ഹോംഗ് കോംഗിലെ ജനായത്ത പ്രക്ഷോഭകര്‍ ശനിയാഴ്ച രാവിലെയോടെ പ്രധാന സമരകേന്ദ്രത്തില്‍ വീണ്ടും തമ്പടിച്ചു. പോലീസുമായി വെള്ളിയാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ബലപ്രയോഗത്തിനൊടുവിലാണ് ബുധനാഴ്ച തങ്ങളെ ഒഴിപ്പിച്ച മോംഗ് കൊക് തെരുവ് ആയിരക്കണക്കിന് വരുന്ന പ്രക്ഷോഭകര്‍ വീണ്ടും കയ്യടക്കിയത്. ക്രമസമാധാനത്തിനും പൊതുജനങ്ങളുടെ സുരക്ഷയ്കും വെല്ലുവിളി ഉയര്‍ത്തുകയാണ് പ്രക്ഷോഭകര്‍ എന്ന്‍ പോലീസ് മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരിയ സംഘര്‍ഷങ്ങളില്‍ 15 പോലീസുകാരടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. 26 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും കുരുമുളക് പൊടി പ്രയോഗിക്കുകയും ചെയ്തെങ്കിലും അവസാനം പിന്മാറുകയായിരുന്നു. തുടര്‍ന്ന്‍ പ്രക്ഷോഭകര്‍ സമരകേന്ദ്രത്തിനു ചുറ്റും ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
മൂന്നാഴ്ചയായി തുടരുന്ന പ്രക്ഷോഭം 1989-ല്‍ ബീജിങ്ങില്‍ തിയനന്‍മന്‍ ചത്വരം കേന്ദ്രീകരിച്ച് നടന്ന പ്രക്ഷോഭത്തിനു ശേഷം ചൈന കാണുന്ന ഏറ്റവും വലിയ ജനായത്ത പ്രക്ഷോഭമായി മാറുകയാണ്. 2017-ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ ചൈനീസ് അധികൃതര്‍ പുറത്തുവിട്ടതോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്. പ്രവിശ്യയുടെ മുഖ്യഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകുമെങ്കിലും ബീജിംഗ് അംഗീകരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് മാത്രമേ മത്സരിക്കാന്‍ കഴിയൂ. ഇതിനെതിരെയാണ് പ്രധാനമായും വിദ്യാര്‍ഥികളുടെ മുന്‍കൈയ്യില്‍ പ്രക്ഷോഭം നടക്കുന്നത്.
ഈ മാസമാദ്യം തുടങ്ങിയ പ്രക്ഷോഭത്തിന്‍റെ തുടക്കത്തില്‍ ഒരു ലക്ഷത്തോളം പേരുടെ പങ്കാളിത്തമുണ്ടായിരുന്ന്. ഒരാഴ്ചയിലേറെ നഗരത്തില്‍ തമ്പടിച്ച് കഴിഞ്ഞതിന് ശേഷം ഭൂരിഭാഗം വിദ്യാര്‍ഥികളും സര്‍വ്വകലാശാലകളിലേക്കും മറ്റും മടങ്ങിയിരുന്നു. എന്നാല്‍, ഇപ്പോഴും ആയിരക്കണക്കിന് പ്രക്ഷോഭകര്‍ നഗരത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭം പൊതുവേ സമാധാനപരമാണെങ്കിലും ചൈന-അനുകൂലികള്‍ പ്രക്ഷോഭത്തിന് നേരെ നടത്തിയ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു.
ബ്രിട്ടന്റെ കോളനിയായിരുന്ന ഹോംഗ് കോംഗ് 1947-ല്‍ ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ച് 1997-ലാണ് വീണ്ടും ചൈനയുടെ ഭാഗമായത്. ഹോംഗ് കോംഗില്‍ നിലവിലുള്ള ഭരണ വ്യവസ്ഥ 2047 വരെ തുടരാമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഒരു രാഷ്ട്രം, രണ്ട് വ്യവസ്ഥ എന്ന ഈ തത്വമനുസരിച്ച് ചൈനയുടെ പ്രത്യേക ഭരണ പ്രവിശ്യയാണ് ഹോംഗ് കോംഗ്.