Skip to main content
സോള്‍

south korea pm resignsമുന്നൂറില്‍ അധികം പേര്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്ത യാത്രാകപ്പല്‍ അപകടത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ചുംഗ് ഹോങ്ങ്-വന്‍ രാജിവെച്ചു. രാഷ്ട്രത്തോട് നടത്തിയ ടെലിവിഷന്‍ സംബോധനയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ഉണ്ടായ അപര്യാപ്തമായ പ്രതികരണത്തിന് അപകടത്തിന് ഇരകളായവരുടെ കുടുംബങ്ങളോട് ചുംഗ് ഹോങ്ങ്-വന്‍ ക്ഷമ ചോദിച്ചു.

 

ഏപ്രില്‍ 16-ന് നടന്ന അപകടത്തെ തുടര്‍ന്ന്‍ സ്ഥാനം നഷ്ടപ്പെടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിയാണ് ചുംഗ് ഹോങ്ങ്-വന്‍. അപകടത്തിന് ശേഷമുള്ള സര്‍ക്കാറിന്റെ പ്രതികരണം ദക്ഷിണ കൊറിയന്‍ ജനതയില്‍ കടുത്ത രോഷവും ദു:ഖവും ഉളവാക്കിയിരുന്നു.   

 

മുങ്ങിയ സെവോള്‍ കപ്പലില്‍ നിന്ന്‍ രക്ഷാപ്രവര്‍ത്തകര്‍ ഇതിനകം 187 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 115 പേരെക്കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ട്. മോശം കാലാവസ്ഥ കാരണം ശനിയാഴ്ച തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രവേശിക്കാന്‍ ദുഷ്കരമായ ഭാഗങ്ങളിലാണ് ഇനി തിരച്ചില്‍ നടത്താനുള്ളതെന്നും മുങ്ങല്‍ വിദഗ്ദ്ധര്‍ പറയുന്നു. ലൈഫ് ജാക്കറ്റുകള്‍ ധരിച്ച 48 പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ഒരു ചെറിയ മുറിയില്‍ നിന്ന്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.

Tags