ചരിത്രം കുറിച്ച് ക്യൂബ-യു.എസ് ബന്ധം സാധാരണ നിലയിലേക്ക്

Thu, 18-12-2014 02:53:00 PM ;
വാഷിംഗ്‌ടണ്‍

obama meets castro during mandela funeral

 

നയതന്ത്ര ബന്ധങ്ങള്‍ പുന:സ്ഥാപിക്കാനും സാമ്പത്തിക-യാത്രാ ബന്ധങ്ങള്‍ ആരംഭിക്കാനും ക്യൂബയും യു.എസും ബുധനാഴ്ച തീരുമാനിച്ചു. ശീതയുദ്ധകാലത്തിന്റെ അവശേഷിപ്പ് ആയി, അര നൂറ്റാണ്ടിലധികമായി തുടരുന്ന ഒരു ശത്രുതയ്ക്കാണ് ഇതോടെ വിരാമമാകുന്നത്.

 

സമീപകാലത്ത് സ്വീകരിച്ച വിശ്വാസവര്‍ധക നടപടികളുടെ ഒടുവിലാണ് നയതന്ത്ര ബന്ധങ്ങള്‍ പുന:സ്ഥാപിക്കുകയാണെന്ന പ്രഖ്യാപനം വന്നത്. ക്യൂബയിലെ ജയിലില്‍ കഴിയുന്ന ഒരു യു.എസ് പൌരനേയും പൗരനല്ലാത്ത ഒരു യു.എസ് ചാരനേയും യു.എസിലെ ജയിലില്‍ കഴിയുന്ന മൂന്ന്‍ ക്യൂബക്കാരേയും കഴിഞ്ഞ ദിവസം പരസ്പരം കൈമാറിയിരുന്നു.

 

ബന്ധം പുന:സ്ഥാപിക്കുന്ന പ്രഖ്യാപനം ക്യൂബാ പ്രസിഡന്റ് റൗള്‍ കാസ്ട്രോയും യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും തങ്ങളുടെ രാജ്യങ്ങളില്‍ ബുധനാഴ്ച ഒരേസമയത്ത് നടത്തി. ചൊവ്വാഴ്ച ഇരുനേതാക്കളും ഫോണില്‍ 45 മിനിട്ടോളം സംസാരിച്ചിരുന്നു. 1961-ന് ശേഷം രണ്ട് രാജ്യങ്ങളിലേയും പ്രസിഡന്റുമാര്‍ തമ്മില്‍ നടക്കുന്ന ഗൗരവകരമായ സംഭാഷണം ആണിത്.

 

ഒരു വര്‍ഷത്തോളമായി രണ്ട് രാഷ്ട്രങ്ങളുടേയും പ്രതിനിധികള്‍ തമ്മില്‍ വത്തിക്കാനിലും ക്യാനഡയിലും വെച്ച് രഹസ്യ സംഭാഷണങ്ങള്‍ നടന്നിരുന്നു. ഇതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തിപരമായ താല്‍പ്പര്യം എടുത്തിരുന്നതായും ബന്ധം പുന:സ്ഥാപിക്കാന്‍ അഭ്യര്‍ഥിച്ച് ഒബാമയ്ക്കും കാസ്ട്രോയ്ക്കും പ്രത്യേകം കത്തയച്ചിരുന്നതായും വത്തിക്കാന്‍ അറിയിച്ചു. സംഭാഷണങ്ങള്‍ക്ക് മുന്‍കൈ എടുത്തതിന് ഒബാമയും കാസ്ട്രോയും ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയ്ക്ക് നന്ദി പറഞ്ഞു.

 

നയതന്ത്ര ബന്ധങ്ങള്‍ പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി യു.എസ് ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ സ്ഥാനപതി കാര്യാലയം തുറക്കും. യു.എസ് കോണ്‍ഗ്രസ് ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക-യാത്രാ ഉപരോധം പൂര്‍ണ്ണമായി നീക്കുന്നതിനുള്ള അധികാരം പ്രസിഡന്റ് എന്ന നിലയില്‍ ഒബാമയ്ക്കില്ല. എന്നാല്‍, ഉപരോധ നടപടികളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

അതേസമയം, ഉപരോധം നീക്കുന്ന കാര്യത്തില്‍ യു.എസ് കോണ്‍ഗ്രസില്‍ സമവായമില്ല. കോണ്‍ഗ്രസിന്റെ രണ്ട് സഭകളുടേയും നിയന്ത്രണം ഒബാമയുടെ എതിര്‍കക്ഷിയായ റിപ്പബിക്ക്ലന്‍ പാര്‍ട്ടിയ്ക്ക് ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല.    

Tags: