ് ഒന്നാം സ്ഥാനത്തും 27 സ്വര്‍ണ്ണത്തോടെ 67 മെഡല്‍ നേടിയ ഗ്രേറ്റ് ബ്രിട്ടന്‍ രണ്ടാം സ്ഥാനത്തും 26 സ്വര്‍ണ്ണവുമായി 70 മെഡല്‍ നേടിയ ചൈന മൂന്നാം സ്ഥാനത്തും എത്തി. ബാഡ്മിന്റണില്‍ പി.വി സിന്ധുവിന്റെ വെള്ളിയും സാക്ഷിയുടെ വെങ്കലവും അടക്കം രണ്ട് മെഡല്‍ ഉള്ള ഇന്ത്യ 67ാം സ്ഥാനത്താണ്‌. ആകെ 206 രാജ്യങ്ങളും ഒരു അഭയാര്‍ഥി ടീമുമാണ് ഒളിമ്പിക്സില്‍ പങ്കെടുത്തത്.