ആഗോള താപനത്തിന്റെ പ്രധാന കാരണമായ കാര്‍ബണ്‍ ഡയോക്സൈഡ് മലിനീകരണത്തില്‍ ചൈന ഒന്നാമത്. അഭിമാനകരമല്ലാത്ത ഈ പാരിസ്ഥിതിക സൂചികയില്‍ യു.എസിന് പിന്നില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. കാര്‍ബണ്‍ പുറന്തള്ളലില്‍ രാജ്യം വൈകാതെ യൂറോപ്പിനെ മറികടക്കുമെന്നും പഠനം.
ആഗോള ശരാശരിയേക്കാളും 45 ശതമാനത്തിലും അധികമാണ് ചൈനയുടെ മലിനീകരണ നിരക്കെന്ന്‍ ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്റ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം പ്രതിശീര്‍ഷ കണക്കുകളില്‍ ആദ്യമായി യൂറോപ്പിനെ മറികടന്ന്‍ രണ്ടാം സ്ഥാനത്തെത്തി. പ്രതിശീര്‍ഷ മലിനീകരണ നിരക്കില്‍ യു.എസാണ് ഒന്നാമത്.
എന്നാല്‍, യൂറോപ്യന്‍ യൂണിയനിലെ 28 അംഗരാഷ്ട്രങ്ങളും യു.എസും കൂടി പുറന്തള്ളുന്നതിലും അധികമാണ് ആഗോള കാര്‍ബണ്‍ മലിനീകരണത്തില്‍ ചൈനയുടെ പങ്കാളിത്തം. 2013-ലെ കാര്‍ബണ്‍ പുറന്തള്ളലില്‍ 28 ശതമാനവും ചൈനയില്‍ നിന്നാണ്. ഇ.യു (14 ശതമാനം) യു.എസ് (പത്ത് ശതമാനം), ഇന്ത്യ (ഏഴ് ശതമാനം) എന്നിവരാണ് പുറകില്‍. ലോകത്തെ കാര്‍ബണ്‍ മലിനീകരണത്തിന്റെ 59 ശതമാനവും ഈ നാല് പ്രദേശങ്ങളിലാണ്.
ഇപ്പോഴത്തെ ഗതി തുടര്‍ന്നാല്‍ ഇന്ത്യ വൈകാതെ തന്നെ യൂറോപ്പിനെ മറികടക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2012-ലും 2013-ലും മലിനീകരണത്തിന്റെ വളര്‍ച്ചാ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയാണ്. 5.1 ശതമാനമാണ് ഈ വര്‍ഷങ്ങളിലെ ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളലിലെ വര്‍ധന. ചൈനയില്‍ ഇത് 4.2 ശതമാനവും യു.എസില്‍ 2.9 ശതമാനവും ആണ്. അതേസമയം, ഇ.യു കാര്‍ബണ്‍ പുറന്തള്ളലില്‍ 1.8 ശതമാനം കുറവ് രേഖപ്പെടുത്തി.
2014-ല്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളല്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും 2.4 ശതമാനം വര്‍ധിച്ച് 4,000 ടണ്‍ എന്ന പുതിയ റെക്കോഡ് ഉയരത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. 1990-ലെ നിരക്കുകളേക്കാള്‍ 65 ശതമാനം വര്‍ധന ആയിരിക്കും ഇത്. കാര്‍ബണ്‍ മലിനീകരണം നിയന്ത്രിക്കാന്‍ കൊണ്ടുവന്ന ആഗോള ഉടമ്പടിയായ ക്യോട്ടോ പ്രോട്ടോക്കോള്‍ അനുസരിച്ച് 2012-നകം ഫോസില്‍ ഇന്ധന മലിനീകരണ നിരക്കുകള്‍ 1990-ലെ നിരക്കുകള്‍ക്ക് സമാനമായി കുറയ്ക്കണം എന്നാണ് ലക്ഷ്യമിട്ടിരുന്നത്.
സാധ്യമായ ഫോസില്‍ ഇന്ധന മലിനീകരണത്തിന്റെ മൂന്നില്‍ രണ്ടും മനുഷ്യവംശം 1870-ന് ശേഷമാണ് നടത്തിയതെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ച യൂറോപ്പും രണ്ടാം വ്യവസായ വിപ്ലവത്തിന്റെ ഉറവിടമായി കണക്കാക്കുന്ന യു,.എസുമാണ് തിരുത്താനാകാത്ത ദോഷങ്ങള്‍ ഭൂമിയ്ക്ക് സൃഷ്ടിക്കുന്ന ഈ മലിനീകരണത്തിന്റെ പ്രധാന പങ്കും വഹിച്ചത്. സമാനമായ രീതിയില്‍ മറ്റൊരു വ്യവസായ വിപ്ലവം ലക്ഷ്യം വെക്കുന്ന ചൈനയും ഇന്ത്യയും മലിനീകരണത്തിലും ഈ രാജ്യങ്ങളെ പിന്തുടരുകയാണ്.