ഹോംഗ് കോംഗിലെ ജനായത്ത പ്രക്ഷോഭകകരുമായി സര്‍ക്കാര്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. പ്രക്ഷോഭകര്‍ നഗരത്തിലെ സമരകേന്ദ്രത്തില്‍ തമ്പടിച്ച് കഴിയുകയാണ്. ഏകദേശം 200 പ്രക്ഷോഭകര്‍ ബുധനാഴ്ച പ്രവിശ്യയുടെ ചീഫ് എക്സിക്യൂട്ടീവ് ല്യൂംഗ് ക്ഷന്‍യിംഗിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.
2017-ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ ചൈനീസ് അധികൃതര്‍ പുറത്തുവിട്ടതോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്. പ്രവിശ്യയുടെ മുഖ്യഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകുമെങ്കിലും ബീജിംഗ് അംഗീകരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് മാത്രമേ മത്സരിക്കാന്‍ കഴിയൂ. ഇതിനെതിരെയാണ് പ്രധാനമായും വിദ്യാര്‍ഥികളുടെ മുന്‍കൈയ്യില്‍ പ്രക്ഷോഭം നടക്കുന്നത്.
ചൊവ്വാഴ്ച പ്രക്ഷോഭകാരികളെ പ്രതിനിധീകരിച്ച് അഞ്ച് പേരും അഞ്ച് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത തുറന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍, ഹോംഗ് കോംഗ് നിയമമനുസരിച്ച് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ സ്വതന്ത്രമായി നാമനിര്‍ദ്ദേശം ചെയ്യാന്‍ അനുവദിക്കാന്‍ ആകില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന സമിതിയെ കൂടുതല്‍ ജനാധിപത്യപരമാക്കാമെന്ന് ല്യൂംഗ് പറഞ്ഞു. പ്രക്ഷോഭകരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ചകള്‍ ഫലം കണ്ടില്ല.
ബ്രിട്ടന്റെ കോളനിയായിരുന്ന ഹോംഗ് കോംഗ് 1947-ല്‍ ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ച് 1997-ലാണ് വീണ്ടും ചൈനയുടെ ഭാഗമായത്. ഹോംഗ് കോംഗില്‍ നിലവിലുള്ള ഭരണ വ്യവസ്ഥ 2047 വരെ തുടരാമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഒരു രാഷ്ട്രം, രണ്ട് വ്യവസ്ഥ എന്ന ഈ തത്വമനുസരിച്ച് ചൈനയുടെ പ്രത്യേക ഭരണ പ്രവിശ്യയാണ് ഹോംഗ് കോംഗ്.
ഏകദേശം ഒരുമാസമായി തുടരുന്ന പ്രക്ഷോഭം 1989-ല്‍ ബീജിങ്ങില്‍ തിയനന്‍മന്‍ ചത്വരം കേന്ദ്രീകരിച്ച് നടന്ന പ്രക്ഷോഭത്തിനു ശേഷം ചൈന കാണുന്ന ഏറ്റവും വലിയ ജനായത്ത പ്രക്ഷോഭമായി മാറുകയാണ്. ഈ മാസമാദ്യം തുടങ്ങിയ പ്രക്ഷോഭത്തിന്‍റെ തുടക്കത്തില്‍ ഒരു ലക്ഷത്തോളം പേരുടെ പങ്കാളിത്തമുണ്ടായിരുന്ന്. ഒരാഴ്ചയിലേറെ നഗരത്തില്‍ തമ്പടിച്ച് കഴിഞ്ഞതിന് ശേഷം ഭൂരിഭാഗം വിദ്യാര്‍ഥികളും സര്‍വ്വകലാശാലകളിലേക്കും മറ്റും മടങ്ങിയിരുന്നു. എന്നാല്‍, ഇപ്പോഴും ആയിരക്കണക്കിന് പ്രക്ഷോഭകര്‍ നഗരത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രക്ഷോഭം പൊതുവേ സമാധാനപരമാണെങ്കിലും ചൈന-അനുകൂലികള്‍ പ്രക്ഷോഭത്തിന് നേരെ നടത്തിയ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു. പ്രക്ഷോഭകാരികള്‍ നഗരത്തിലെ തെരുവുകള്‍ തടസ്സപ്പെടുത്തുന്നതിനെതിരെ ടാക്സി ഡ്രൈവര്‍മാര്‍ ഹൈക്കോടതിയില്‍ നിന്ന്‍ ഉത്തരവ് സമ്പാദിച്ചിരുന്നു. എന്നാല്‍, പ്രക്ഷോഭകരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‍ ഇത് നടപ്പിലാക്കാന്‍ പോലീസ് തയ്യാറാകാത്തതിനെ തുടര്‍ന്ന്‍ ബുധനാഴ്ച ഡ്രൈവര്‍മാര്‍ നേരിട്ട് ബാരിക്കേഡുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയിരിക്കുകയാണ്.