ദക്ഷിണ കൊറിയയില്‍ കടലില്‍ മുങ്ങിയ യാത്രാകപ്പലില്‍ നിന്ന്‍ ഒരു മൃതദേഹം ചൊവ്വാഴ്ച കണ്ടെടുത്തു. ശക്തമായ കാറ്റും തിരമാലകളും കാരണം മൂന്ന്‍ ദിവസമായി നിര്‍ത്തിവെച്ചിരുന്ന തിരച്ചില്‍ ഇന്നാണ് വീണ്ടും ആരംഭിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന 27 പേരെക്കൂടി കണ്ടെടുക്കാനുണ്ട്.
ഏപ്രില്‍ 16-ന് നടന്ന അപകടത്തില്‍ മരിച്ച 276 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 467 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 300-ല്‍ അധികം പേര്‍ സോളിലെ ഒരു ഹൈസ്കൂളില്‍ നിന്ന്‍ പഠനയാത്രയ്ക്ക് പുറപ്പെട്ട വിദ്യാര്‍ഥികളായിരുന്നു.
മോശം കാലാവസ്ഥയും കപ്പലില്‍ അവശിഷ്ടങ്ങള്‍ ഒഴുകി നടക്കുന്നതിനും പുറമേ കപ്പല്‍ തകരാന്‍ തുടങ്ങുന്നതും തിരച്ചിലിനെ ബാധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ചുമരുകള്‍ തകര്‍ന്നതിനാല്‍ പല മുറികളിലും പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് ദൗത്യസേനയുടെ വക്താവ് കൊ മ്യുങ്ങ്-സുക് പറഞ്ഞു.
172 പേരാണ് അപകടത്തില്‍ നിന്ന്‍ രക്ഷപ്പെട്ടത്. 29 കപ്പല്‍ ജീവനക്കാരില്‍ 22 പേരും ഇതില്‍പ്പെടും. ഇതില്‍ 15 പേരും ഉടമ അടക്കം കപ്പല്‍ കമ്പനിയിലെ എതാനും പേരും അറസ്റ്റിലാണ്.