Skip to main content

suicide rates high in bangalore

 

പൂന്തോട്ടങ്ങളുടെ നഗരം, ഐ.ടി തലസ്ഥാനം എന്നിങ്ങനെ വിഖ്യാതമായ ബെംഗലൂരു നഗരത്തിന് ഒരു പുതിയ വിശേഷണം കൂടി കൈവന്നിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന നഗരം.

 

എല്ലാ സംസ്കാരങ്ങളേയും ഭാഷകളേയും ഒരുപോലെ ഉള്‍ക്കൊണ്ടിരുന്ന ഈ കോസ്മോപോളിറ്റന്‍ നഗരത്തില്‍ കഴിഞ്ഞ നാലുമാസത്തില്‍ 550 പേര്‍ ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മെട്രോ നഗരങ്ങളില്‍ മുംബൈയേയും കൊല്‍ക്കത്തയേയും പിന്തള്ളിയാണ് ഇന്ത്യയുടെ സിലിക്കോണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗലൂരു ഈ അപഖ്യാതി കൈവരിച്ചത്. ആത്മഹത്യയുടെ കാര്യത്തില്‍ നാലാം സ്ഥാനം കര്‍ണ്ണാടകത്തിലെ തന്നെ മംഗലാപുരം നഗരത്തിനാണ്‌.  

 

ദേശീയ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പഠനറിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം മെയ് മുതല്‍ ആഗസ്ത് വരെയുള്ള കാലയളവില്‍ നടന്ന ആത്മഹത്യയുടെ കണക്കുകളാണ് ഇത്.

 

യുവാക്കളുടെ ഇടയിലാണ് ആത്മഹത്യാ പ്രേരണ കൂടുതലായി കണ്ടുവരുന്നത്. അണുകുടുംബങ്ങളും അധിക ജോലിഭാരവും ആത്മഹത്യ പെരുകുന്നതിനുള്ള പ്രേരകശക്തിയായി പറയപ്പെടുന്നു. ഐ.ടി മേഖലയില്‍ ജോലിചെയ്യുന്നവരില്‍ കൂടുതലും പേര്‍ 35 വയസ്സില്‍ താഴെയുള്ളവരാണ്. ജോലിക്കാരായ ഭാര്യാഭര്‍ത്താക്കന്മാര്‍ സ്വകാര്യ ജീവിതത്തിന് ചെലവഴിക്കുന്ന സമയം കുറയുന്നത് കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിവെക്കുന്നതായും ഇത് ആത്മഹത്യയിലേക്ക് നയിക്കുന്നതായും പഠനം സൂചിപ്പിക്കുന്നു.

 

ജോലിക്കാരായ മാതാപിതാക്കളുള്ള കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കുട്ടികള്‍ പഠനത്തില്‍ പിന്തള്ളപ്പെടുകയും വഴിപിഴച്ച ജീവിതശൈലികള്‍ക്ക് അടിമകളാകുകയും ചെയ്യുന്നത് ഒരു പരിധി വരെ യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്നു.

 

വന്‍കിട കമ്പനികളുടെ വ്യാവസായിക വളര്‍ച്ചയും ബെംഗലൂരുവിനെ പ്രമുഖ വ്യാവസായിക നഗരമായി ഉയര്‍ത്തിയെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യം ഒട്ടനവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. ഇത് കൂടുതലായി അനുഭവപ്പെട്ടത് ഐ.ടി. മേഖലയിലാണ്. തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്നുള്ള സമ്മര്‍ദ്ദങ്ങളും ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ പെടുന്നു.

 

സ്ത്രീധന പീഡനങ്ങളും ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമാണ്. കെട്ടിലും മട്ടിലും പ്രൌഡഗംഭീരമായ ഈ ഉദ്യാനനഗരത്തില്‍ ദരിദ്രനാരായണന്മാര്‍ ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലുണ്ട്. ഇതും ആത്മഹത്യാതോത് വര്‍ധിപ്പിക്കാന്‍ കാരണമാകുന്നെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ആത്മഹത്യയില്‍ സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ മുന്‍പിലാണ്. ആകെ നടന്ന 550 ആത്മഹത്യകളില്‍ 400 പേരും പുരുഷന്മാരാണ്.

 

ബെംഗലൂരുവില്‍ ഒരു സ്വകാര്യസ്ഥാപനത്തിലെ എച്ച്.ആര്‍ മാനേജരാണ് സോമന്‍ എന്‍.പി.

Tags