ഇസ്ലാമാബാദ്: ന്യായാധിപന്മാരെ തടവില്‍ വച്ച കുറ്റത്തിന് പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ പാകിസ്താന്‍ തീവ്രവാദ വിരുദ്ധ കോടതി കുറ്റം ചുമത്തി. 2007-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്താണ് പന്ത്രണ്ടിലേറെ ന്യായാധിപന്മാരെ മുഷറഫ് തടവിലാക്കിയത്. അറസ്റ്റിലായ മുഷറഫിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഫാംഹൗസില്‍ എത്തിയാണ് വിചാരണ ആരംഭിച്ചത്. എന്നാല്‍ വിചാരണക്കിടെ മുഷറഫ് കുറ്റം നിഷേധിച്ചു.
ശക്തമായ തീവ്രവാദ വിരുദ്ധ നിയമവും പാക്കിസ്ഥാന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും മുഷറഫിനെതിരേ ചുമത്തിയിട്ടുണ്ട്. ചൗധരി മുഹമ്മദ് ആസിയാം ഗുമാന്‍ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഷറഫിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇഫ്തികര്‍ ചൗധരി ഉള്‍പ്പടെയുള്ളവരെയാണ് മുഷറഫ് തടവില്‍ പാര്‍പ്പിച്ചത്.
കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് മുഷറഫ് അറസ്റ്റിലായത്. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി സ്വന്തം ഫാം ഹൗസ് തന്നെ ജയിലായി പ്രഖ്യാപിച്ച് കനത്ത സുരക്ഷയില്‍ മുഷറഫിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.