Skip to main content

 

വാങ്ങല്‍ശേഷിയിലെ തുല്യതയുടെ (പി.പി.പി) അടിസ്ഥാനത്തില്‍ ചൈന ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ ആയതായി അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐ.എം.എഫ്) ഏകദേശ കണക്കുകള്‍. 2014-ല്‍ ചൈനയുടെ പി.പി.പി അനുസരിച്ച് തിട്ടപ്പെടുത്തിയ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജി.ഡി.പി) 17.6 ട്രില്ല്യന്‍ ഡോളര്‍ ആയതായി ഐ.എം.എഫ് കണക്കുകള്‍ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. 17.4 ട്രില്ല്യന്‍ ഡോളര്‍ ആണ് യു.എസിന്റെ സമാന ജി.ഡി.പി.

 

ആഗോള ജി.ഡി.പിയുടെ 16.48 ശതമാനമാണ് ചൈനയുടെ പങ്ക്. യു.എസിന്റേത് 16.28 ശതമാനവും. രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി താരതമ്യം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മാനകമായാണ് വാങ്ങല്‍ശേഷിയിലെ തുല്യത പരിഗണിക്കുന്നത്. വിനിമയ നിരക്കുകള്‍ പലപ്പോഴും രാജ്യങ്ങളിലെ വസ്തുക്കളുടേയും സേവനങ്ങളുടേയും യഥാര്‍ത്ഥ മൂല്യം വെളിപ്പെടുത്തണമെന്നില്ല. ഇത് കണക്കിലെടുക്കാനാണ് പി.പി.പി തിട്ടപ്പെടുത്തുന്നത്.  

 

ഏകദേശ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള പ്രവചനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് ചൈന ഇപ്പോള്‍ യു.എസിനെ മറികടന്ന്‍ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ ആയിക്കൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ വ്യക്തമായ കണക്കുകള്‍ പുറത്തുവരും.

 

1872-ല്‍ യു.കെയെ മറികടന്ന്‍ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ ആയതിന് ശേഷം ഇതുവരെ നിലനിര്‍ത്തിയ സ്ഥാനത്ത് നിന്നാണ് യു.എസ് ഇപ്പോള്‍ വഴിമാറുന്നത്. നേരത്തെ, ചൈന 2019-ഓടെ മാത്രമേ യു.എസിനെ മറികടക്കുകയുള്ളൂ എന്നായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്.

 

ഐ.എം.എഫ് കണക്കുകള്‍ അനുസരിച്ച് 2015-ല്‍ ചൈനയുടേയും യു.എസിന്റേയും ജി.ഡി.പിയിലുള്ള വ്യത്യാസം ഒരു ട്രില്ല്യന്‍ ഡോളര്‍ ആകും. ചൈനയുടെ പി.പി.പി അനുസരിച്ച് തിട്ടപ്പെടുത്തിയ ജി.ഡി.പി 19.23 ട്രില്ല്യന്‍ ഡോളറും യു.എസിന്റേത് 18.28 ഡോളറും ആകുമെന്നാണ് പ്രവചനം.

 

അതേസമയം, യഥാര്‍ത്ഥ ജി.ഡി.പി കണക്കുകളില്‍ യു.എസ് ചൈനയില്‍ നിന്ന്‍ ഇപ്പോഴും ബഹുദൂരം മുന്നിലാണ്. യു.എസിന്റെ സമ്പദ്വ്യവസ്ഥയുടെ മൂല്യം 16.8 ട്രില്ല്യന്‍ ഡോളര്‍ ആയിരിക്കുമ്പോള്‍ ചൈനയുടെ 10.4 ട്രില്ല്യന്‍ ഡോളര്‍ ആണ്.